സൗദിയിൽ നിന്ന് റി എൻട്രിയിൽ പോയതിനു ശേഷം ഇനിയും ഇഖാമ പുതുക്കാത്തവർക്ക് ആശ്വാസം നൽകുന്ന വാർത്തയുമായി അനുഭവസ്ഥർ
ജിദ്ദ; സൗദിയിൽ നിന്ന് റി എൻട്രിയിൽ സ്വദേശങ്ങളിലേക്ക് പോകുകയും കൊറോണ മൂലം തിരിച്ചു വരവ് വൈകിയതിനാൽ ഇഖാമ കാലാവധി അവസാനിക്കുകയും ചെയ്തവർക്ക് ആശ്വാസമേകുന്ന വാർത്തയുമായി ചില അനുഭവസ്ഥർ.
സൗദിയിൽ നിന്ന് കൊണ്ട് തന്നെ സൗദിക്ക് പുറത്തുള്ളവരുടെയും റി എൻട്രി വിസകൾ പുതുക്കാൻ അബ്ഷിർ വഴിയും മുഖീം വഴിയും സംവിധാനം ഒരുങ്ങിയത് പോലെ ഇപ്പോൾ ഇഖാമയും പുതുക്കുന്നതിനുള്ള അവസരം ഒരുങ്ങുന്നതായാണു വിവരം.
കഴിഞ്ഞ ദിവസം നാട്ടിൽ അവധിയിൽ പോയ ഒരു സുഹൃത്തിൻ്റെ ഇഖാമ മുഖീം പോർട്ടൽ വഴി കമ്പനി ഒരു വർഷത്തേക്ക് പുതുക്കി നൽകിയതായാണു ഒരു മലയാളിയായ അനുഭവസ്ഥൻ ഞങ്ങളെ അറിയിച്ചത്.
അതേ സമയം ഈ സംവിധാനം നിലവിൽ മുഖീമിൽ മാത്രമേ ആയിട്ടുള്ളൂ എന്നും അബ്ഷിറിൽ ഇത് വരെ ആക്റ്റിവേറ്റ് ആയിട്ടില്ലെന്നുമാണു മനസ്സിലാക്കാൻ സാധിച്ചത്.
ഇഖാമ ഫീസുകളും ലെവിയും മറ്റും അടച്ചാൽ സ്പോൺസർക്ക് അവധിയിൽ പോയവരുടെയും ഇഖാമകൾ പുതുക്കാൻ സാധിക്കുമെന്നത് ഓട്ടോമാറ്റിക്കായി പുതുക്കുന്ന സംവിധാനത്തിൽ ഉൾപ്പെടാത്ത നിരവധി പ്രവാസികൾക്ക് ആശ്വാസമായേക്കും.
അതേ സമയം ഇത് സംബന്ധിച്ച് ഇത് വരെ ഔദ്യോഗിക പ്രഖ്യാപനം ഒന്നും ജവാസാത്ത് നടത്തിയിട്ടില്ല. ജവാസാത്തിനോട് ഇത് സംബന്ധിച്ച് സംശയം ചോദിക്കുന്ന സമയത്ത് അവധിയിൽ പോയ കുടുംബാംഗങ്ങളുടേത് അബഷിർ വഴി പുതുക്കാൻ സാധിക്കുമെന്നാണു മറുപടി നൽകുന്നത്.
കൂടാതെ കൊറോണ മൂലം മടങ്ങാൻ സാധിക്കാത്തവരുടെ ഇഖാമകളും റി എൻട്രിയും ഓട്ടോമാറ്റിക്കായി പുതുക്കി നൽകുമെന്ന അറിയിപ്പും ജവാസാത്ത് ഇപ്പോഴും ആവർത്തിക്കുന്നുണ്ട്. ഏതായാലും വരും ദിനങ്ങളിൽ ഇത് സംബന്ധിച്ച് ജവാസാത്ത് തന്നെ ഔദ്യോഗികമായി പ്രഖ്യാപനം നടത്തുമെന്ന് പ്രതീക്ഷിക്കാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa