Sunday, September 22, 2024
Saudi ArabiaTop Stories

ജാഗ്രതയോടെ നമ്മൾ മടങ്ങുന്നു; സൗദിയിൽ കർഫ്യൂ പൂർണ്ണമായും ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട 9 തീരുമാനങ്ങൾ ഇവയാണ്

ജിദ്ദ: ജാഗ്രതയോടെ നമ്മൾ മടങ്ങുന്നു എന്ന സന്ദേശവുമായി നാളെ (ഞായറാഴ്ച) മുതൽ സൗദി അറേബ്യയിലെ മുഴുവൻ ഭാഗങ്ങളും സാധാരണ ജീവിതത്തിലേക്ക് പ്രവേശിക്കുകയാണ്. കഴിഞ്ഞ മാസങ്ങളിൽ വിവിധ ഘട്ടങ്ങളിലായി നടപ്പിലാക്കിയ കർഫ്യൂ മക്കയിലും ജിദ്ദയിലുമടക്കം രാജ്യത്തിൻ്റെ മുഴുവൻ ഭാഗങ്ങളിലും പൂർണ്ണമായും ഒഴിവാക്കുന്നതിനായി സല്മാൻ രാജാവ് അംഗീകാരം നൽകുകയായിരുന്നു. കർഫ്യൂ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട 9 തീരുമാനങ്ങൾ താഴെ വിവരിക്കുന്നു:

1. ജൂൺ 21 ഞായറാഴ്ച രാവിലെ 6 മണി മുതൽ സൗദിയിലെ മുഴുവൻ പ്രവിശ്യകളിലും നഗരങ്ങളിലും കർഫ്യൂ ഒഴിവാക്കി. എല്ലാ വാണിജ്യ വ്യാപാര പ്രവർത്തനങ്ങളും പുനരാരംഭിക്കാൻ അനുമതി.

2. വാണിജ്യ വ്യാപാര പ്രവർത്തനങ്ങൾ നടത്തുന്നവർ അംഗീകരിക്കപ്പെട്ട സുരക്ഷാ മുൻകരുതലുകൾ പാലിച്ചിരിക്കണം.

3. സാമൂഹിക അകലം പാലിച്ചിരിക്കണം. എല്ലാവരും മാസ്ക്ക് ധരിച്ചിരിക്കണം, അല്ലെങ്കിൽ ഏതെങ്കിലും രീതിയിൽ മൂക്കും വായും ആവരണം ചെയ്തിരിക്കണം.

4. 50 ലധികം ആളുകൾ ഒരുമിക്കുന്ന സംഗമങ്ങൾ പാടില്ല. എല്ലാ വിധ നടപടിക്രമങ്ങളും ആരോഗ്യ മന്ത്രാലയത്തിൻ്റെ ആനുകാലിക വിലയിരുത്തലിനും അവലോകത്തിനും വിധേയമായിരിക്കും.

5. ഉംറയും മദീന സിയാറയും നിർത്തലാക്കിയ നടപടി മാറ്റമില്ലാതെ തുടരും. അതേ സമയം ഈ തീരുമാനം ഹെൽത്ത് ഡാറ്റയുടെ അടിസ്ഥാനത്തിൽ ഇടക്കിടെ വിലയിരുത്തും.

6. അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തലാക്കിയ നടപടി തുടരും. അതോടൊപ്പം കര മാർഗ്ഗവും കടൽ മാർഗ്ഗവുമുള്ള സഞ്ചാരം നിർത്തലാക്കിയതും ഒരറിയിപ്പുണ്ടാകുന്നത് വരെ നിലവിലെ രീതിയിൽ തന്നെ തുടരും.

7.കൊറോണ വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയ നടപടിക്രമങ്ങൾ ലംഘിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമുള്ള ശിക്ഷാനടപടികൾ നടപ്പാക്കുന്നത് തുടരും.

8. എല്ലാ സ്വദേശികളും വിദേശികളും തൊഴിലുടമകളും ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കണമെന്നും എല്ലാവിധ പ്രതിരോധ,മുൻകരുതലുകൾ പാലിക്കുന്നതിൽ ശ്രദ്ധിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ഓർമ്മപ്പെടുത്തി.

9. അതോടൊപ്പം എല്ലാവരും തവക്കൽനാ, തബാഉദ് എന്നീ ആപുകൾ ഡൗൺലോഡ് ചെയ്യണമെന്നും വൈറസ് പ്രതിരോധ ശ്രമങ്ങളിൽ ഇതിനു വലിയ പ്രാധാന്യമാണുള്ളതെന്നും വൈറസിനെക്കുറിച്ചുള്ള ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശങ്ങളും അറിയിപ്പുകളും യഥാസമയം ഇത് വഴി ലഭിക്കാൻ സഹായകരമാകുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്