ഖത്തറിൽ വീട്ടുജോലിക്കാർക്ക് ബാങ്ക് അക്കൗണ്ടുകൾ തുറക്കാൻ തൊഴിലുടമകളോട് മന്ത്രാലയം ആവശ്യപ്പെട്ടു.
ദോഹ: ഖത്തറിലെ വീട്ടുജോലിക്കാർക്കായി ബാങ്ക് അക്കൗണ്ടുകൾ തുറക്കാൻ ഭരണ വികസന, തൊഴിൽ, സാമൂഹിക കാര്യ മന്ത്രാലയം തൊഴിലുടമകളോട് ആവശ്യപ്പെട്ടു.
വീട്ടുജോലിക്കാർക്ക് ബാങ്കിംഗ് അക്കൗണ്ടുകളും സേവനങ്ങളും ഉറപ്പുവരുത്തുന്നതിനായി ഖത്തർ സെൻട്രൽ ബാങ്ക് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതുവഴി സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ബാങ്കിംഗ് സേവനങ്ങൾ എത്തിക്കുകയാണ് ഖത്തറിന്റെ ലക്ഷ്യം.
വീട്ടുജോലിക്കാർക്കായി ബാങ്ക് അക്കൗണ്ടുകൾ തുറക്കുമ്പോൾ മിനിമം നിക്ഷേപമോ സേവന ചാർജോ ബാധകമല്ലെന്ന് മന്ത്രാലയം അറിയിച്ചു.
ബാങ്ക് അക്കൗണ്ടുകളുടെയും ബാങ്കിംഗ് സേവനങ്ങളുടെയും പ്രാധാന്യം വീട്ടുജോലിക്കാരെ മനസിലാക്കണമെന്ന് മന്ത്രാലയം തൊഴിലുടമകളോട് ആവശ്യപ്പെട്ടു.
ബാങ്കിൽ അക്കൗണ്ട് ഉള്ളത് തൊഴിലാളികളെ അവരുടെ ശമ്പളം ഇലക്ട്രോണിക് ആയി സ്വീകരിക്കാൻ പ്രാപ്തരാക്കും. കൂടാതെ ഖത്തർ സെൻട്രൽ ബാങ്ക് വികസിപ്പിച്ച വേതന സംരക്ഷണ സംവിധാനം പൂർത്തീകരിക്കാനും ഇത് സഹായിക്കും.
ഇലക്ട്രോണിക് ആയി വീട്ടിലേക്ക് പണം അയയ്ക്കാനും സാധനങ്ങൾ വാങ്ങുന്നതിന് കാർഡുകൾ ഉപയോഗിക്കാനും എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കാനും ഇത് തൊഴിലാളികളെ സഹായിക്കും.
ഉപഭോക്താക്കളുടെ ഡാറ്റയും പണവും പരിരക്ഷിക്കുന്നതിന് സുരക്ഷിതമായ മാർഗങ്ങളിൽ ഇലക്ട്രോണിക് സേവനങ്ങൾ നൽകാൻ ബാങ്കുകൾ ശ്രദ്ധാലുക്കളാണെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa