Saturday, November 16, 2024
Saudi ArabiaTop Stories

സൗദിയിൽ ബാർബർ ഷോപ്പുകളിലും ബ്യൂട്ടി പാർലറുകളിലും വ്യാപക പരിശോധന.

ജിദ്ധ: കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ മുൻകരുതൽ നടപടികളുടെ ഭാഗമായി, സൗദിയിലെ വിവിധ നഗരങ്ങളിൽ ബാർബർ ഷോപ്പുകളിലും, ബ്യൂട്ടി പാർലറുകളിലും പരിശോധന ശക്തമാക്കി.

കർഫ്യു നിയന്ത്രണങ്ങൾ ഒഴിവാക്കിയതിന് ശേഷം, ജിദ്ദയിൽ ബാർബർ ഷോപ്പുകളിലും, ബ്യൂട്ടി പാർലറുകളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. ആയിരക്കണക്കിന് സ്ഥാപനങ്ങളിൽ ജിദ്ദ മുനിസിപ്പാലിറ്റി അധികൃതർ പരിശോധന നടത്തുകയും പ്രതിരോധ നടപടികൾ പാലിക്കാത്തതിന് നിരവധി സ്ഥാപനങ്ങൾ അടപ്പിക്കുകയും, പിഴ ചുമത്തുകയും ചെയ്തു.

മക്കയിൽ അൽമആബിദ ബലദിയ പരിധിയിൽ നിരവധി ബാർബർഷോപ്പുകളിൽ മുനിസിപ്പാലിറ്റി അധികൃതർ പരിശോധന നടത്തുകയും, 13 ഷോപ്പുകൾ അടപ്പിക്കുകയും ചെയ്തു.

ആരോഗ്യ നിയമ ലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 25 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയതായി അൽമആബിദ ബലദിയ മേധാവി എൻജിനീയർ യാസിർ മക്കാവി പറഞ്ഞു.

അൽകോബാറിൽ 51 ബാർബർ ഷോപ്പുകൾ അടപ്പിച്ചതായി അൽകോബാർ ബലദിയ മേധാവി എൻജിനീയർ സുൽത്താൻ അൽസായിദി പറഞ്ഞു. ഇവിടെ വനിതാ വിഭാഗം 47 ലേഡീസ് ബ്യൂട്ടി പാർലറുകളിൽ പരിശോധന നടത്തി.

നജ്‌റാനിൽ കൊറോണ പ്രതിരോധ നടപടികൾ ലംഘിച്ച നാല് ബാർബർഷോപ്പുകൾ അടപ്പിച്ചു. അൽഖസീമിൽ 95 നിയമ ലംഘനങ്ങൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.

മദീനയിൽ ബാർബർഷോപ്പുകളിലും ബ്യൂട്ടി സലൂണുകളിലും നടത്തിയ പരിശോധനയിൽ, 90 സ്ഥാപനങ്ങൾ അടപ്പിക്കുകയും, നിരവധി സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും ചെയ്തു.

ആൽബഹയിൽ ബാർബർ ഷോപ്പുകൾ, ബ്യൂട്ടിപാർലറുകൾ എന്നിവയുമായി ബന്ധപ്പെട്ട് 258 നിയമ ലഘനങ്ങൾ പരിശോധനയിൽ കണ്ടെത്തിയതായി അൽബാഹ മേയർ ഡോ. അലി അൽസവാത് പറഞ്ഞു. പതിനേഴ് സ്ഥാപനങ്ങൾ ഇവിടെ അധികൃതർ അടപ്പിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa