Wednesday, November 27, 2024
QatarTop Stories

ഖത്തറിലെ ആരോഗ്യപ്രവർത്തകർക്ക് പ്രവാസി മലയാളിയുടെ ആദരവ്

ദോഹ: കൊറോണ വൈറസിനോട് പോരാടുന്ന ആരോഗ്യപ്രവര്‍ത്തകർക്ക് ഹൃദയത്തിൽ നിന്നു ആദരവ് പ്രകടമാക്കി ഖത്തറിൽ പ്രവാസ ജീവിതം നയിക്കുന്ന മലയാളി യുവാവ്. തൃശൂര്‍ സ്വദേശി ഷിഹാര്‍ ഹംസയാണ് ക്യാന്‍വാസില്‍ വിസ്മയം തീർത്ത് ഖത്തറിനെ അത്ഭുതപ്പെടുത്തിയത്. നൂറിലധികം ഛായാചിത്രങ്ങളാണ് ഷിഹാർ വരച്ചത്.

ഖത്തര്‍ പൊതുജനാരോഗ്യമന്ത്രി ഡോ.ഹനാന്‍ മുഹമ്മദ് അല്‍ഖുവാരി ഉള്‍പ്പെടെ കൊവിഡ് പോരാട്ടത്തിന് മുന്‍പന്തിയില്‍ നിന്ന ഖത്തറിന്റെ ഉരുക്കുവനിതകളെന്ന വിശേഷണത്തിന് അര്‍ഹരായ അഞ്ചു പേരെയാണ് 100-ാമത് ചിത്രത്തിനു തിരഞ്ഞെടുത്തത്.

ആരോഗ്യ മന്ത്രിയെ കൂടാതെ ക്രൈസിസ് മാനേജ്മെന്റ് സുപ്രീം കമ്മിറ്റി വക്താവും വിദേശകാര്യസഹമന്ത്രിയുമായ ലുല്‍വ റാഷിദ് അല്‍ഖാദര്‍, ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ കോര്‍പറേറ്റ് ഇന്‍ഫക്ഷന്‍ പ്രിവന്‍ഷന്‍-കണ്‍ട്രോള്‍ വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.ജമീല അല്‍ അജ്മി ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ.മുന അല്‍ മസലമണി, റുമൈല ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ.ഹനാദി ഹാമിസ് അല്‍ ഹമദ്, എന്നിവരാണ് ബാക്കി നാലു പേർ.

ലോകം കോവിഡ് പോരാട്ടത്തിൽ മുൻപന്തിയിൽ നിൽക്കുന്നവരെ ആദരിക്കുമ്പോൾ, ആരോഗ്യ പ്രവർത്തകരെ എങ്ങനെ ആദരിക്കണം എന്ന ചിന്തയിൽ നിന്നാണ് ചിത്രകലയിൽ വിസ്മയങ്ങൾ തീർക്കുന്ന ഷിഹാർ സുഹൃത്തായ മലയാളി ഡോക്ടറുടെ പോൾട്രയിറ്റ് വരച്ച് സമ്മാനമായി നൽകി ആദരവ് പ്രകടമാക്കിയത്. തുടർന്ന് ഓരോ ദിവസവും ഓരോരുത്തരുടെ ചിത്രം വരച്ചുതുടങ്ങുകയായിരുന്നു.

ഖത്തര്‍ ഗ്യാസില്‍ ടെക്നിക്കല്‍ അസിസ്റ്റന്റായി ജോലി ചെയ്യുന്ന ഷിഹാര്‍ നാലു മാസത്തിനിടെ വരച്ച് തീർത്തത് ഖത്തർ കൂടാതെ വിവിധ രാജ്യക്കാരായ ഡോക്ടര്‍മാരും നഴ്സുമാരും അടക്കമുള്ള ആരോഗ്യ പ്രവർത്തകരുടെ ചിത്രങ്ങളാണ്. വരച്ച ചിത്രങ്ങൾ അവർക്ക് നൽകുമ്പോഴുള്ള അവരുടെ സന്തോഷമാണ് ഏറ്റവും വലിയ അംഗീകാരവും സന്തോഷവുമെന്ന് ഈ ചെറുപ്പക്കാരൻ പറയുന്നു. ഭാര്യ ഫര്‍സാനയും മക്കളായ ഷെസ, സറിന്‍, നസ്നീന്‍ എന്നിവരും പ്രോത്സാഹനവുമായി കൂടെയുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa