സൗദി അറേബ്യയുടെ 90 ആം ദേശീയ ദിനത്തിൽ രാജ്യത്തിനു അഭിവൃദ്ധിയും ഭരണാധികാരികൾക്ക് ദീർഘായുസ്സും നേർന്ന് പ്രവാസികൾ
ജിദ്ദ: തങ്ങളുടെയും കുടുംബത്തിൻ്റെയും നാടിൻ്റെയും അഭിവൃദ്ധിയിലും പുരോഗതിയിലുമെല്ലാം പ്രധാന ഘടകമായി മാറിയ സൗദി അറേബ്യയുടെ 90 ആം ദേശീയ ദിനത്തിൽ രാജ്യത്തിനു അഭിവൃദ്ധിയും ഭരണാധികാരികൾക്ക് ദീർഘായുസ്സും നേർന്ന് പ്രവാസികളും സോഷ്യൽ മീഡിയകളിൽ തങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ഫേസ്ബുക്കിലും ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലും വാട്സാപിലുമെല്ലാം അന്നം തരുന്ന രാജ്യത്തിൻ്റെ ദേശീയ ദിനത്തിനു അഭിവാദ്യമർപ്പിക്കുന്ന തിരക്കിലാണു പ്രവാസ ലോകം.
കേരളക്കരയുടെ വിശിഷ്യാ മലബാർ മേഖലയുടെ ഇക്കാണുന്ന അഭിവൃദ്ധിയുടെയെല്ലാം അടിസ്ഥാന കാരണമാകാൻ സൗദി അറേബ്യയും സൗദിയിൽ ജോലി ചെയ്ത ലക്ഷക്കണക്കിനു പ്രവാസികളും കാരണമായിട്ടുണ്ടെന്നത് ഒരു വസ്തുതയാണെന്നത് മറക്കാൻ വയ്യ.
ആദ്യ കാലങ്ങളിൽ ഹജ്ജ് വിസകളിൽ കപ്പലിൽ യാത്ര ചെയ്ത് ദിവസങ്ങൾ താണ്ടി സൗദിയുടെ മണ്ണിൽ അഭയം തേടിയ പ്രവാസികൾക്കും, പിന്നീട് ഉംറ വിസയിൽ പോയി അനധികൃതരായിക്കഴിഞ്ഞ് വരുമാനം കണ്ടെത്തിയ പ്രവാസികൾക്കും അംഗീകൃത വിസകളിൽ പോയി ജോലി കണ്ടെത്തിയ പ്രവാസികൾക്കുമെല്ലാം ഈ നാടിൻ്റെ ആതിഥേയത്വത്തെ എങ്ങനെ മറക്കാനാാകും?.
നിതാഖാത്തും ലെവിയും ഫാമിലി ലെവിയും എല്ലാം വന്നിട്ടും ഇന്നും സൗദിയിലേക്ക് തന്നെ തിരിച്ച് വരാൻ ആഗ്രഹിക്കുന്ന നിരവധി മുൻ പ്രവാസികളുടെ മനസ്സ് വായിച്ചാൽ തന്നെ ഈ രാജ്യം നൽകുന്ന അഭയത്തിൻ്റെയും സുരക്ഷിത ബോധത്തിൻ്റെയും ആഴം മനസ്സിലാക്കാൻ സാധിക്കും.
എന്ത് കൊണ്ടാണു വീണ്ടും സൗദിയുടെ മണ്ണ് വലിയ ആകർഷണമാകുന്നതെന്ന് ചോദിച്ചാൽ അതിനു ഓരോരുത്തർക്കും വ്യത്യസ്ത മറുപടിയാണു പറയാനുള്ളത്.
മുസ്‌ലിംകൾക്ക് മക്കയും മദീനയുമെല്ലാം വലിയ പ്രാധ്യാന്യമുള്ള കാര്യങ്ങളാണെങ്കിൽ ജീവിതച്ചെലവ് വളരെയധികം കുറഞ്ഞ രാജ്യത്ത് നിന്ന് കൂടുതൽ സമ്പാദ്യം മിച്ചം വെക്കാൻ സാധിക്കുന്നു എന്നതാണു ബഹുഭൂരിഭാഗം പ്രവാസികളെയും ആകർഷിക്കുന്ന പ്രധാന ഘടകം.
ജോലി സമയം കഴിഞ്ഞ് സ്വസ്ഥമായി റൂമിൽ കഴിയാൻ സാധിക്കുന്ന മറ്റൊരു നാടുണ്ടോ എന്നത് സംശയമാണെന്നാണു മറ്റു ചിലരുടെ അഭിപ്രായം. അതേ സമയം വൈവിധ്യമാർന്ന സൗദിയുടെ പ്രകൃതിയും ചരിത്ര ശേഷിപ്പുകളും മറ്റും ലഹരിയായി മാറിയ സഞ്ചാരികളും ധാരാളമുണ്ടെന്നത് പറയാതെ വയ്യ.
ഏതായാലും അന്നം തരുന്ന രാജ്യത്തിൻ്റെ 90 ആം ദേശീയ ദിനത്തിൽ പങ്ക് ചേരാനൊരുങ്ങിയിരിക്കുകയാണു പ്രവാസ ലോകം. ഔദ്യോഗികമായി രാജ്യത്ത് ദേശീയ അവധി പ്രഖ്യാപിച്ചതിനാൽ ആഘോഷ പരിപാടികൾ നേരിട്ട് കാണാൻ പലരും അവസരം കാത്തിരിക്കുകയാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa