മാസ്ക്ക് മറക്കല്ലേ; സൗദിയിൽ മലയാളിക്ക് ശിക്ഷ ലഭിച്ചത് 2500 റിയാൽ പിഴയും 8 മണിക്കൂർ പോലീസ് കസ്റ്റഡിയും
റിയാദ്: മാസ്ക്ക് ധരിക്കാതെ ബൂഫിയയിലേക്ക് ചായ വാങ്ങാൻ പോയ മലയാളിക്ക് 2500 റിയാൽ പിഴ ലഭിച്ചു. കൂടാതെ 8 മണിക്കൂർ പോലീസ് കസ്റ്റഡിയിൽ കഴിയേണ്ടതായും വന്നതായി റിപ്പോർട്ട്.
ജോലിയാവശ്യാർത്ഥം ദമാമിൽ നിന്ന് റിയാദിലെത്തിയ മലയാളിക്കായിരുന്നു ഈ അനുഭവം. സ്വയം കാറോടിച്ച് വന്നതിനാൽ ക്ഷീണം മാറ്റാനായി കാർ റോഡരികിൽ നിർത്തിയിട്ട് അടുത്തുള്ള ബൂഫിയയിൽ ചായ വാങ്ങാനായി പോയതായിരുന്നു.
എന്നാൽ ഉപയോഗിച്ചിരുന്ന മാസ്ക് കാറിൽ ഊരി വെച്ചായിരുന്നു മലയാളി ബൂഫിയയിൽ എത്തിയത്. യാദൃശ്ചികമായി ആ സമയം അവിടെ എത്തിയ പോലീസ് അദ്ദേഹത്തെ മാസ്ക്ക് ധരിക്കാത്തതിൻ്റെ പേരിൽ പിടി കൂടുകയായിരുന്നു.
പോലീസ് സ്റ്റേഷനിൽ എത്തിച്ച മലയാളിയെ മെഡിക്കൽ പരിശോധന നടത്തുകയും 8 മണിക്കൂർ കസ്റ്റഡിയിൽ വെക്കുകയും ചെയ്തു. ഈ സമയം പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കേണ്ടതിൻ്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന ഉപദേശങ്ങളും ഇദ്ദേഹത്തിനു പോലീസുകാർ നൽകി.
തുടർന്ന് മാസ്ക്ക് ധരിക്കാത്തതിനു 1000 റിയാലും അദ്ദേഹത്തിൻ്റെ കാർ പോലീസ് സ്റ്റേഷനിൽ എത്തിക്കേണ്ടി വന്നതിനു 1500 റിയാലും ചേർത്ത് പിഴ ചുമത്തുകയായിരുന്നു. കൊറോണ പ്രതിരോധത്തിൻ്റെ ഭാഗമായി സൗദിയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ പരിശോധനയാണു നടക്കുന്നത്. നിയമ ലംഘകരെ നാടു കടത്താൻ വരെ വകുപ്പുണ്ട്. നിയമ നടപടികളെ പേടിച്ച് മാസ്ക് ധരിക്കുന്നതിനപ്പുറം അത് സാമൂഹ്യ ബാധ്യതയാണെന്നും കൂടി ഓരോരുത്തരും മനസ്സിലാക്കേണ്ടതുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa