സൗദിയിൽ കോവിഡ് ബാധയിൽ നിന്നും മുക്തരായവരുടെ എണ്ണം പതിനായിരം കടന്നു; കൂടുതൽ സ്ഥലങ്ങളിൽ കർഫ്യു ഇളവ്.
ജിദ്ദ: സൗദിയിൽ കോവിഡ് ബാധയിൽ നിന്നും മുക്തരായവരുടെ എണ്ണം 10,000 കടന്നു. 1,024 പേരാണ് ഇന്ന് രോഗമുക്തരായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചത്. ഇതോടെ രോഗം സുഖമായവരുടെ ആകെ എണ്ണം 10,144 ആയി.
പതിനായിരക്കണക്കിന് ടെസ്റ്റുകകളാണ് ഓരോ ദിവസവും നടത്തുന്നത്. 433,500 പേരിൽ ഇതുവരെയായി കോവിഡ് ടെസ്റ്റ് നടത്തി. 37,136 പേരിലാണ് ആകെ കോവിഡ് ബാധ സ്ഥിരീകരിച്ചത്.
1,704 പുതിയ കേസുകൾ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടു. 70 ശതമാനം വിദേശികളിലും, 30 ശതമാനം സ്വദേശികളിലുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതിൽ 82 ശതമാനം പുരുഷന്മാരാണ്. ഇന്ന് റിപ്പോർട്ട് ചെയ്ത് 10 മരണമടക്കം, 239 പേരാണ് ഇതുവരെയായി രാജ്യത്ത് കോവിഡ് ബാധിച്ച് മരണപ്പെട്ടത്.
ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് മക്കയിലാണ്. 417 പേരിലാണ് മക്കയിൽ ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത്. റിയാദിൽ നിന്ന് 316 ഉം, ജിദ്ദയിൽ നിന്ന് 265 ഉം, മദിനയിൽ നിന്ന് 112 ഉം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
അതെ സമയം മദീനയിലെ ചില ഡിസ്റ്റ്രിക്കുകളിൽ കർഫ്യുവിൽ ഇളവ് വരുത്തി. ശുറൈബാത്ത്, ബനീ ളഫ്ർ, ബനീ ഖദ്ര, ഖർബാൻ, അൽ ജുമുഅ, ഇസ്കാനിന്റെ ഭാഗം എന്നിവിടങ്ങളിൽ ആളുകൾക്ക് രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണിവരെ പുറത്തിറങ്ങാമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa