സൗദിയിൽ കൊറോണ ഇല്ലാതാകുന്ന ദിവസത്തെ സംബന്ധിച്ച റിപ്പോർട്ടുകളെ ആരോഗ്യ മന്ത്രാലയം തള്ളി
ജിദ്ദ: സൗദി അറേബ്യയിലെ കൊറോണ വൈറസിൻ്റെ സാന്നിദ്ധ്യം എന്ന് അവസാനിക്കുമെന്നതിനെക്കുറിച്ച് പ്രസിദ്ധീകരിക്കുന്ന റിപ്പോർട്ടുകളും പഠനങ്ങളും കൃത്യമല്ലാത്തതും വിശ്വസനീയമല്ലാത്തതുമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി പ്രസ്താവിച്ചു.
അതേ സമയം ഇത് വരെ രാജ്യത്തുണ്ടായ കൊറോണ മരണങ്ങളിൽ ഭൂരിപക്ഷവും മാറാവ്യാധികളോ മറ്റു അസുഖങ്ങളോ ഉള്ളവരായിരുന്നെങ്കിൽ കഴിഞ്ഞ ദിവസം യാതൊരു തരത്തിലുള്ള അസുഖങ്ങളും ഇല്ലാത്ത ഒരു വ്യക്തിയുടെ മരണവും രേഖപ്പെടുത്തിയതായി ഡോ:മുഹമ്മദ് അബ്ദുൽ ആലി പറഞ്ഞു. മന്ത്രാലയ വാക്താവിൻ്റെ ഈ അറിയിപ്പ് പൂർണ്ണ ആരോഗ്യവാന്മാരും വൈറസ് ബാധിക്കുന്നതിനെ പ്രതിരോധിക്കുന്നതിനുള്ള നടപടികളിൽ വീഴ്ച വരുത്തരുതെന്ന് ഓർമ്മപ്പെടുത്തുന്നതാണ്.
പുതുതായി 1197 പേർക്ക് കൂടി കൊറോണ ബാധിച്ചതോടെ സൗദിയിൽ ഇത് വരെ കൊറോണ ബാധിച്ചവരുടെ എണ്ണം 16299 ആയി ഉയർന്നിട്ടുണ്ട്. ഇതിൽ 13,948 കേസുകളാണു ചികിത്സയിൽ ഉള്ളത്.
115 പേർ കൂടി രോഗമുക്തരായതോടെ സൗദിയിൽ ഇത് വരെ കൊറോണയിൽ നിന്ന് മുക്തി നേടിയവരുടെ എണ്ണം 2215 ആയി ഉയർന്നത് ഏറെ പ്രതീക്ഷയും ആശ്വാസവും നൽകുന്നുണ്ട്. പുതുതായി 9 മരണം കൂടി രേഖപ്പെടുത്തിയതോടെ സൗദിയിലെ ആകെ കൊറോണ മരണം 136 ആയിട്ടുണ്ട്. നിലവിൽ 115 പേർ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്.
മക്കയിലും ജിദ്ദയിലുമാണു കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ വൈറസ് ബാധ രേഖപ്പെടുത്തിയത്. മക്കയിൽ 364 ഉം ജിദ്ദയിൽ 271 ഉം പേർക്കാണു വൈറസ് ബാധയേറ്റത്. റിയാദിൽ 170, മദീനയിൽ 120, ഖോബാറിൽ 45, ദമാമിൽ 43 എന്നിങ്ങനെയാണു പ്രധാനമായും വൈറസ് ബാധയേറ്റ മറ്റു സ്ഥലങ്ങളിലെ കണക്കുകൾ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa