Sunday, September 22, 2024
DubaiTop StoriesU A E

യുഎഇയിൽ നാല് മാസത്തിനിടെ ഏറ്റവും ഉയർന്ന വൈറസ് ബാധ റിപ്പോർട്ട് ചെയ്തു

ദുബൈ: യുഎഇയിൽ കഴിഞ്ഞ നാല് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന കോവിഡ് 19 ബാധ ഇന്ന് റിപ്പോർട്ട് ചെയ്തു. 930 കേസുകളാണ് ഇന്ന് മാത്രം റിപ്പോർട്ട് ചെയ്തത്.

അതേ സമയം കഴിഞ്ഞ ഒരു മാസത്തിലെ കണക്കുകൾ പരിശോധിക്കുമ്പോൾ അഞ്ചിരട്ടി വർദ്ധനയാണ് രാജ്യത്ത് രേഖപ്പെടുത്തപ്പെട്ടത്.

24 മണിക്കൂറിനിടെ അഞ്ചു പേർ കൂടി മരണപ്പെട്ടതോടെ കോവിഡ് ബാധ മൂലം യുഎഇയിൽ മരിച്ചവരുടെ എണ്ണം 398 ആയി. 586 പേർക്ക് രോഗം സുഖപ്പെട്ടുവെന്നും യുഎഇ ആരോഗ്യ വിഭാഗം അറിയിച്ചു.

179 കേസുകൾ ഉണ്ടായിരുന്ന ആഗസ്റ്റ് 10 ൽ നിന്നും 930 കേസുകളിലേക്ക് ഉയരാനുള്ള പ്രധാന കാരണം പാർട്ടികളിലും തൊഴിൽ സ്ഥലങ്ങളിലും ഒക്കെ കോവിഡ് പ്രോട്ടോകോൾ പാലിക്കാതെ ജനങ്ങൾ ഒരുമിച്ചു കൂടിയതാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

വിദേശത്ത് നിന്നെത്തുന്നവരിൽ നിന്നും, അവർ പാലിക്കേണ്ട 14 ദിവസത്തെ നിരീക്ഷണം അനുസരിക്കാത്തതിനാൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 12 ശതമാനം വൈറസ് ബാധ ഉണ്ടായിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

കടകളിൽ വരുന്ന കസ്റ്റമേഴ്സിന്റെ ശരീരോഷ്മാവ് പരിശോധിക്കലും മാസ്ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും അടക്കമുള്ള സുരക്ഷാ മാനദണ്ഡങ്ങൾ ശരിക്കും പാലിക്കപ്പെടാത്തത് കൊണ്ടുമാണ് ഇത്രയേറെ വർദ്ധനവുണ്ടായത് എന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
കോവിഡ് രോഗത്തിൻറെ ലക്ഷണങ്ങൾ ഉണ്ടായിട്ടും അത് അവഗണിച്ചുകൊണ്ട് ജനങ്ങൾക്കിടയിൽ ഇടപഴകി നടക്കുന്നവരും രോഗവ്യാപനത്തിന് വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് ഉണർത്തി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q