പ്രിയ പ്രവാസികളേ, കൊറോണ പോയിട്ടില്ല; കർഫ്യൂവിൽ മാത്രമേ ഇളവുള്ളൂ
ജിദ്ദ: സൗദിയിൽ കർഫ്യൂവിൽ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുകയാണല്ലോ. മൂന്ന് ഘട്ടങ്ങളിലായി കർഫ്യൂ പൂർണ്ണമായിത്തന്നെ ഒഴിവാക്കി കർഫ്യുവിനു മുമ്പുണ്ടായിരുന്ന സാധാരണ അവസ്ഥയിലേക്ക് പൊതു ജീവിതത്തെ കൊണ്ട് വരുന്നതിനുള്ള ശ്രമത്തിലാണ് അധികൃതർ.
അതേ സമയം ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കൊറോണയുടെ വ്യാപനത്തിനു ഒരു കുറവും ഇല്ല എന്ന യാഥാർത്ഥ്യം നില നിൽക്കുകയാണ് താനും. ദിനം പ്രതി നടക്കുന്ന പരിശോധനകളിൽ ഇപ്പോഴും ശരാശരി രണ്ടായിരം പേർക്കെങ്കിലും വൈറസ് ബാധ സ്ഥിരീകരിക്കുന്നത് നാം കാണുന്നുണ്ട്.
സമീപ ദിവസങ്ങളിൽ രോഗം ബാധിച്ച് മരിച്ച നിരവധി മലയാളി സഹോദരങ്ങളുടെ മുഖം നമ്മുടെ മനസ്സിൽ ഈ സന്ദർഭത്തിൽ തെളിയുന്നുണ്ട്. ആ വാർത്തകളെല്ലാം ഓരോ വ്യക്തിയും എത്രമാത്രം ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു എന്ന് ബോധ്യപ്പെടുത്തുന്നുണ്ട്.
ഓരോരുത്തരും സ്വയം സൂക്ഷിക്കുകയാണ് ഇനി നമ്മുടെ മുന്നിലുള്ള ഏക വഴി. അതിനു സൗദി ആരോഗ്യ മന്ത്രാലയം നേരത്തെ നിർദേശിച്ച വിവിധ മുൻ കരുതലുകൾ നാം പാലിക്കുന്നതിലൂടെ മാത്രമേ സാധ്യമാകൂ. അത് കൊണ്ട് തന്നെ ആരോഗ്യ മന്ത്രാലയം നേരത്തെ പാലിക്കാൻ ആവശ്യപ്പെട്ട മുൻകരുതലുകൾ താഴെ വീണ്ടും ഓർമ്മിപ്പിക്കുന്നു:
പുറത്തിറങ്ങുംബോൾ മാസ്ക് ധരിക്കുക, ചുരുങ്ങിയത് ഒന്നര മീറ്റർ സാമൂഹിക അകലം പാലിക്കുക, കൂട്ടം കൂടുന്നത് ഒഴിവാക്കുക, കൈകൾ ഇടക്കിടെ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് വൃത്തിയാക്കുക. കടകളിൽ പോകുംബോഴും വരുംബോഴും കൈകൾ നന്നായി കഴുകി അണുമുക്തമാക്കുക, കടകളിൽ നിന്ന് ലഭിക്കുന്ന കവറുകൾ ഒഴിവാക്കുക, മറ്റു വസ്തുക്കൾ ഉപയോഗിക്കുന്നതിൻ്റെ മുംബ് കഴുകുകയോ തുടക്കുകയോ ചെയ്യുക. വായിലും മൂക്കിലും മറ്റു മുഖ ഭാഗങ്ങളിലും പ്രതലങ്ങളിലും സ്പർശിക്കാതിരിക്കുക തുടങ്ങിയ വിവിധ നിർദ്ദേശങ്ങൾ ആരോഗ്യ മന്ത്രാലയം നേരത്തെ തന്നെ നൽകിയിട്ടുണ്ട്.
അതോടൊപ്പം സാമൂഹിക പ്രവർത്തകരും മറ്റും നിർദ്ദേശിക്കുന്നത് പോലെ, കടകളിൽ പോകുന്നവർ കുറച്ച് ദിവസത്തേക്കുള്ള സാധനങ്ങൾ ഒരുമിച്ച് വാങ്ങി ഇടക്കിടെ കടകളിലേക്കുള്ള പോക്ക് ഒഴിവാക്കുക. നോട്ടുകൾ അണുവാഹിനികളാകാൻ സാധ്യത കൂടുതലാണെന്നതിനാൽ കഴിയുന്നതും കാർഡുകൾ ഉപയോഗിച്ചുള്ള പർച്ചേസിംഗിനു മുൻ തൂക്കം നൽകുക. ഇനി നോട്ടുകൾ തന്നെ കൈകാര്യം ചെയ്യേണ്ടി വന്നാൽ നോട്ടുകൾ സ്പർശിച്ച ശേഷം കൈകൾ നന്നായി കഴുകുക.
ജോലികളും ഗതാഗത സംവിധാനങ്ങളുമെല്ലാം ഇനി പഴയ പോലെ ആക്റ്റീവ് ആകാൻ പോകുകയാണെന്നിരിക്കെ പുറത്ത് പോയി വരുംബോഴും വാഹനങ്ങളിൽ യാത്ര ചെയ്ത് വരുംബോഴുമെല്ലാം പ്രത്യേകം സൂക്ഷിക്കേണ്ടതുണ്ടെന്ന് സാമൂഹിക-ആരോഗ്യ പ്രവർത്തകർ ഓർമ്മിപ്പിക്കുന്നു. ധരിച്ച വസ്ത്രം റൂമിൽ കയറിയ ഉടനെത്തന്നെ മറ്റുള്ളവരുടെ വസ്ത്രങ്ങളിലോ കിടപ്പു സ്ഥലങ്ങളിലോ മറ്റോ സ്പർശിക്കാൻ ഇട വരുത്താതെ അഴിച്ച് സോപ്പ് വെള്ളത്തിൽ ഇടുകയും പിന്നീട് നന്നായി അലക്കുകയും ചെയ്യുക, നന്നായി കുളിക്കുക. ഇത് ആ വ്യക്തിക്ക് വേണ്ടി മാത്രമല്ല റൂമിലുള്ളവരുടെ സുരക്ഷക്കും ആവശ്യമാണെന്നും സാമൂഹിക പ്രവർത്തകർ ഓർമ്മിപ്പിക്കുന്നുണ്ട്.
മാസ്ക്ക് ധരിച്ച് കൊണ്ട് സാമൂഹിക അകലം പാലിക്കാതെ മലയാളികളടക്കമുള്ള പ്രവാസികൾ കഴിഞ്ഞയാഴ്ചകളിൽ കൂട്ടം കൂടി നിന്നിരുന്നുവെന്ന് പല മലയാളി മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. അകലം പാലിക്കാതിരുന്നാൽ മാസ്കുകൾ കൊണ്ട് മാത്രം പ്രത്യേകിച്ച് ഫലം ഉണ്ടാകില്ല എന്നതാണു വസ്തുത.
ചുരുക്കത്തിൽ ഓരോരുത്തരുടെയും സുരക്ഷക്കാവശ്യാമായ എല്ലാ നിർദ്ദേശങ്ങളും നൽകിയും സംവിധാനങ്ങൾ ഒരുക്കിയുമെല്ലാമാണു അധികൃതർ കർഫ്യൂവിൽ അയവ് വരുത്താൻ തീരുമാനിച്ചിട്ടുള്ളത് എന്നത് കൊണ്ട് നമ്മുടെ ശരീരം ഇനി സംരക്ഷിക്കേണ്ടത് നമ്മൾ തന്നെയാണെന്ന ഉത്തമ ബോധ്യത്തോടെ വരും നാളുകളെ ഓരോ പ്രവാസിയും ജാഗ്രതയോടെ അഭിമുഖീകരിക്കേണ്ടിയിരിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa