കർശന നിയന്ത്രണങ്ങളോടെ പ്രവാസികളുടെ മൃതദേഹങ്ങൾ എത്തിക്കാൻ അനുമതി നൽകി കേന്ദ്രം.
കടുത്ത സമ്മർദ്ദങ്ങളെ തുടർന്ന് പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുവരാനുള്ള വിലക്ക് കേന്ദ്ര സർക്കാർ നീക്കി.
വിദേശകാര്യ, ആരോഗ്യ മന്ത്രാലയങ്ങളുടെ നിയമങ്ങൾ കർശനമായി പാലിച്ച് മൃതദേഹങ്ങൾ നാട്ടിലേക്ക് അയക്കാമെന്നാണ് കേന്ദ്ര ഉത്തരവിൽ പറയുന്നത്. പ്രവാസ ലോകത്ത് നിന്നുള്ള കടുത്ത സമ്മർദ്ദങ്ങളെ തുടർന്നാണ് നടപടി.
കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ച മൃതദേഹങ്ങൾ കൊണ്ടുവരാൻ സാധിക്കില്ല. യാത്രാ വിമാനങ്ങൾ ഇല്ലാത്തതിനാൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ള കാർഗോ വിമാനങ്ങൾ വഴിയാണ് മൃതദേഹങ്ങൾ എത്തിച്ചിരുന്നത്.
ഇതിനിടെയാണ് മൃതദേഹങ്ങൾ വിലക്കി കേന്ദ്ര ഗവണ്മെന്റ് സർക്കുലർ പുറപ്പെടുവിച്ചത്. ഇതറിയാതെ അബുദാബിയിൽ നിന്ന് ഡൽഹിയിലേക്ക് അയച്ച മൃതദേഹങ്ങൾ മടക്കി അയച്ചിരുന്നു. ഇത് കേന്ദ്രത്തിനെതിരെ വ്യാപക പ്രതിഷേധത്തിനിടയാക്കി.
ഇന്ത്യൻ എംബസിയുടെ അടക്കം അനുമതിയോടെ അയച്ച മൃതദേഹങ്ങളാണ് കേന്ദ്രത്തിന്റെ അനുമതിയില്ലെന്ന് പറഞ്ഞ് ഡൽഹി വിമാനത്താവള അധികൃതർ മടക്കിയത്. എംബാം ചെയ്തതിനാൽ മോർച്ചറിയിലേക്ക് മാറ്റാൻ കഴിയാത്തത്കൊണ്ട് നിലവിൽ അബുദാബി വിമാനത്താവളത്തിൽ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹങ്ങൾ.
ഇന്ത്യയിലേക്കുള്ള മൃതദേഹങ്ങളുടെ യാത്രാ വിലക്ക് നിമിത്തം 27 ഇന്ത്യൻ പൗരന്മാരുടെ മൃതദേഹങ്ങളാണ് യുഎഇ മോർച്ചറികളിൽ സൂക്ഷിച്ചിരിക്കുന്നത്. കുവൈറ്റിലും രണ്ട് മലയാളികളുടെ മൃതദേഹങ്ങൾ ഇതിനെ തുടർന്ന് എംബാമിങ്ങിനു ശേഷം നാട്ടിലേക്കയക്കാനാവാതെ സൂക്ഷിച്ചിരിക്കുകയാണ്.
കേന്ദ്രത്തിന്റെ വിലക്ക് നീങ്ങിയതോടെ കോവിഡ് ഒഴികെയുള്ള രോഗങ്ങളാലോ മറ്റോ മരിച്ച പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലേക്കയക്കാൻ വഴി തെളിഞ്ഞിരിക്കുകയാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa