Sunday, April 20, 2025
Saudi ArabiaTop Stories

സൗദിയിൽ കൊറോണ മൂന്നാംഘട്ട പരിശോധനാ നടപടികൾ ആരംഭിച്ചു; ഇനി എല്ലാവർക്കും പരിശോധന എളുപ്പമാകും; ഇന്നും രോഗികളേക്കാൾ സുഖപ്പെട്ടവരുടെ എണ്ണത്തിൽ വൻ വർധനവ്

ജിദ്ദ: സൗദിയിൽ കൊറോണ പരിശോധനയുടെ മൂന്നാംഘട്ട നടപടികൾ ആരംഭിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. തുടക്കത്തിൽ മക്കയിലും മദീനയിലുമാണു പരിശോധനകൾ നടത്തുക. അടുത്തയാഴ്ച മുതൽ റിയാദിലും തുടർന്ന് മറ്റു പ്രവിശ്യകളിലും പരിശോധനാ സംവിധാനം നടപ്പിലാക്കും.

നേരത്തെയുള്ളതിൽ നിന്നും കൂടുതൽ എളുപ്പത്തിൽ സ്വദേശികൾക്കും വിദേശികൾക്കും മൂന്നാം ഘട്ടത്തിൽ പരിശോധനക്ക് വിധേയരാകാൻ സാധിക്കും. വിവിധ നഗരങ്ങളിൽ ഒരുക്കിയ പ്രത്യേക സെൻ്ററുകൾ വഴി വാഹനങ്ങളിൽ ഇരുന്ന് കൊണ്ട് തന്നെ പരിശോധനക്ക് വിധേയരാകാൻ സാധിക്കും.

ഇതിനു പുറമെ മൂന്നാം ഘട്ടത്തിൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും പരിശോധനകൾ ലഭ്യമാകുമെന്നത് നിരവധിയാളുകൾക്ക് വലിയ ആശ്വാസമാകും. അതോടൊപ്പം ആരോഗ്യ മന്ത്രാലയത്തിൻ്റെ ‘സ്വിഹതീ’ എന്ന ആപ് ഉപയോഗിച്ച് സ്വദേശികൾക്കും വിദേശികൾക്കും പരിശോധനക്കുള്ള അപ്പോയിൻ്റ്മെൻ്റ് നേടാനും സാധിക്കുമെന്നത് കൂടുതൽ പേർക്ക് പരിശോധനക്ക് വിധേയരാകാൻ അവസരമൊരുക്കും.

അതേ സമയം സൗദിയിൽ നിന്നുള്ള ഇന്നത്തെ കൊറോണ റിപ്പോർട്ടും കഴിഞ്ഞ ദിവസത്തെപ്പോലെത്തന്നെ കൂടുതൽ ആത്മവിശ്വാസം പകരുന്നതായിരുന്നു. 1581 പേർക്ക് പുതുതായി വൈറസ് ബാധയേറ്റപ്പോൾ 2460 പേർക്കാണു രോഗം ഭേദമായത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 17 പേർ കൂടി മരിച്ചതോടെ സൗദിയിൽ ഇത് വരെയുണ്ടായ കൊറോണ മരണം 458 ആയി ഉയർന്നിരിക്കുകയാണ്. ആകെ വൈറസ് ബാധിച്ച 81,766 പേരിൽ 57,013 പേർക്ക് ഇതിനകം രോഗം ഭേദമായിട്ടുണ്ട്. 24,295 പേരാണ് നിലവിൽ സൗദിയിൽ ചികിത്സയിലുള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്