സൂക്ഷിക്കുക: സൗദിയിൽ ആൾക്കൂട്ടം നിരോധിച്ചു; അര ലക്ഷം റിയാൽ വരെ പിഴ ലഭിച്ചേക്കാം
ജിദ്ദ: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച പുതിയ ചട്ടങ്ങൾ പ്രകാരം ഒത്തുചേരലുകളും അഞ്ചിലധികം ആളുകളുടെ ജനക്കൂട്ടവും നിരോധിച്ചു. നിയമലംഘകർക്ക് കനത്ത പിഴ ഈടാക്കുമെന്ന് ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

കൊറോണ വൈറസ് പടരാതിരിക്കാനായി സാമൂഹിക അകലം പാലിക്കുന്നതിനുള്ള പുതിയ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിനായി ഒരു പുതിയ പോലീസ് യൂണിറ്റ് രൂപീകരിച്ചതായും മന്ത്രാലയം അറിയിച്ചു. പുതിയ നിയമങ്ങളും പിഴകളും താഴെ വിവരിക്കും പ്രകാരമായിരിക്കും.

ഒരു വീട്ടിൽ താമസിക്കുന്നവരല്ലെങ്കിൽ വീടുകൾ, വിശ്രമ കേന്ദ്രങ്ങൾ, ഫാമുകൾ എന്നിവിടങ്ങളിൽ ഒന്നിലധികം കുടുംബങ്ങൾ ഒത്തുചേരുന്നതിന് 10,000 റിയാൽ പിഴ ഈടാക്കും.

ഒന്നോ അതിലധികമോ പ്രദേശവാസികൾ വീടുകൾ, വിശ്രമ കേന്ദ്രങ്ങൾ, ഫാമുകൾ, ക്യാമ്പുകൾ, തുറന്ന സ്ഥലങ്ങൾ എന്നിവയ്ക്കുള്ളിൽ കുടുംബേതര ഒത്തുചേരലുകൾ നടത്തിയാൽ 15,000 റിയാലാണു പിഴ ചുമത്തുക

വിവാഹങ്ങൾ, അനുശോചനം, പാർട്ടികൾ, സെമിനാറുകൾ, തുടങ്ങിയ അവസരങ്ങളിൽ ഒത്തുകൂടുന്നതും നിയമ ലംഘനമായി പരിഗണിക്കും 30,000 റിയാലാണു പിഴ ഈടാക്കുക.

താമസ സ്ഥലം ഒഴികെയുള്ള നിർമ്മാണത്തിലിരിക്കുന്ന വീടുകളിലോ കെട്ടിടങ്ങളിലോ ഫാമുകളിലോ ഉള്ള തൊഴിലാളികളുടെ ഒത്തു ചേരലും നിയമ ലംഘനമായി പരിഗണിക്കും. 50,000 റിയാലായിരിക്കും പിഴ ചുമത്തുക.

വ്യാപാര സ്ഥാപനങ്ങളിൽ ജീവനക്കാരോ ഉപഭോക്താക്കളോ കടയുടെ അകത്തോ പുറത്തോ ഒരുമിക്കുന്നതും നിയമ ലംഘനമായി പരിഗണിക്കും. നിർദ്ദിഷ്ഠ എണ്ണത്തിലധികം ആളുകൾ ഒരുമിച്ചാൽ ഓരോരുത്തർക്കും 5,000 റിയാൽ വീതം പിഴ ചുമത്തും. കൂട്ടം കൂടിയവർക്ക് പരമാവധി 1 ലക്ഷം റിയാൽ വരെ പിഴ ലഭിച്ചേക്കാം.

കുറ്റം ആവർത്തിച്ചാൽ സ്ഥാപനം 3 മാസത്തേക്ക് അടപ്പിക്കുകയും പിഴ സംഖ്യ ഇരട്ടിയാക്കുകയും ചെയ്യും. വീണ്ടും തെറ്റാവർത്തിച്ചാൽ പിഴ ഇരട്ടിയാക്കുകയും സ്ഥാപനം ആറുമാസത്തേക്ക് അടയ്ക്കുകയും ബന്ധപ്പെട്ട വ്യക്തിക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് സമർപ്പിക്കുകയും ചെയ്യും.

വൈറസ് വ്യാപനത്തിനു നേരിട്ടുള്ള കാരണമായ സാമൂഹിക അകലം പാലിക്കാത്തതും, ഒത്തുചേരലുകളും നിയന്ത്രിക്കുക എന്ന ലക്ഷ്യമിട്ടാണ് പുതിയ ചട്ടങ്ങൾ പുറപ്പെടുവിച്ചതെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടവരോട് രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലെയും ടോൾ ഫ്രീ നമ്പറിൽ (999) യോഗ്യരായ അധികാരികളെ അറിയിക്കണമെന്നും മക്ക പ്രവിശ്യയിൽ 911 എന്ന നംബറിലും അറിയിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa