സൗദിയിൽ കാണാതായ മലയാളി മരിച്ചതായി പോലീസ്; തിരിച്ചറിഞ്ഞത് വിരലടയാളത്തിലൂടെ
റിയാദ്: മൂന്ന് മാസം മുൻപ് സൗദിയിലെ റിയാദിൽ കാണാതായ മലയാളി മരിച്ചതായി പോലീസ് അറിയിച്ചു. തൃശൂർ ചെന്ത്രാപ്പിനി സ്വദേശി തളിക്കുളം മുഹമ്മദ് എന്ന സെയ്ദു മുഹമ്മദ് മരണപ്പെട്ടതായാണ് പോലീസ് സ്ഥിരീകരിച്ചത്. 57 വയസ്സായിരുന്നു. മെയ് 28ന് ആയിരുന്നു ഇദ്ദേഹത്തെ കാണാതായത്.
അജ്ഞാത മൃതദേഹമായി മോർച്ചറിയിലെത്തിയിരുന്ന ഇദ്ദേഹത്തിന്റെ മൃതദേഹം പിന്നീട് പോലീസ് വിരലടയാളത്തിലൂടെ തിരിച്ചറിയുകയായിരുന്നു. റിയാദിലെ മൻഫുഅയിൽ വെച്ച് ഹൃദയാഘാതം മൂലം മരണം സംഭവിച്ചതായാണ് വിവരം.
മൂന്ന് മാസമായിട്ടും ബന്ധുക്കളൊന്നും എത്താത്തതിനെ തുടർന്ന് ഈ കഴിഞ്ഞ ആഗസ്റ്റ് 30 ന് നഗരസഭയുടെ മേൽനോട്ടത്തിൽ മൻസൂരിയ മഖ്ബറയിൽ ഖബറടക്കിയതായി പോലീസ് അറിയിച്ചു.
പനി ബാധിച്ച് സുമൈഷി ആസ്പത്രിയിൽ ചികിത്സ തേടിയിരുന്നു. എന്നാൽ പിന്നീട് ഇദ്ദേഹത്തെ കാണാതാവുകയായിരുന്നു. തുടർന്ന് സഹോദര പുത്രൻ അനൂപും സാമൂഹിക പ്രവർത്തകരും അന്വേഷിച്ചെങ്കിലും യാതൊരു വിവരവും ലഭിച്ചിരുന്നില്ല.
കഴിഞ്ഞ ദിവസം മറ്റൊരു മരണവുമായി ബന്ധപ്പെട്ട് സാമൂഹിക പ്രവർത്തകർ നടത്തിയ അന്വേഷണത്തിനിടെയാണ് സെയ്ദ് മുഹമ്മദിന്റെ മരണം സ്ഥിരീകരിച്ചത്.
സുലൈയിലെ ഫൂഡ് കമ്പനിയിൽ സെയിൽസ്മാനായി ജോലി ചെയ്യുകയായിരുന്നു മരിച്ച സെയ്ദ് മുഹമ്മദ്. ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയ സമയത്ത് ഇന്ത്യൻ എംബസ്സിയുമായും സാമൂഹിക പ്രവർത്തകരുമായും ബന്ധപ്പെട്ടിരുന്നതായും പോലീസ് സൂചിപ്പിച്ചു. .ഭാര്യ: ഫഹ്മിദ. മക്കൾ: ഷിഫ, ഫഹീമ, ഫഹദ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa