പാസ്പോർട്ട് ചുണ്ടോട് ചേർത്ത് അഭിമാനത്തോടെ അവർ പറഞ്ഞു ”ഈ രാജ്യം ഞങ്ങളുടെ ഹൃദയത്തിലാണ്, ഞങ്ങൾ ഈ നാടിനായി സമർപ്പിതരാണ്” :സ്‌പെയിനിൽ നിന്ന് തിരിച്ചെത്തിയ സൗദി പൗരന്മാർ ആഹ്ലാദം പങ്കിട്ടതിങ്ങനെ
ജിദ്ദ: സ്പാനിഷ് തലസ്ഥാനമായ മാഡ്രിഡിൽ നിന്ന് സൗദിയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പൗരന്മാരുടെ തിരിച്ചുവരവിനായി നിയോഗിക്കപ്പെട്ട ആദ്യത്തെ വിമാനങ്ങൾ ഹായിൽ ഇന്റർനാഷണൽ എയർപോർട്ടിൽ ലാൻ്റ് ചെയ്തു. പൗരന്മാരെ വിദേശകാര്യ മന്ത്രാലയം, ടൂറിസം മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ എന്നിവയുടെ പ്രതിനിധികൾ സ്വീകരിച്ചു.
സൗദി എയർലൈൻസ് വഴി ഹായിൽ ഇന്റർനാഷണൽ എയർപോർട്ടിലേക്ക് പൗരന്മാർ എത്തിയ ഉടനെ കൊറോണ വൈറസിനെതിരെയുള്ള ആരോഗ്യ, പ്രതിരോധ നടപടികളെല്ലാം സ്വീകരിച്ചു. അതേ സമയം ഹായിൽ എയർപോർട്ടിൽ വന്നിറങ്ങിയ സ്വദേശികൾ രാജ്യത്ത് മടങ്ങിയെത്തിയ സന്തോഷം പ്രകടിപ്പിച്ചത് സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമായിരിക്കുകയാണ്.
സ്വന്തം രാജ്യത്തെത്തിയ സന്തോഷത്തിൽ സൗദി പാസ്പോർട്ട് ഉയർത്തി ചുംബിക്കുന്ന പൗരൻ്റെ ദൃശ്യവും, ഈ രാജ്യം ഞങ്ങളുടെ ഹൃദയത്തിലാണെന്ന് എഴുതിയ ഷാളുകളും തൊപ്പിയും അണിഞ്ഞ് ചെറിയ കുട്ടികൾ സൗദി പതാക വീശുന്ന ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയകളിൽ വൈറലായിക്കഴിഞ്ഞു.
അമേരിക്ക കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കൊറോണ രോഗികൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യമാണു സ്പെയിൻ. സ്പെയിനിൽ ഇത് വരെ 2,23,759 പേർക്കാണു വൈറസ് ബാധിച്ചിട്ടുള്ളത്. ഇതിൽ 22,902 പേർ മരണപ്പെട്ടു.
കഴിഞ്ഞ ദിവസം അമേരിക്കയിൽ നിന്നും സൗദി പൗരന്മാരെ ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ വിമാന യാത്ര നടത്തിക്കൊണ്ട് സൗദി എയർലൈൻസ് വഴി തിരിച്ചെത്തിച്ചത് ശ്രദ്ധേയമായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa