സൗദി ചാനലിലും സോഷ്യൽ മീഡിയകളിലും വൈറലായി മലയാളി; കാരണം തനിക്ക് തുണയായ സൗദി അറേബ്യയെ മറക്കാതിരുന്നത്
ജിദ്ദ: സൗദിയിലെ പ്രമുഖ ചാനൽ അൽ ഇഖ്ബാരിയ ഒരു മലയാളിയുടെ വിശേഷങ്ങൾ പങ്ക് വെക്കാനായി സമയം ചെലവഴിച്ച അപൂർവ്വ കാഴ്ച ശ്രദ്ധേയമായി.
സൗദിയിലെ തുറൈഫിൽ കഴിഞ്ഞ 26 വർഷമായി ജോലി ചെയ്തിരുന്ന മലയാളിയായ അബ്ദുൽ സമദ് ഇപ്പോൾ നാട്ടിൽ ഒരു റെസ്റ്റോറൻ്റ് തുടങ്ങുകയും അതിനു തുറൈഫ് എന്ന പേരിടുകയും ചെയ്തതാണു സംഭവത്തിനു പിറകിൽ.
തുറൈഫിൽ നിന്ന് അവധിയിൽ നാട്ടിലെത്തിയ അബ്ദുൽ സമദ് കൊറോണ കാരണം മടങ്ങാൻ സാധിക്കാതെ വന്നപ്പോൾ നാട്ടിൽ റെസ്റ്റോറൻ്റ് ആരംഭിക്കുകയും തുറൈഫ് എന്ന് പേരിടുകയുമായിരുന്നു.
പ്രമുഖ സൗദി ചാനലായ അൽ ഇഖ്ബാരിയയിലെ അറാസ്ദ് എന്ന പ്രോഗാമിനു അബ്ദുൽ സമദ് ഓൺലൈനിലൂടെ നൽകിയ അഭിമുഖം ചാനലിൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും സൗദിയിലെ മറ്റു പ്രമുഖ ഓൺലൈൻ പത്രങ്ങളിലും സോഷ്യൽ മീഡീയ പ്ളാറ്റ്ഫോമുകളിലും ഇതിനകം വൈറലായിക്കഴിഞ്ഞു.
50 വയസ്സ് കഴിഞ്ഞ അബ്ദുൽ സമദിൻ്റെ ജീവിതത്തിൻ്റെ പകുതിയിലധികം ആയുസ്സും തുറൈഫിൽ ചെലവഴിച്ചുവെന്നും തുറൈഫിലെ ജനങ്ങൾ നല്ലവരാണെന്നും അബ്ദുൽ സമദ് പറയുന്നത് മാധ്യമങ്ങൾ പ്രത്യേകം എടുത്തു പറയുന്നുണ്ട്.
ഒരിക്കൽ റൂം തുറന്ന് വെച്ച് തന്നെ ഉംറക്ക് പോയി തിരികെ വന്നപ്പോഴും ഒന്നും നഷ്ടപ്പെടാതിരുന്ന അനുഭവവും അബ്ദുൽ സമദ് തുറൈഫിലെ ജനങ്ങളുടെ മേന്മയായി പറയുന്നു.
ഏതായാലും ഇത്രയും കാലം തന്നെ പോറ്റിയ നാടിനെ മറക്കാതെ താൻ ആരംഭിച്ച പുതിയ സംരംഭത്തിനു ആ നാടിൻ്റെ പേരിട്ട അബ്ദുൽ സമദ് സൗദി മീഡിയകളിലും സോഷ്യൽ മീഡിയകളിലും താരമായിക്കഴിഞ്ഞു. ചാനൽ അഭിമുഖം കാണാം
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa