വിശ്വസനീയമല്ലാത്ത കോവിഡ് പരിശോധനകൾക്കെതിരെ സൗദി ആരോഗ്യ മേധാവികളുടെ മുന്നറിയിപ്പ്.
ജിദ്ദ: കൊറോണ വൈറസ് രോഗം (കോവിഡ് -19) കണ്ടെത്തുന്നതിന് വിശ്വസനീയമല്ലാത്ത പരിശോധന രീതികൾ ഉപയോഗിക്കുന്നതിനെതിരെ സൗദി ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
കോവിഡ് രോഗബാധ കണ്ടെത്തുന്നതിനുള്ള ഏക മാർഗം പിസിആർ (പോളിമറേസ് ചെയിൻ റിയാക്ഷൻ) പരിശോധനയാണെന്നും, ആന്റിബോഡി റാപിഡ് ടെസ്റ്റ് നടത്താൻ ഞങ്ങൾ ശുപാർശ ചെയ്യുന്നില്ല എന്നും മന്ത്രാലയ വക്താവ് മുഹമ്മദ് അബ്ദുൽ അലി പറഞ്ഞു.
അനാസ്ഥയും, അമിതമായ പരിഭ്രാന്തിയും വ്യക്തികൾക്കും ചുറ്റുമുള്ള സമൂഹത്തിനും ദോഷം ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻകരുതൽ നടപടികൾക്ക് തുരങ്കം വയ്ക്കുന്നതും അവ പാലിക്കാത്തതും പരിഹരിക്കാനാകാത്ത നാശത്തിന് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കർഫ്യൂ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന്റെ മൂന്നാം ഘട്ടത്തിലേക്ക് രാജ്യം പ്രവേശിക്കുമ്പോൾ, സമൂഹ പ്രാർത്ഥനയ്ക്കായി പള്ളികളിൽ പങ്കെടുക്കുന്നവർ വീട്ടിൽ നിന്ന് തന്നെ വുദു എടുത്ത് വരിക, സ്വന്തം പ്രാർത്ഥന മുസല്ലകൾ കയ്യിൽ കരുതുകയും ഖുർആൻ പള്ളികളിലുള്ളത് എടുക്കാതെ സ്വന്തമായി കരുതുകയോ മൊബൈലുകളിൽ ഖുർആൻ വായിക്കുകയോ ചെയ്യണമെന്നും അബ്ദുൽ അലി അഭിപ്രായപ്പെട്ടു.
“നിങ്ങളുടെ അയൽക്കാരെയും ബന്ധുക്കളെയും പള്ളിയിൽ കണ്ടുമുട്ടുമ്പോൾ ബഹുമാനിക്കുന്ന രീതിയിൽ അവരെ അംഗീകാരത്തോടെ നോക്കുക, ഹസ്തദാനം ചെയ്യുകയോ അവരെ ആലിംഗനം ചെയ്യുകയോ ചെയ്യരുത്”, അദ്ദേഹം മുന്നറിയിപ്പ് നൽകി.
രണ്ട് വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് ഫെയ്സ് മാസ്ക് ധരിക്കാമെന്ന് അദ്ദേഹം പറഞ്ഞു. പുറത്തുപോകുമ്പോൾ, കുട്ടികൾക്കൊപ്പം എല്ലായ്‌പ്പോഴും ഒരു മുതിർന്നയാൾ ഉണ്ടായിരിക്കണം എന്നും അദ്ദേഹം ഓർമപ്പെടുത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa