മൂന്ന് കുട്ടികളെ തട്ടിക്കൊണ്ട് പോയ സൗദി വനിതക്ക് വധ ശിക്ഷ വിധിച്ചു
ദമാം: മൂന്ന് കുട്ടികളെ തട്ടിക്കൊണ്ട് പോയി വർഷങ്ങളോളം കൂടെ താമസിപ്പിക്കുകയും മാരണവും മന്ത്രവാദവും പ്രയോഗിക്കുകയും ചെയ്ത സൗദി വനിതക്ക് ദമാം ക്രിമിനൽ കോടതി വധ ശിക്ഷ വിധിച്ചു.
ഖതീഫിലെ ആശുപത്രിയിൽ നിന്ന് 1993 ലായിരുന്നു ഈ സ്ത്രീ ആദ്യത്തെ കുട്ടിയെ തട്ടിക്കൊണ്ട് പോയത്. ശേഷം കുട്ടിയെ രേഖകളിൽ തൻ്റെ ആദ്യ ഭർത്താവിൻ്റെ മകനെന്ന പേരിൽ രെജിസ്റ്റർ ചെയ്യുകയായിരുന്നു. പിന്നീട് ഈ സ്ത്രീ വിവാഹ മോചിതയാകുകയും മറ്റൊരാളെ വിവാഹം ചെയ്യുകയും ചെയ്തു.
പിന്നീട് മറ്റു രണ്ട് കുട്ടികളെ കൂടി തട്ടിക്കൊണ്ട് പോയ സ്ത്രീ 2020 ൽ അവരുടെ പേരുകൾ തൻ്റെ രണ്ടാം ഭർത്താവിൻ്റെ കുട്ടികളെന്ന പേരിൽ രെജിസ്റ്റർ ചെയ്യാൻ തീരുമാനിച്ചു. എന്നാൽ ഭർത്താവ് അത് നിരസിച്ചു. തുടർന്ന് അവരെ പിതാവില്ലാത്തവരെന്ന രീതിയിൽ രെജിസ്റ്റർ ചെയ്യാൻ ശ്രമിച്ചപ്പോൾ ഉദ്യോഗസ്ഥർ സംശയിക്കുകയും അന്വേഷണം നടത്തുകയും ചെയ്തു.
തുടർന്ന് ഡി എൻ എ പരിശോധന നടത്തുകയും കുട്ടികളുടെ മാതാവ് അവരല്ലെന്ന് വ്യക്തമാകുകയും ചെയ്തതോടെ സംഭവങ്ങളുടെ ചുരുളഴിയുകയായിരുന്നു. ശേഷം അധികൃതർ കൂടുതൽ അന്വേഷണം നടത്തി.
അനേഷണത്തിൽ സ്ത്രീയുടെ വീട്ടിലുള്ള മറ്റു മൂന്ന് കുട്ടികളിൽ ഒരു ആൺ കുട്ടിയും പെൺ കുട്ടിയും മാത്രമാണു സ്ത്രീയുടെ യഥാർഥ സന്തതികളെന്നും മൂന്നാമത്തെയാളെ 27 വർഷം മുംബ് തട്ടിക്കൊണ്ട് പോന്നതാണെന്നും വ്യക്തമാകുകയായിരുന്നു.
ആൺ കുട്ടികളെ തട്ടിക്കൊണ്ട് പോരാൻ കാരണം അവർ ഭാവിയിൽ അദ്ധ്വാനിച്ച് കുടുംബത്തിനു വരുമാന മാർഗ്ഗമായിത്തീരുമെന്ന് കരുതിയിട്ടാണെന്നും പെൺകുട്ടികളെ ഇഷ്ടപ്പെടുന്നില്ലെന്നും സ്ത്രീ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
സ്ത്രീക്ക് വധ ശിക്ഷ വിധിച്ചതോടൊപ്പം മൂന്നാമത്തെ കുട്ടിയെ തട്ടിക്കൊണ്ട് പോകുന്നതിനു സഹായിച്ച യമനി പൗരനു 25 വർഷം തടവ് ശിക്ഷയും വിധിച്ചിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa