കുവൈത്തിൽ നിന്നും ഞെട്ടിക്കുന്ന കണക്ക്; കോവിഡ് കാലത്ത് രാജ്യത്ത് ആത്മഹത്യ ചെയ്തത് 40 പേർ.
കുവൈറ്റ് സിറ്റി: കുവൈത്തിൽ കൊറോണ വൈറസ് വ്യാപിക്കുന്നത് തടയുന്നതിനുള്ള നടപടികൾ ശക്തമാക്കുന്നതിനിടെ രാജ്യത്ത് ആത്മഹത്യ ചെയ്തത് 40 പേർ. ഫെബ്രുവരി അവസാനം മുതൽക്കുള്ള നാല് മാസക്കാലയളവിലാണ് ഇത്രയും ആത്മഹത്യകൾ നടന്നത്. 15 ആത്മഹത്യാ ശ്രമങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടു.
കൊറോണ വൈറസുമായി ബന്ധപ്പെട്ട നടപടികൾ മൂലമുണ്ടായ സാമ്പത്തിക തകർച്ചയുടെ ഫലമായി തൊഴിലുടമകൾ ശമ്പളം നൽകുന്നത് നിർത്തിയതാണ് ഭൂരിഭാഗം ആത്മഹത്യകൾക്കും കാരണം. മാനസികവും സാമ്പത്തികവുമായ ദുരിതങ്ങൾ ഇവർ അനുഭവിച്ചതായി ഭൂരിഭാഗം കേസുകളിലും നടത്തിയ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഒരു കേസിൽ, തന്റെ പ്രതിശ്രുതവധുവുമായി ചാറ്റ് ചെയ്യുന്നതിനിടെയാണ് ഒരു പ്രവാസി ആത്മഹത്യ ചെയ്തത്.
കോവിഡ് -19 പ്രതിസന്ധി ആരംഭിച്ചതിനുശേഷം ആത്മഹത്യ കേസുകൾ 40 ശതമാനം വർദ്ധിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. കുവൈത്തിൽ പ്രതിവർഷം 70 മുതൽ 80 വരെ ആത്മഹത്യ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. 2018 ൽ 77 ഉം കഴിഞ്ഞ വർഷം 80 ആത്മഹത്യകളും രാജ്യത്ത് നടന്നു.
ആത്മഹത്യയ്ക്ക് ശ്രമിച്ച ചില വ്യക്തികളുടെ ബന്ധുക്കളിൽ നിന്നുള്ള അന്വേഷണങ്ങൾ സാക്ഷ്യം വഹിക്കുന്നത് അവരിൽ പലരും വാടക നൽകാൻ പോലും കഴിവില്ലാതിരിക്കെ കെട്ടിട ഉടമകളും, അവരുടെ നാട്ടിലെ ബന്ധുക്കളും പണം ആവശ്യപ്പെട്ടത് മൂലമുള്ള സമ്മർദ്ദങ്ങളാണ് ആത്മഹത്യാ കാരണമെന്നാണ്.
കൊറോണ വൈറസ് പകർച്ചവ്യാധി സമയത്ത് ആളുകൾ അനുഭവിക്കുന്ന ഭയം, ഉത്കണ്ഠ, ഒറ്റപ്പെടൽ, അസ്ഥിരത, മുമ്പത്തെപ്പോലെ പതിവായി സമയം ചെലവഴിക്കാൻ ആളുകളെ സഹായിക്കുന്ന വിനോദ മാർഗ്ഗങ്ങളുടെ അഭാവം എന്നിവ കാരണം കുവൈത്തിൽ ആത്മഹത്യ കേസുകൾ വർദ്ധിക്കാൻ തുടങ്ങി എന്ന് സോഷ്യൽ സൈക്കോളജി കൺസൾട്ടന്റ് സമീറ അൽ ദോസാരി പറയുന്നു.
ചില പ്രവാസികളുടെ കാര്യത്തിൽ, അവരെ സ്വീകരിക്കാൻ വിസമ്മതിച്ച സ്വന്തം രാജ്യങ്ങളാണ്, ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതിന്റെ മറ്റൊരു കാരണമെന്ന് കുവൈറ്റ് യൂണിവേഴ്‌സിറ്റിയിലെ സോഷ്യോളജി പ്രൊഫസർ ജമീൽ അൽ മുരി അഭിപ്രായപ്പെട്ടു. ജോലി നഷ്ടപ്പെട്ടുള്ള മാനസിക സമ്മർദ്ദവും, പണം തീർന്ന് പോകലും കാരണം ആത്മഹത്യയെ പ്രശ്നങ്ങൾക്കുള്ള പരിഹാരമായി പലരും കാണുകയാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa