മാസ്ക് ധരിച്ചാൽ മാത്രം പോരാ; കൊറോണയിൽ നിന്ന് രക്ഷ വേണോ ? എങ്കിൽ ഈ നിർദ്ദേശങ്ങൾ പാലിക്കുക
റിയാദ്: മാസ്ക് ധരിച്ചത് കൊണ്ട് പൂർണ്ണമായും കൊറോണയിൽ നിന്ന് സംരക്ഷിതരായി എന്ന ധാരണ ആർക്കും വേണ്ടെന്ന് സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി പ്രത്യേകം ഓർമ്മിപ്പിച്ചു.
മാസ്ക് ഒരു പ്രധാാനപ്പെട്ട സംരക്ഷണ മാർഗ്ഗമാണ്. അതോടൊപ്പം മറ്റു പ്രതിരോധ നടപടികൾ കൂടി സ്വികരിക്കുന്നില്ലെങ്കിൽ അത് കൊണ്ട് ഫലമില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
മാസ്ക് ധരിക്കുന്നതിന് പുറമെ മറ്റു ചില ആരോഗ്യകരമായ പെരുമാറ്റങ്ങൾ കൂടി പാലിക്കേണ്ടതുണ്ട്. വളരെ അത്യാവശ്യമില്ലാതെ വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്. മുഖം, മൂക്ക് എന്നിവയും മറ്റു പ്രതലങ്ങളും സ്പർശിക്കുകന്നത് ഒഴിവാക്കുകയും ഹസ്തദാനം ഒഴിവാക്കുകയും ചെയ്യുക.
മറ്റുള്ളവരുമായി നിശ്ചിത അകലം പാലിക്കുക എന്നത് അതി പ്രധാനമാണ്.ഏതെങ്കിലും സാഹചര്യത്തിൽ മറ്റുള്ളവരുമായി ഇടപഴകേണ്ടി വരുമ്പോൾ ഒന്നര മീറ്റർ അകലം പാലിക്കാനാണ് ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചിട്ടുള്ളത്.
കൈകൾ കഴുകുക എന്നത് കൊറോണ പ്രതിരോധത്തിൽ പ്രധാനമാണ്. ആരോഗ്യകരമായ പെരുമാറ്റങ്ങൾ ഉപേക്ഷിക്കുന്നത് മുഴുവൻ സമൂഹത്തെയും അപകടത്തിലേക്ക് നയിച്ചേക്കാമെന്ന് ഡോ: മുഹമ്മദ് അബ്ദുൽ ആലി മുന്നറിയിപ്പ് നൽകുന്നു.
നേരത്തെ ഡോ: മുഹമ്മദ് അബ്ദുൽ ആലി അറിയിച്ചിരുന്നത് പോലെ സമീപ ദിനങ്ങളിൽ കൊറോണയിൽ നിന്നും മുക്തി നേടുന്നവരുടെ എണ്ണം സൗദിയിൽ പ്രതിദിനം വർധിക്കുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 253 പേർക്കാണു രോഗം ഭേദമായത്. ഇതോടെ സൗദിയിൽ ഇത് വരെ രോഗം ഭേദമായവരുടെ എണ്ണം 2784 ആയി ഉയർന്നിട്ടുണ്ട്.
ശക്തമായ ഫീൽഡ് സർവേകളുടെ ഫലമായി സൗദിയിൽ ദിനം പ്രതി കണ്ടെത്തുന്ന രോഗികളുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ട്. ഇത് വരെ 20,077 പേർക്കാണു സൗദിയിൽ കൊറോണ സ്ഥിരീകരിച്ചത്. അതിൽ 17,141 കേസുകളാണു ആക്റ്റീവ് ആയുള്ളത്. 152 കൊറോണ മരണമാണ് സൗദിയിൽ ഇത് വരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa