Tuesday, November 26, 2024
OmanTop Stories

കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ കോവിഡ് കേസുകൾ ഉയരാൻ കാരണം വ്യക്തമാക്കി ഒമാൻ ആരോഗ്യമന്ത്രി.

മസ്‌കറ്റ്: ചില കമ്പനികളുടെയും സ്പോൺസർമാരുടെയും അശ്രദ്ധയാണ് കൂടുതൽ കേസുകൾക്ക് കാരണമായതെന്ന് ആരോഗ്യമന്ത്രി ഡോക്ടർ അഹമ്മദ് അൽ സയീദി.

കോവിഡുമായി ബന്ധപ്പെട്ട സുപ്രീം കമ്മിറ്റിയും ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ സയീദിയും പങ്കെടുത്ത ഏഴാമത് പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.

കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ ഒമാനിൽ 298 ഉം 322 ഉം കേസുകളാണ് റിപ്പോർട്ട് ചെയ്തത്, കർഫ്യൂ ഏർപ്പെടുത്തുന്നത് അടക്കമുള്ള കർശന നടപടികൾക്കായി പല കോണിൽ നിന്നും ആവശ്യമുയരാൻ ഇത് കാരണമായി.

“ചില കമ്പനികളുടെയും സ്പോൺസർമാരുടെയും അശ്രദ്ധയാണ് കൂടുതൽ കേസുകൾക്ക് കാരണമായത്,” എന്ന് അൽ സയീദി പറഞ്ഞു. കോവിഡ് -19 ഉള്ള ഒരാൾ 70 പ്രവാസികൾക്കിടയിൽ ഇടകലർന്ന് താമസിക്കുന്നു, എന്നാൽ സ്പോൺസർ ഒരു ഉത്തരവാദിത്തവും ഏറ്റെടുക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ രണ്ട് ദിവസമായി കേസുകളുടെ എണ്ണം കൂടുന്നതിന് കാരണം സാമൂഹിക അകലം പാലിക്കാനുള്ള സൗകര്യങ്ങളില്ലാത്ത ചില കമ്പനികളുടെ ഭവന ക്യാമ്പുകളിൽ രോഗം വ്യാപിച്ചതാണ് എന്ന് ഡോ. സെയ്ഫ് അൽ അബ്രി വിശദീകരിച്ചു

ഒമാൻ ഗവർണറേറ്റുകൾക്കിടയിൽ ട്രക്ക് ഡ്രൈവർമാരുടെയും കാർഗോ ഓപ്പറേറ്റർമാരുടേയും കേസുകൾ കണ്ടെത്തിയിരുന്നു. ഡെലിവറി ടീമുകളിൽ നിന്ന് ഇന്നലെ ഒന്നിലധികം കേസുകൾ കണ്ടെത്തി.

തൊഴിലുടമകൾ പോസിറ്റീവ് ആയവർക്കും പോസിറ്റീവ് കേസുകളുമായി ബന്ധപ്പെടുന്നവർക്കും കോറന്റൈൻ സൗകര്യങ്ങൾ നൽകേണ്ടതുണ്ട് എന്ന് അൽ സയീദി നിർദ്ദേശിച്ചു.

ഒത്തുചേരലുകളുടെ വർദ്ധനവാണ് രോഗം കൂടാൻ പ്രധാന കാരണം, സമൂഹ ഇഫ്താർ സമ്മേളനങ്ങൾ ഇപ്പോഴും നിലവിലുണ്ട്, ചില ആളുകൾ സാമൂഹിക അകലം പാലിക്കുന്നില്ല

കോവിഡ് -19 ലക്ഷണങ്ങളുള്ള ഒരു പൗരൻ സാധാരണ ജീവിതം നയിക്കാൻ തീരുമാനിച്ചതിലൂടെ 17 പേർക്കാണ് ഇദ്ദേഹം രോഗം പകർന്നു നൽകിയത്. ഇത് വൈറസ് മൂലം വൃക്ക തകരാറിലായ അമ്മയ്ക്കും സഹോദരിക്കും അണുബാധ പകരാൻ കാരണമായതായും പത്ര സമ്മേളനത്തിനിടെ അദ്ദേഹം വെളിപ്പെടുത്തി.

നിലവിൽ പ്രതിദിനം 1,500-2,000 സാമ്പിളുകൾ പരിശോധിക്കുന്നുണ്ട്. തീവ്രപരിചരണ വിഭാഗത്തിൽ 31 പേർ ഉൾപ്പെടെ 96 പേർ ആശുപത്രികളിലാണ്. ആകെ 61,000 പരിശോധനകൾ നടത്തി. .

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa