Sunday, November 17, 2024
Saudi ArabiaTop Stories

സൗദിയിലെ കർഫ്യൂ ഇളവ്; പ്രവാസികൾ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ

ജിദ്ദ: മക്കയൊഴികെയുള്ള സ്ഥലങ്ങളിൽ ഭാഗികമായി കർഫ്യൂ ഇളവ് പ്രഖ്യാപിച്ച് കൊണ്ട് സൗദി ഭരണാധികാരി സല്മാൻ രാജാവിൻ്റെ ഉത്തരവ് വന്ന സാഹചര്യത്തിൽ പ്രവാസികൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട 10 കാര്യങ്ങൾ ഇവയാണ്.

ഒന്ന്: ഏപ്രിൽ 26 ഞായറാഴ്ച അഥവാ റമളാൻ 3 മുതൽ രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലും കർഫ്യൂ ഭാഗികമായി എടുത്തുകളയുന്നു, ഈ ഇളവ് റമദാൻ 20 അഥവാ മെയ് 13 വരെ നില നിൽക്കും.

രണ്ട്: രാവിലെ ഒൻപത് മുതൽ വൈകുന്നേരം അഞ്ച് വരെയായിരിക്കും കർഫ്യുവിൽ ഇളവുണ്ടായിരിക്കുക.

മൂന്ന്: മക്ക പട്ടണത്തിലും അനുബന്ധ ഡിസ്ട്രിക്കുകളിലും ഏർപ്പെടുത്തിയ 24 മണിക്കൂർ കർഫ്യൂവിലും ഐസൊലേഷനിലും മാറ്റമില്ല.

നാല്: മുമ്പത്തെ കർഫ്യു തീരുമാനങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുള്ള വാണിജ്യ പ്രവർത്തനങ്ങൾക്ക് പുറമേ, മൊത്ത, ചില്ലറ വ്യാപാര സ്റ്റോറുകൾ. വാണിജ്യ കേന്ദ്രങ്ങൾ (മാളുകൾ) എന്നിവക്ക് കൂടി പ്രവർത്തനാനുമതി നൽകും. ഇത് റമളാൻ 6 അഥവാ ഏപ്രിൽ 29 മുതൽ റമളാൻ 20 അഥവാ മെയ് 13 വരെയായിരിക്കും പ്രാവർത്തികമാക്കുക.

അഞ്ച്: മാളുകൾക്ക് പ്രവർത്തനാനുമതിയുണ്ടെങ്കിലും അവയിൽ പ്രവർത്തിക്കുന്ന ശാരീരികാകലം പാലിക്കാൻ സാധ്യതയില്ലാത്ത മേഖലകൾക്കുള്ള വിലക്ക് തുടരും: ബ്യുട്ടി ക്ലിനിക്കുകൾ, ബാർബർ സലൂണുകൾ, സ്‌പോർട്‌സ്, ഹെൽത്ത് ക്ലബ്ബുകൾ, വിനോദ കേന്ദ്രങ്ങൾ, സിനിമാ, ബ്യൂട്ടി സലൂണുകൾ, റെസ്റ്റോറന്റുകൾ, കഫേകൾ, യോഗ്യതയുള്ള അധികാരികൾ നിർണ്ണയിക്കുന്ന മറ്റ് പ്രവർത്തനങ്ങൾ എന്നിവ അതിൽ ഉൾപ്പെടും.

ആറ്: ഫാക്ടറികള്‍ക്കും കോണ്‍ട്രാക്ടിങ് സ്ഥാപനങ്ങള്‍ക്കും മുഴുവൻ സമയവും പ്രവര്‍ത്തിക്കാം. ഏപ്രിൽ 29 മുതൽ മെയ് 13 വരെയായിരിക്കും പ്രവർത്തനാനുമതി.

ഏഴ്: ആരോഗ്യ മന്ത്രാലയം അംഗീകരിച്ച നിർദ്ദേശങ്ങൾ, മുൻകരുതൽ നടപടികൾ, പ്രതിരോധ നടപടികൾ എന്നിവയുടെ അടിസ്ഥാനത്തിൽ സാമ്പത്തിക, വാണിജ്യ, വ്യാവസായിക പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തമുള്ള അധികാരികളും യോഗ്യതയുള്ള അധികാരികളും മുൻകരുതൽ നടപടികളും പ്രതിരോധ നടപടികളും നടപ്പിലാക്കുന്നത് നിരീക്ഷിക്കും.

എട്ട്: അഞ്ചിൽ കൂടുതൽ ആളുകൾ സാമൂഹിക ആവശ്യങ്ങൾക്കായി ഒത്തുചേരൽ തടയുന്നത് തുടരുന്നതുൾപ്പെടെയുള്ള സാമൂഹിക അകലം പാലിക്കുന്നതിനുള്ള നടപടിക്രമങ്ങൾ തുടർന്നും നടപ്പാക്കും. ഇതിൽ വിവാഹം, അനുശോചനങ്ങളിൽ ഒരുമിക്കൽ എല്ലാം ഉൾപ്പെടും. കർഫ്യുവിൽ ഇളവുള്ള സമയത്തും പൊതു സ്ഥലങ്ങളിൽ ഒരുമിക്കുന്നത് അനുവദിക്കില്ല.

ഒൻപത്: കർഫ്യു നിയമ ലംഘകർക്ക് നിർദ്ദിഷ്ട പിഴകൾ ചുമത്തുന്നതും ചട്ടങ്ങളും നിർദ്ദേശങ്ങളും ലംഘിക്കുന്ന സ്ഥാപനങ്ങൾ അടക്കുകയും ചെയ്യുന്നത് തുടരും.

പത്ത്: പുതിയ നടപടിക്രമങ്ങൾ എല്ലാം മേൽ സൂചിപ്പിച്ച കാലയളവിൽ തുടർച്ചയായ വിലയിരുത്തലിന് വിധേയമായിരിക്കും. ഉത്തരവാദിത്വം മനസിലാക്കാനും മുൻകരുതൽ നടപടികളും പ്രതിരോധ നടപടികളും പാലിക്കാനും പൗരന്മാരോടും വിദേശികളോടും തൊഴിലുടമകളോടും ഭരണകൂടം ആവശ്യപ്പെട്ടു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്