വന്ദേഭാരത് മിഷനിൽ വരുന്നവർക്കും കോവിഡ് ടെസ്റ്റ് നിർബന്ധമാക്കി കേരളം; കേരളത്തിലേക്കുള്ള വിമാന സർവീസ് നിർത്തി വെക്കേണ്ടി വരുമെന്ന് കേന്ദ്രം
വെബ്ഡെസ്ക്: വിദേശത്ത് നിന്നെത്തുന്ന പ്രവാസികൾക്ക് കോവിഡ് ടെസ്റ്റ് നിർബന്ധമാകുന്ന തീരുമാാനം മാറ്റി വെക്കുമെന്ന പ്രതീക്ഷ വെറുതെയാകുന്നു. ഇന്ന് സംസ്ഥാന മന്ത്രി സഭ കൈക്കൊണ്ട് തീരുമാനപ്രകാരം ചാർട്ടേഡ് വിമാനങ്ങൾക്ക് പുറമെ കേന്ദ്ര സർക്കാരിൻ്റെ ‘വന്ദേഭാരത് മിഷനിൽ’ വരുന്ന പ്രവാസികൾക്കും കോവിഡ് ടെസ്റ്റ് നിർബന്ധമാക്കിയിരിക്കുകയാണ്.
ഇതോടെ വിദേശത്ത് നിന്ന് കേരളത്തിലേക്ക് ഏത് വിമാനങ്ങളിൽ വരുന്നവർക്കും കോവിഡ് ടെസ്റ്റ് നിർബന്ധമാകും. ഒരു വിമാനത്തിൽ കോവിഡുള്ളവരും ഇല്ലാത്തവരും ഒന്നിച്ച് വരുമ്പോഴുള്ള രോഗവ്യാപനസാധ്യത ഒഴിവാക്കാൻ ഇതാണ് ഉചിതമായ മാർഗ്ഗമെന്നാണു സംസ്ഥാന സർക്കാരിൻ്റെ വിലയിരുത്തൽ.
കോവിഡ് ടെസ്റ്റ് നടത്തൽ നിർബന്ധമാക്കിയാൽ അത് ജോലി നഷ്ടപ്പെടുകയും മറ്റു വിവിധ രീതികളിൽ സാമ്പത്തിക പ്രയാസം അനുഭവിക്കുകയും ചെയ്യുന്ന പ്രവാസികൾക്ക് വലിയ ഭാരമാകുമെന്നും നിലവിലെ സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ കോവിഡ് ടെസ്റ്റ് നടത്താനും റിസൽറ്റ് വേഗത്തിൽ ലഭിക്കാനും പ്രയാസമാകുമെന്നും ഗൾഫിൽ നിന്നുള്ള വിവിധ പ്രവാസി സംഘടനകൾ സംസ്ഥാന സർക്കാരിനെ അറിയിച്ചിരുന്നു.
ഈ സാഹചര്യത്തിൽ വേഗത്തിൽ പരിശോധന ഫലം ലഭിക്കുന്ന ട്രൂനാറ്റ് പരിശോധന നടത്തിയ റിസൽറ്റ് ഉണ്ടായാൽ മതിയെന്ന നിലപാടിലാണു സംസ്ഥാന സർക്കാരിപ്പോൾ. എന്നാൽ ഒരു ട്രൂനാറ്റ് മെഷീനിൽ ഒരു ദിവസം പരമാവധി ടെസ്റ്റുകൾ നടത്താനുള്ള പരിമിതിയും ഇവിടെ ചോദ്യചിഹ്നമാണ്.
അതേ സമയം വന്ദേഭാരത് മിഷൻ പ്രകാരം വരുന്നവർക്കും കോവിഡ് ടെസ്റ്റ് നിർബന്ധമാക്കുന്നതോടെ കേരളത്തിലേക്ക് നിലവിലുള്ള വിമാന സർവീസുകൾ നിർത്തലാക്കേണ്ടി വരുമെന്ന് കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa