ഗൾഫിൽ നിന്ന് കൊറോണ പടിയിറങ്ങുന്നു; സൗദിയിലും കുവൈത്തിലും ഖത്തറിലും കുറവ് കേസുകൾ
ഭീതിതമായ പകർച്ചവ്യാധിക്ക് ശേഷം ഗൾഫിൽ നിന്ന് കോവിഡ് 19-കൊറോണ വൈറസുകൾ പതിയെ പടിയിറങ്ങുന്നതായി പുതിയ റിപ്പോർട്ടുകൾ. ഇന്ത്യയടക്കമുള്ള നിരവധി രാജ്യങ്ങളിലെ സാധാരണക്കാരായ ലക്ഷക്കണക്കിനു പ്രവാസികൾക്ക് അത്താണിയാകുന്ന ഗൾഫ് മേഖല കോവിഡ് മുക്തമാകുന്നത് ഏറെ പ്രതീക്ഷയോടെയാണ് ലോകം നോക്കിക്കാണുന്നത്.
ലക്ഷക്കണക്കിനു മലയാളികൾ അടക്കമുള്ള പ്രവാസികൾ ജീവിക്കുന്ന സൗദി അറേബ്യ അപകട നില തരണം ചെയ്ത് തൊണ്ണൂറു ശതമാനത്തിനു മുകളിൽ കോവിഡ് രോഗികളും സുഖപ്പെട്ടതായാണ് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരമുള്ള സൂചനകൾ. ദിവസവും നാലായിരത്തിനു മുകളിൽ രോഗികളെ റിപ്പോർട്ട് ചെയ്തിരുന്ന സൗദി അറേബ്യ നിലവിൽ ആയിരത്തിനുമുകളിൽ മാത്രമാണ് രോഗബാധ.
48ലക്ഷത്തോളം ടെസ്റ്റുകൾ രാജ്യത്ത് നടന്നു. ഇരുനൂറോളം മലയാളികളടക്കം 3813 മരണങ്ങളാണ് സൗദിയിൽ റിപ്പോർട്ട് ചെയ്തത്. 312,924 കോവിഡ് രോഗികളിൽ 287,403 പേരുടേയും രോഗം സുഖപ്പെട്ടു. കൃത്യമായ നിരീക്ഷണവും കർശനമായ നിയന്ത്രണങ്ങളും രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി കുറച്ചതായി ആരോഗ്യമന്ത്രാലയം പറഞ്ഞു.
ഏറെ പ്രവാസിമരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്ന കുവൈറ്റിലും കൊറോണ കേസുകൾ കുറഞ്ഞു വരുന്നതായി സ്ഥിതിവിവര കണക്കുകൾ വ്യക്തമാക്കുന്നു. ഇപ്പോൾ അറുനൂറിൽ കുറവ് കേസുകൾ മാത്രമാണ് ദിവസവും റിപ്പോർട്ട് ചെയ്യുന്നത്. കർഫ്യു അടക്കമുള്ള നിയന്ത്രണങ്ങൾ ലഘൂകരിച്ചിട്ടും രോഗികളുടെ എണ്ണത്തിലുള്ള കുറവ് ശുഭലക്ഷണമായാണ് ആരോഗ്യ മന്ത്രാലയം വിലയിരുത്തിയത്.
ഏകദേശം 84000 കേസുകളിൽ 75000 കേസുകളും കുവൈറ്റിൽ സുഖപ്പെട്ടു. നിലവിൽ നൂറിനു താഴെ കേസുകൾ മാത്രമാണ് തീവ്ര പരിചരണ വിഭാഗത്തിലുള്ളത്. രാജ്യത്ത് 3500 കോവിഡ് ടെസ്റ്റുകൾ ദിവസവും നടക്കുന്നുണ്ട്.
ഒമാനിലും അതിതീവ്ര ഘട്ടം കടന്നുപോയിട്ടുണ്ട്. ആയിരത്തിനു മുകളിലുണ്ടായിരുന്ന കേസുകൾ ഇപ്പോൾ അറുനൂറിലേക്ക് താഴ്ന്നിരിക്കുന്നു. മസ്കറ്റും മത്ര അടക്കമുള്ള പ്രവാസികൾ തിങ്ങിപ്പാർക്കുന്ന നഗരങ്ങളും കേസുകൾ നന്നേ കുറവായിട്ടുണ്ട്. 85000 രോഗ ബാധിതരിൽ നിലവിൽ വെറും 4700 ഓളം രോഗികളാണ് ചികിത്സയിലുള്ളത്.
ഖത്തർ കൊറോണ കേസുകൾ നിയന്ത്രിക്കുന്നതിൽ ഏറെ മുന്നോട്ട് പോയിരിക്കുന്നു. ഒരു ഘട്ടത്തിൽ ആയിരത്തി അഞ്ഞൂറോളം കേസുകൾ ദിനംപ്രതി റിപ്പോർട്ട് ചെയ്തിടത്ത് നിലവിൽ 250 നു താഴെയാണ് ശരാശരി രോഗബാധ. ഒരു ലക്ഷത്തി പതിനെട്ടായിരത്തോളം കേസുകൾ റിപ്പോർട്ട് ചെയ്തതിൽ 115000 നു മുകളിൽ കേസുകളും സുഖപ്പെട്ടു. നിലവിൽ 3000ത്തിൽ താഴെ ആക്റ്റീവ് കേസുകൾ മാത്രമാണ് രാജ്യത്തുള്ളത്.
യുഎഇ യും നിയന്ത്രണങ്ങൾ എടുത്ത് കളഞ്ഞ് സാധാരണ നിലയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര വിമാനങ്ങൾക്ക് നിയന്ത്രണങ്ങളോടെ രാജ്യത്ത് പ്രവേശിക്കാനുള്ള അനുമതിയടക്കമുള്ള മാറ്റങ്ങൾ പ്രവാസികൾക്കും ഗുണകരമാണ്. ഒരു സമയത്ത് ഏറ്റവും കൂടുതൽ മലയാളികൾ കൊറോണ ബാധിച്ച് മരിച്ചുകൊണ്ടിരുന്ന യുഎഇ പിന്നീട് വളരെ പെട്ടന്ന് പ്രതിരോധ നിരയിൽ മുൻപന്തിയിലെത്തുകയായിരുന്നു. 69000 കേസുകളിൽ നിലവിൽ 8661 ആക്ടീവ് കേസുകൾ മാത്രമാണുള്ളത്.
ബഹറൈൻ ആണ് മരണങ്ങളുടെ കാര്യത്തിൽ ഏറ്റവും പിറകിലുള്ളത്. കൊറോണ രോഗബാധയും ഏറ്റവും കുറവ് ബഹറൈനിലാണ്. 51000 നു താഴെ രോഗ ബാധിതരും 189 മരണങ്ങളുമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 3197 കേസുകളിൽ 32 കേസുകൾ മാത്രമാണ് ഗുരുതരാവസ്ഥയിൽ തുടരുന്നത്.
കൊറോണ വൈറസ് പകർച്ചവ്യാധി മൂലം പ്രതിസന്ധിയിലായ പ്രവാസികൾക്ക് കുറഞ്ഞുവരുന്ന രോഗ നിരക്ക് ആശ്വാസകരമാണ്. സൗദി അറേബ്യയിലേക്ക് ഉടൻ പറന്നുയരുന്ന വിമാനങ്ങളിൽ പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുന്ന ആയിരങ്ങളാണ് ഉള്ളത്. കുവൈറ്റ് ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. യുഎഇയിലേക്ക് നിയന്ത്രണങ്ങളോടെ ഫ്ലൈറ്റുകൾ പറന്നു തുടങ്ങിയിട്ടുണ്ട്. സൗദി അടക്കമുള്ള ഗൾഫ് രാഷ്ട്രങ്ങൾ വ്യോമാതിർത്തികൾ തുറക്കുന്ന ശുഭകാലത്തെ പ്രതീക്ഷിച്ചിരിക്കുകയാണ് പ്രവാസികൾ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa