Saturday, November 23, 2024
Saudi ArabiaTop Stories

ഇപ്പോൾ ഗൾഫിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയാലോ?

ജിദ്ദ: നിലവിലെ സാഹചര്യങ്ങളിൽ ഗൾഫിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്നതിനെ സംബന്ധിച്ച് പല അഭിപ്രായങ്ങളും സോഷ്യൽ മീഡിയയിൽ ഉയർന്ന് വരുന്നുണ്ട്. ഇപ്പോൾ നാട്ടിലേക്ക് മടങ്ങിയാലോ എന്ന രീതിയിലാണു പല ചോദ്യങ്ങളും ഉയരുന്നത്.

ഇങ്ങനെ ചോദിച്ചു സാവകാശം തീരുമാനം എടുക്കാൻ മാത്രം സമയവും സൗകര്യവും ഉള്ളവർക്ക് നിലവിൽ ഗൾഫിൽ ഏതെങ്കിലും രീതിയിൽ തുടരാൻ സാധിക്കുന്ന അവസ്ഥ തന്നെയായിരിക്കും ഉണ്ടായിരിക്കുക എന്ന് തന്നെ അനുമാനിക്കാം.

അത് കൊണ്ട് തന്നെ നിലവിലെ നമ്മുടെ നാട്ടിലെ അവസ്ഥയും ഗൾഫിലെ അവസ്ഥയും കൊറോണ സാഹചര്യവുമെല്ലാം പരിഗണിക്കുമ്പോൾ നാട്ടിലേക്ക് മടങ്ങുന്നത് കുറച്ചു കൂടി വൈകിപ്പിക്കുന്നതാണ് ബുദ്ധി എന്ന് തന്നെ പറയാം.

അയൽവാസി പോയി, സുഹൃത്ത് പോയി, അടുത്ത ബന്ധു പോയി, എന്ത് കൊണ്ട് എനിക്കും നാട്ടിൽ പോയിക്കൂടാ എന്ന ചിന്താഗതി പലർക്കും ഉണ്ടായേക്കാം. എന്നാൽ നമ്മുടെ ഭാവിയും നമ്മുടെ കുടുംബത്തിൻ്റെ ഭാവിയും തീരുമാനിക്കേണ്ടത് അവരല്ല മറിച്ച് നമ്മൾ തന്നെയാണെന്നത് ഈ സാഹചര്യത്തിൽ പ്രത്യേകം ഓർക്കേണ്ടതുണ്ട്. അത് കൊണ്ട് തന്നെ നമ്മുടെ തീരുമാനങ്ങൾ ഒരിക്കലും മറ്റുള്ളവരെ മാതൃകയാക്കേണ്ടതില്ല. മറിച്ച് നമ്മുടെ ജീവിത സാഹചര്യമാണു ഉചിതമായ തീരുമാനമെടുക്കുന്നതിൽ നമുക്ക് പ്രേരകമാകേണ്ടത്.

നാട്ടിലേക്ക് ഗൾഫിലെ ജോലി സാഹചര്യം മോശമായാൽ ഏത് സമയവും മടങ്ങാൻ നമുക്ക് സാധിക്കും. അതേ സമയം ഗൾഫിലേക്ക് ഏത് സമയവും തൊഴിൽ അന്വേഷിച്ചു പോകാൻ സാധിക്കും എന്ന പ്രതീക്ഷ ഇനി വേണ്ട എന്നത് നിലവിലെ അനുഭവങ്ങൾ നമ്മളെ പഠിപ്പിക്കുന്നുണ്ട്.

ഇനി കൊറോണയാണ് നാട്ടിലേക്ക് മടങ്ങാനുള്ള പ്രേരണയെങ്കിൽ നാട്ടിലെ അവസ്ഥയെക്കാൾ ഇപ്പോൾ സുരക്ഷിതം ഗൾഫ് തന്നെയാണ് എന്നത് തീർച്ചയാണല്ലോ. കാരണം ഗൾഫിൽ പലർക്കും കൊറോണ അറിഞ്ഞും അറിയാതെയും എല്ലാം ബാധിച്ച് പോയിക്കഴിഞ്ഞു. മാത്രമല്ല ഗൾഫിൽ വൈറസ് ബാധയുടെ ശരാശരി പ്രതിദിനം കുറഞ്ഞു കൊണ്ടിരിക്കുകയുമാണ്. അതേ സമയം നാട്ടിൽ രോഗികളുടെ എണ്ണം ദിനം പ്രതി കൂടി വരുന്ന വാർത്തകളാണു നമ്മൾ കണ്ട് കൊണ്ടിരിക്കുന്നത്. നാട്ടിൽ മടങ്ങിയെത്തിയ പല പ്രവാസികളും നാട്ടിലെ കൊറോണ കേസുകളുടെ എണ്ണം കണ്ടിട്ട് ക്വാറൻ്റൈൻ കഴിഞ്ഞിട്ടും പുറത്തിറങ്ങാൻ മടിക്കുന്ന സാഹചര്യമാണിപ്പോഴുള്ളത്.

നേരത്തെ കൊറോണ ഭീതിയിൽ എങ്ങനെയെങ്കിലും നാട്ടിൽ പോയാൽ മതി, നാട്ടിൽ നിന്ന് മരിച്ചാലും പ്രശ്നമില്ല എന്ന് പറഞ്ഞ് ടിക്കറ്റ് സംഘടിപ്പിച്ച് നാട്ടിലെത്തിയ സൗദിയിലെയും മറ്റു ചില രാജ്യങ്ങളിലെയും പല പ്രവാസി സുഹൃത്തുക്കളും ഇനി എന്നാണു തിരികെ പറക്കാൻ സാധിക്കുക എന്ന ചോദ്യം ഇപ്പോൾ ഉയർത്താൻ തുടങ്ങിയിട്ടുണ്ട് എന്ന കാര്യവും ഇപ്പോൾ അത്യാവശ്യമില്ലാതെ പോകാൻ ഉദ്ദേശിക്കുന്നവർ ഓർക്കുന്നത് നല്ലതാണ്.

കൂടാതെ നാട്ടിലെ ബിസിനസ് തൊഴിൽ സാഹചര്യങ്ങളുടെ അവസ്ഥ എല്ലാവർക്കും അറിയാൻ സാധിക്കുന്നതുമാണ്. കൊറോണ സാഹചര്യത്തിൽ ഏതെങ്കിലും മേഖലയിൽ ചുവടുറപ്പിക്കുന്നതിനും പലരും പ്രയാസപ്പെടുന്ന സമയവുമാണ്. ഏതെങ്കിലും ഒരു പ്രവാസി പുതിയ ഏതെങ്കിലും മാർഗങ്ങൾ കണ്ടെത്തി അത് മാധ്യമങ്ങൾ വാർത്തയാക്കുന്നത് കാണുന്ന നേരം തനിക്കും അങ്ങനെ ചെയ്യാമല്ലോ എന്ന് പലരും സ്വയം ചിന്തിച്ചേക്കാം. എന്നാൽ വിജയിച്ച വിരലിലെണ്ണാവുന്നവരെ മാത്രമെ സോഷ്യൽ മീഡിയയും മാധ്യമങ്ങളും പരിചയപ്പെടുത്തിയിട്ടുണ്ടാകൂ, അതേ സമയം പരാജയപ്പെട്ട നൂറു കണക്കിനു ആളുകളുടെ കഥകൾ പറയാതെ കിടക്കുന്നുണ്ട് എന്നതാണു വസ്തുത.

ചുരുക്കത്തിൽ നിലവിലെ സാഹചര്യത്തിൽ ഗൾഫിൽ പിടിച്ച് നിൽക്കാൻ സാധിക്കുന്നുണ്ടെങ്കിൽ കുറച്ച് ദിവസങ്ങൾ കൂടി പ്രവാസിയായി തുടരുകയാണു നല്ലത്. അതേ സമയം നാട്ടിലേക്ക് മടങ്ങേണ്ടി വന്നാൽ സ്വീകരിക്കേണ്ട തൊഴിൽ, ബിസിനസ്,വ്യവസായ മേഖലകളെക്കുറിച്ച് നന്നായി പഠിക്കുകയും ചെയ്യുക. എന്നും പ്രവാസിയായി തുടരാൻ പറ്റില്ലല്ലോ. ഒരിക്കൽ നമ്മൾ നാട്ടുകാരനാകൽ നിർബന്ധമാകുക തന്നെ ചെയ്യും. ആ സന്ദർഭത്തിൽ നമ്മുടെ ജീവിതം മുന്നോട്ട് കൊണ്ട് പോകാനുള്ള മാർഗങ്ങളെക്കുറിച്ച് നമ്മൾ ഇപ്പോൾ തന്നെ ആലോചിച്ച് തീരുമാനം കൈക്കൊള്ളുക.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്