കൊറോണ മുൻകരുതൽ നിർദ്ദേശങ്ങൾ പാലിക്കാത്തത് സൗദി പൗരനു തൻ്റെ പിതാവിനെ നഷ്ടപ്പെടാൻ ഇടയാക്കി; തബാഉദ് ആൻഡ്രോയിഡിലും ലഭ്യം; സൗദിയിൽ ഇന്ന് കൊറോണ ബാധിച്ച് മരണപ്പെട്ടവരിൽ പകുതിയിലധികവും റിയാദിൽ
ജിദ്ദ: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2589 പേർക്ക് കൂടി അസുഖം ഭേദമായതോടെ സൗദിയിൽ കൊറോണയിൽ നിന്നും മുക്തി നേടിയവരുടെ ആകെ എണ്ണം 1,20,471 ആയി ഉയർന്നു. 3938 പേർക്ക് കൂടി വൈറസ് ബാധയേറ്റതോടെ ഇത് വരെ രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 1,74,577 ആയിട്ടുണ്ട്. ഇതിൽ 52,632 കേസുകളാണു നിലവിൽ ആക്റ്റീവ് ആയിട്ടുള്ളത്. 2273 പേർ ഗുരുതരാവസ്ഥയിലാണുള്ളത്.
പുതുതായി 46 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ സൗദിയിലെ ആകെ കൊറോണ മരണം 1474 ആയിട്ടുണ്ട്. റിയാദിലാണു പുതുതായി ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്. 27 പേരാണു റിയാദിൽ മാത്രം മരണപ്പെട്ടത്. ജിദ്ദയിൽ 4 ഉം അൽ മബ്രസിലും ഹുഫൂഫിലും 3 ഉം മക്ക, ദമാം, ത്വാഇഫ് എന്നിവിടങ്ങളിൽ 2 പേർ വീതവും ഖതീഫ്, മദീന, അൽമന്ദഖ് എന്നിവിടങ്ങളിൽ ഓരോരുത്തരുമാണു മരണപ്പെട്ടത്.
നേരത്തെ സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചത് പോലെ തബാഉദ് അപ്ളിക്കേഷൻ ഇപ്പോൾ ആൻഡ്രോയിഡിലും ലഭ്യമായിട്ടുണ്ട്. വൈറസ് ബാധിച്ചയാളുമായി സമ്പർക്കം പുലർത്തിയിട്ടുണ്ടെങ്കിൽ അത് അറിയിക്കുന്നതിനുള്ള ആപ് ആണ് തബാഉദ്. https://play.google.com/store/apps/details?id=sa.gov.nic.tabaud എന്ന ലിങ്ക് വഴി തബാഉദ് ഡൗൺലോഡ് ചെയ്യാം. ആപ് സ്റ്റോറിൽ തബാഉദ് നേരത്തെ ലഭ്യമാണ്.
അതേ സമയം ആളുകൾ ആരോഗ്യ വിഭാഗം അറിയിച്ച സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തത് കാരണം വൈറസ് വ്യാപനമുണ്ടാകുമെന്നതിൻ്റെ തെളിവായി സൗദിയിൽ കഴിഞ്ഞ ദിവസം ഒരു കുടുംബത്തിലുണ്ടായ ദു:ഖകരമായ അനുഭവം ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി.
അടുത്ത പട്ടണത്തിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയെത്തിയ ഒരു യുവാവിൻ്റെ അശ്രദ്ധ മൂലം മാതാപിതാക്കൾക്കും കുടുംബത്തിലെ മറ്റു 16 പേർക്കും വൈറസ് ബാധിക്കാനിടയായ സംഭവമാണു ആരോഗ്യ മന്ത്രാലയം അറിയിച്ചത്. മടങ്ങിയെത്തിയ യുവാവ് ഹസ്തദാനം ചെയ്യുകയും മറ്റു മുൻകരുതലുകൾ പാലിക്കാതിരിക്കുകയും ചെയ്തതാണു വൈറസ് പകരാൻ ഇടയാക്കിയത്. ഇതിൽ വൈറസ് ബാധിച്ച യുവാവിൻ്റെ പിതാവ് പിന്നീട് മരണപ്പെടുകയും ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa