Tuesday, November 26, 2024
Saudi ArabiaTop Stories

കൊറോണ രണ്ടാം തരംഗം ഉണ്ടായേക്കാം; വൈറസ് ബാധിച്ച് റൂമുകളിൽ കഴിയുന്നവർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ സൗദി ആരോഗ്യ മന്ത്രാലയം ഉണർത്തി

ജിദ്ദ: കൊറോണ-കോവിഡ്19 വൈറസ് വ്യാപനത്തിൻ്റെ രണ്ടാം തരംഗം ഉണ്ടായേക്കാമെന്നും അത് പകർച്ചാ വ്യാധികളുടെ പൊതുവെയുള്ള ഒരു സാധ്യതയാണെന്നും സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി പറഞ്ഞു.

എന്നാൽ ഇത്തരത്തിൽ രണ്ടാം തരംഗം ഉണ്ടായാൽത്തന്നെ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ച് കൊണ്ട് അതിനെ പ്രതിരോധിക്കാനും നിയന്ത്രിക്കാനും സാധിക്കുമെന്നും ഡോ:മുഹമ്മദ് അബ്ദുൽ ആലി അറിയിച്ചു.

വൈറസ് വ്യാപനത്തിൻ്റെ ഓരോ ഘട്ടത്തിലും സൗദി അറേബ്യ ആവശ്യമായ സർവേകളും പഠനങ്ങളും നടത്തുന്നുണ്ട്, എല്ലാ ഘട്ടത്തിലും ആവശ്യമായ പ്രതിരോധ നടപടികൾ ഒരുക്കുന്നതിൽ ലോക തലത്തിൽ തന്നെ സൗദി മുഖ്യ സ്ഥാനത്താണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം കൊറോണ ബാധിച്ച് താമസസ്ഥലങ്ങളിൽ ഐസൊലേഷനിൽ കഴിയുന്നവർക്കുള്ള പ്രധാാന ഉപദേശങ്ങളും സൗദി ആരോഗ്യ മന്ത്രാലയം നൽകി. പ്രധാനമായും വൈറസ് ബാധിച്ചവർ ശാന്തമായ മാനസികാവസ്ഥയിൽ കഴിയണമെന്ന് മന്ത്രാലയം ഓർമ്മപ്പെടുത്തുന്നു. ശാന്തമായ മനസ്സ് പ്രതിരോധ ശേഷി വർദ്ധിപ്പിക്കും.

അതോടൊപ്പം, വൈറസ് ബാധിച്ചവർ സ്വന്തം വസ്തുക്കളും ഉപകരണങ്ങളും മാത്രം ഉപയോഗിക്കുക. അവ വെള്ളം ഉപയോഗിച്ച് നന്നായി കഴുകുക. കഴിയുന്നതും പ്ളാസ്റ്റിക്ക് വസ്തുക്കൾ ഉപയോഗിക്കുക. റൂമിലേക്ക് നല്ല വായു സഞ്ചാരം ഒരുക്കുക. താമസസ്ഥലത്ത് തന്നെ ഒരാളിൽ നിന്ന് എന്തെങ്കിലും സാധനങ്ങൾ കൈപ്പറ്റുംബോൾ മാസ്ക് ധരിക്കുകയും രണ്ട് മീറ്റർ അകലം പാലിക്കുകയും ചെയ്യുക. റൂമിൻ്റെ വാതിലിൻ്റെ പിടിയിൽ തൊട്ടാൽ അണുനശീകരണി ഉപയോഗിച്ച് കഴുകുക. ശ്വാസ തടസ്സമോ മറ്റു പുതിയ ലക്ഷണങ്ങളോ അനുഭവപ്പെട്ടാൽ ഉടൻ മറ്റുള്ളവരെ അറിയിക്കുക എന്നിവ പാലിക്കുകയും ചെയ്യുക. രോഗ ലക്ഷണങ്ങൾ ഉള്ളവർ ആരോഗ്യ മന്ത്രാലയത്തിൻ്റെ വിവിധ തരത്തിലുള്ള ചികിത്സാ സേവനങ്ങൾ ഉപയോഗപ്പെടുത്തണമെന്നും ആരോഗ്യ മന്ത്രാലയം നിർദ്ദേശിക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്