Saturday, April 19, 2025
Top StoriesU A E

പ്രതീക്ഷയോടെ നാട്ടിലേക്ക്; ആദ്യ വിമാനം കോഴിക്കോട്ടേക്ക് പുറപ്പെട്ടു

ദുബായ്: കോവിഡിന്റെ പാശ്ചാത്തലത്തിൽ വിലക്കുകൾക്ക് ശേഷമുള്ള ഇന്ത്യയിലേക്ക് പ്രവാസികളേയും വഹിച്ചുള്ള ആദ്യ വിമാനം പുറപ്പെട്ടു.

കോഴിക്കോടേക്ക് യാത്ര തിരിക്കുന്ന വിമാനത്തിലെ യാത്രക്കാർ ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ രണ്ടാം നമ്പർ ടെർമിനലിൽ നേരത്തെ തന്നെ എത്തിത്തുടങ്ങിയിരുന്നു. മാസ്കുകളും ഗ്ലൗസുകളും ധരിച്ചെത്തിയ പ്രവാസികളെ മെഡിക്കൽ പരിശോധനകൾക്ക് വിധേയമാക്കി. കോഴിക്കോടേക്കുള്ള ഫ്ലൈറ്റിലെ മുഴുവൻ യാത്രക്കാരെയും റാപ്പിഡ് പരിശോധനക്ക് വിധേയരാക്കി. ആരും പോസിറ്റീവ് റിപ്പോർട്ട് ചെയ്തിട്ടില്ല.

ടിക്കറ്റുള്ളവരെ മാത്രമാണ് വിമാനത്താവള അധികൃതർ പുറപ്പെടൽ ടെർമിനലിലേക്ക് കടത്തിവിടുന്നത്. ദുബായ്- കോഴിക്കോട് വിമാനത്തിൽ 11 ഗർഭിണികളാണ് നാട്ടിലേക്ക് മടങ്ങുന്നത്.

ചെക്ക് ഇൻ നടപടികള്‍ക്ക് കുട്ടികൾ ഒപ്പമുള്ള ഫാമിലികൾക്കാണ് വിമാനത്താവള അധികൃതർ മുൻഗണന നൽകുന്നത്. സന്ദർശക വിസയിലുള്ള സ്ത്രീകളാണ് മടങ്ങുന്ന യാത്രക്കാരിലധികവും. ഗർഭിണികളും പ്രായം ചെന്നവരും മുൻഗണനാ ലിസ്റ്റിലുണ്ട്.

ഉച്ചക്ക് പുറപ്പെടേണ്ട വിമാനം വൈകിയതറിയാതെ രാവിലെ തന്നെ എയർ പോർട്ടിൽ എത്തിയവരും ഉണ്ട്. 60 വയസുകാരനായ മുഹമ്മദ് ഇങ്ങനെ രാവിലെ 9.30 നു തന്നെ എയർ പോർട്ടിൽ എത്തിയിരുന്നു. കോവിഡ് ലോക് ഡൗൺ തുടങ്ങിയതിനു ശേഷം ആദ്യമായി പുറത്തിറങ്ങുകയാണെന്ന് അദ്ദേഹം പറയുന്നു.

ദുബായിൽനിന്നു കോഴിക്കോടേക്കുള്ള വിമാനം പുറപ്പെട്ടു. അബുദാബിയിൽനിന്നു കൊച്ചിയിലേക്കുള്ള വിമാനം ഇന്നു രാത്രി 9.40നും പുറപ്പെടാനിരിക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa