Wednesday, November 20, 2024
Saudi ArabiaTop Stories

ഔദ വഴി രെജിസ്റ്റർ ചെയ്ത വിദേശികൾ സൗദിയിൽ നിന്ന് മടങ്ങിത്തുടങ്ങി

റിയാദ്: ഫൈനൽ എക്സിറ്റോ, റി എൻട്രി വിസയോ, ഏതെങ്കിലും വിസിറ്റ് വിസയോ ഉള്ള വിദേശികൾക്ക് സ്വന്തം നാടുകളിലേക്ക് മടങ്ങുന്നതിനുള്ള സൗദി ആഭ്യന്തര മന്ത്രാലയത്തിൻ്റെ പദ്ധതിയായ ‘ഔദ’ വഴി വിദേശികൾ മടങ്ങിത്തുടങ്ങി.

ആദ്യ ഘട്ടമെന്ന നിലയിൽ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ബുധനാഴ്ച സൗദി എയർലൈൻസ് വിമാനം 296 ഫിലിപൈനി യാത്രക്കാരുമായി മനിലയിലേക്ക് പുറപ്പെട്ടു.

ബന്ധപ്പെട്ട അധികാരികളുമായുള്ള സഹകരണത്തിൽ ജവാസത്ത് വിമാനത്താവളത്തിൽ എത്തുന്നവരുടെ പുറപ്പെടൽ നടപടിക്രമങ്ങൾ സുഗമമാക്കുകയും കൊറോണ വൈറസ് പടരാതിരിക്കാൻ എല്ലാ ആരോഗ്യ മുൻകരുതലുകളും നടപ്പാക്കുകയും ചെയ്തു.

ജിദ്ദ എയർപോർട്ട് വഴിയും ഔദ പദ്ധതിയിലൂടെ വിദേശികൾ മടങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായെന്ന് എയർപോർട്ട് പബ്ളിക് റിലേഷൻസ് & ഇൻഫർമേഷൻ ഡയറക്ടർ ക്യാപ്റ്റൻ ഹാമിദ് അൽ ഹാരിസിയും അറിയിച്ചു.

ഇന്ത്യയിലേക്കുള്ള വിമാന സർവീസിനു അനുമതി ലഭിക്കുന്നതോടെ താമസിയാതെ ഇന്ത്യക്കാർക്കും ഔദ പദ്ദതി വഴി മടങ്ങാൻ സാധിച്ചേക്കും. ഇന്ത്യക്കാർക്കും ഔദ വഴി രെജിസ്റ്റ്രേഷൻ ആരംഭിച്ചിട്ടുണ്ട്.

അതേ സമയം സൗദിയില്‍ നിന്നും ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ പട്ടിക ഇന്ത്യൻ എംബസിയും തയ്യാറാക്കുന്നുണ്ട്.ഗര്‍ഭിണികള്‍ക്കും പ്രായമേറിയവര്‍ക്കുമാണ് മുന്‍ഗണന നൽകുന്നത്.

എംബസിയിലെ രെജിറ്റ്രേഷൻ നടപടികൾ പൂർത്തിയാക്കാനായി https://t.co/K5Hbmr4cFP എന്ന ലിങ്കിലാണു ക്ളിക്ക് ചെയ്യേണ്ടത്. ഔദ വഴി രെജിസ്റ്റർ ചെയ്യുന്നവർക്ക് സൗദി എയർലൈൻസ് വഴിയായിരിക്കും മടക്കം ഒരുങ്ങുക. റി എൻട്രിയോ എക്സിറ്റോ വിസിറ്റ് വിസയോ ഉള്ള ആർക്കും ഔദ വഴി മടങ്ങാൻ സാധിക്കും എന്നാണു ജവാസാത്ത് അറിയിപ്പ്.

അതേ സമയം ഇന്ത്യൻ എംബസി വഴിയും നോർക്ക വഴിയും രെജിസ്റ്റർ ചെയ്യുന്നവർക്ക് ഇന്ത്യ ഒരുക്കുന്ന വിമാനങ്ങളും കപ്പലുകളും മുഖേനയോ ചിലപ്പോൾ മൂന്ന് രെജിസ്റ്റ്രേഷനുകളും ഏകോപിച്ച് കൊണ്ടുള്ള നടപടിക്രമങ്ങൾ വഴിയോ ആയിരിക്കാം മടക്ക യാത്ര ഒരുങ്ങുക. ഏതായാലും ഇക്കാര്യങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വൈകാതെ വ്യക്തമായേക്കും.

അടുത്തയാഴ്ച തന്നെ ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ ആരംഭിച്ചേക്കുമെന്നാണു രെജിസ്റ്റ്രേഷൻ നടപടികളും മറ്റും നൽകുന്ന സൂചന. മടങ്ങിയെത്തുന്ന പ്രവാസികൾക്ക് വിവിധ സംസ്ഥാനങ്ങൾ ഒരുക്കിയ ക്വാറൻ്റൈൻ സൗകര്യങ്ങൾ കേന്ദ്ര സർക്കാർ നിരീക്ഷിച്ച് വരികയാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്