ഖത്തറിൽ നിന്ന് കൂടുതൽ വിമാന സർവീസുകൾ വേണമെന്ന് ആവശ്യം; അടുത്ത ആഴ്ച 3 വിമാനങ്ങൾ.
ദോഹ: കോവിഡിന്റെ പാശ്ചാത്തലത്തിൽ വരുമാനമില്ലാതെയും തൊഴിൽ നഷ്ടപ്പെട്ടും പ്രതിസന്ധിയിലായ പതിനായിരങ്ങളാണ് നാട്ടിലേക്ക് മടങ്ങാനായി അധികൃതരുടെ കനിവും കാത്തിരിക്കുന്നത്. ഒന്നാം ഘട്ടം പൂർത്തിയാക്കുമ്പോൾ ഗർഭിണികൾ പോലുള്ള അടിയന്തരാവശ്യക്കാർ മാത്രമാണ് പരിഗണിക്കപ്പെട്ടത്.
നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന നല്ലൊരു ശതമാനവും കുറഞ്ഞ വരുമാനക്കാരായ ഡ്രൈവർമാരും തൊഴിൽ നഷ്ടപ്പെട്ടവരടക്കമുള്ളവരുമാണ്. ഗുരുതര രോഗമുള്ളവർ, ഗർഭിണികൾ, ജോലി നഷ്ടപ്പെട്ട് ദുരിതമനുഭവിക്കുന്നവർ, വിസ കാലാവധി അവസാനിച്ചവർ എന്നിവരെയാണ് ഇന്ത്യൻ എംബസി പരിഗണിക്കുന്നത്. അതുകൊണ്ട് തന്നെ മറ്റു അടിയന്തര ആവശ്യങ്ങൾ ഉള്ളവർക്ക് ഇതിനാൽ നാട്ടിലേക്ക് മടങ്ങാൻ കാലതാമസമെടുക്കും.
അതേസമയം, കേരത്തിലേക്ക് വിദേശങ്ങളിൽ നിന്ന് ആഴ്ചയിൽ 45 സർവീസുകളിൽ കൂടരുതെന്ന് സംസ്ഥാന സർക്കാരിന്റെ നിലപാട് കേന്ദ്രത്തെ അറിയിച്ചിരുന്നു. അങ്ങനെ വരുമ്പോൾ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഒട്ടുമിക്ക പേർക്കും മാസങ്ങളോളം കാത്തിരിക്കേണ്ടിവരും.
ആഴ്ചയിൽ കേരളത്തിലേക്ക് നിലവിൽ രണ്ട് വിമാനങ്ങൾ എന്ന തോതിൽ മാത്രമേ അനുവദിക്കുന്നുള്ളൂ.180 ഓളം യാത്രക്കാരെയാണ് നിലവിൽ ഒരു വിമാനത്തിൽ അനുവദിക്കുന്നത്. ഇതനുസരിച്ച് 360 ആളുകളെ മാത്രമാണ് ആഴ്ചയിൽ ഖത്തറിൽ നിന്ന് നാട്ടിലേക്ക് എത്തിക്കാൻ കഴിയുക.
എന്നാൽ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഖത്തർ മലയാളികള്‍ക്കിടയില്‍ ആശ്വാസം പകര്‍ന്ന് അടുത്തയാഴ്ചയിലെ ഷെഡ്യൂളില്‍ എയര്‍ഇന്ത്യ മാറ്റം വരുത്തി. മൊത്തം മൂന്ന് സര്‍വീസുകൾ അടുത്തയാഴ്ച ദോഹയില്‍ നിന്നും കേരളത്തിലേക്കുണ്ടാവും. കോഴിക്കോടിനും കൊച്ചിക്കും പുറമെ കണ്ണൂരിലേക്കാണ് അധിക സർവീസ് ഏർപ്പെടുത്തിയത്.
കഴിഞ്ഞ ദിവസങ്ങളിലായി രാജ്യത്ത് കോവിഡ് ബാധിക്കുന്നവരുടെ എണ്ണം ക്രമാധീതമായി വർദ്ധിക്കുകയാണ്. ഇന്നലെ മാത്രം രാജ്യത്ത് രണ്ടായിരത്തിനടുത്ത് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രോഗബാധ രാജ്യത്ത് വരുംദിവസങ്ങളിലും തുടരുമെന്ന് പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു.
ജന്മനാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്നത് ഇരുപതിനായിരത്തിലധികം മലയാളികളാണ്. ഖത്തറിലെ ഇന്ത്യൻ എംബസിയിൽ നാട്ടിലേക്ക് തിരിക്കാൻ രജിസ്റ്റർ ചെയ്ത അൻപതിനായിരത്തോളം ഇന്ത്യക്കാരിൽ 28000ത്തിലധികം മലയാളികളാണ്. ആശങ്കകൾക്കറുതി വരുത്തി എത്രയും പെട്ടന്ന് പ്രവാസികളെ നാട്ടിലെത്തിക്കണമെന്ന് വിവിധ പ്രവാസി സംഘടനകൾ ആവശ്യപ്പെട്ടു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa