കൊറോണക്ക് മുമ്പുള്ള അവസ്ഥയിലേക്ക് സൗദിയോ ലോകമോ പെട്ടെന്ന് തിരിച്ച് വരില്ല; വേദനാജനകമായ നടപടികൾ സ്വീകരിക്കേണ്ടി വരും; സൗദി ധനകാര്യ മന്ത്രി
ജിദ്ദ: നിലവിലുള്ള പ്രതിസന്ധി നേരിടാനുള്ള എല്ലാ പരിഹാര മാർഗങ്ങളും തേടേണ്ടി വരുമെന്നും വരും ദിനങ്ങളിൽ വേദനാജനകവും കർശനവുമായ നടപടികൾ സ്വീകരിക്കേണ്ടി വരുമെന്നും ബജറ്റ് ചെലവുകൾ ചുരുക്കേണ്ടി വരുമെന്നും സൗദി ധനകാര്യ മന്ത്രി മുഹമ്മദ് അൽ ജദ്ആൻ പ്രസ്താവിച്ചു.

കൊറോണ വൈറസിനെ നേരിടുന്നതിനുള്ള രാജ്യത്തിൻ്റെ പ്രവർത്തനങ്ങൾ ശക്തവും അതി വേഗത്തിലുമുള്ളതായിരുന്നു. ആദ്യ പാദ ബജറ്റ് കണക്കുകളെ കൊറോണ പ്രതിസന്ധി ബാധിക്കില്ല. എന്നാൽ ആഘാതം രണ്ടാം പാദം മുതൽ വ്യക്തമാകും.
സൗദി അറേബ്യ പതിറ്റാണ്ടുകളായി ഇതുപോലുള്ള ഒരു പ്രതിസന്ധിയെ അഭിമുഖീകരിച്ചിട്ടില്ല. വർഷാദ്യം മുതൽ എണ്ണയോ എണ്ണയില്ലാത്തതോ ആയ വരുമാനം ഗണ്യമായി കുറഞ്ഞു. കൊറോണ പ്രതിസന്ധി രണ്ടാം ലോക മഹായുദ്ധത്തിനുശേഷം സമാനതകളില്ലാത്തതാണ്.
നാം ഒരുങ്ങേണ്ടിയിരിക്കുന്നു. മുന്നോട്ടുള്ള യാത്ര ദൈർഘ്യമേറിയതാണ്, സൗദി ധനകാര്യ മേഖലയിൽ കൂടുതൽ നിയന്ത്രണം ആവശ്യമാണ്. കൊറോണയ്ക്ക് മുമ്പുള്ളതുപോലെ സൗദി അറേബ്യയോ ലോകമോ പെട്ടെന്ന് മടങ്ങിവരില്ല.

സമ്പദ്‌വ്യവസ്ഥയിലേക്കുള്ള പിന്തുണാ പാക്കേജുകളുടെ മൂല്യം ഇതുവരെ 180 ബില്ല്യൺ റിയാലാണ്. സ്വകാര്യമേഖലയിലെ പൗരന്മാരുടെ ജോലി സംരക്ഷിക്കുക നമ്മുടെ ലക്ഷ്യമാണെന്നും പൊതു സമ്പദ്‌വ്യവസ്ഥയുടെ സുസ്ഥിരതയ്ക്കും കൊറോണയെ നേരിടാൻ ആവശ്യമായ കാര്യങ്ങൾക്കും വേണ്ടത് ചെയ്യാൻ നാം പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa