അവധിയിലെത്തിയ മലയാളികൾ വീണ്ടും സൗദിയിലേക്ക് പ്രവേശിച്ചു
ജിദ്ദ: ഇന്ത്യയിൽ നിന്നും സൗദിയിലേക്ക് വരുന്നവർക്ക് പ്രവേശനത്തിനു നിബന്ധനകൾ ഏർപ്പെടുത്തിയിരിക്കെ 14 ദിവസം ദുബൈയിൽ കഴിഞ്ഞ ചില മലയാളികൾ സൗദിയിലേക്ക് പ്രവേശിച്ചതായി വിശ്വസിനീയമായ റിപ്പോർട്ടുകൾ.
സൗദിയിലെത്തുന്നതിൻ്റെ മുംബായി 14 ദിവസത്തിനുള്ളിൽ ഇന്ത്യ, അർജൻ്റീന, ബ്രസീൽ എന്നീ രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ളവർക്ക് സൗദിയിലേക്ക് പ്രവേശനാനുമതി നിർത്തലാക്കിയിരുന്നു.
ഈ നിബന്ധന വരുന്നതിൻ്റെ മുംബ് തന്നെ ദുബൈയിൽ എത്തുകയും ദുബൈയിൽ 14 ദിവസത്തിലധികം എല്ലാ പ്രോട്ടോക്കോളും പാലിച്ച് താമസിക്കുകയും ചെയ്തവരാണു നിലവിൽ സൗദിയിലേക്ക് പ്രവേശിച്ചിട്ടുള്ളത്.
ദുബൈയിൽ നിന്നും സൗദിയിലേക്ക് പുറപ്പെടുന്നതിൻ്റെ മുംബ് കോവിഡ് ടെസ്റ്റ് നടത്തുകയും നെഗറ്റീവ് റിസൽറ്റുമായി 48 മണിക്കൂറിനുള്ളിൽ സൗദിയിലെത്തുകയും വേണമെന്നാണു അനുഭവസ്ഥർ വ്യക്തമാക്കുന്നത്.
നേരത്തെ 14 ദിവസ നിബന്ധന വരുന്നതിനു മുംബ് തന്നെ സെപ്തംബർ 15 നു ശേഷം നിരവധി മലയാളികൾ ദുബൈ വഴി സൗദിയിലേക്ക് എത്തിയിരുന്നു.
ഇപ്പോൾ 14 ദിവസം ഇന്ത്യയിൽ നിന്നും പുറത്തുള്ള ഏതെങ്കിലും രാജ്യത്ത് താമസിച്ചാൽ മാത്രമേ സൗദിയിലേക്ക് പ്രവേശനം സാധ്യമാകൂ എന്ന അവസ്ഥ വന്നതോടെ ചില ട്രാവൽ ഏജൻ്റുമാർ ദുബൈയിൽ താമസം അടക്കമുള്ള പാക്കേജുകളുമായി രംഗത്ത് വന്നിരുന്നു.
ടിക്കറ്റ് ഉൾപ്പെടാതെ കോവിഡ് ടെസ്റ്റും താമസവും ഭക്ഷണവും ദുബൈ വിസയുമെല്ലാം അടക്കമുള്ള പാക്കേജായിരുന്നു ട്രാവൽ ഏജൻ്റുമാർ പ്രഖ്യാപിച്ചിരുന്നത്.
സൗദിയിലേക്കുള്ള നേരിട്ടുള്ള മടക്ക യാത്ര ഇനിയും എത്ര നാൾ നീളുമെന്ന കാര്യത്തെക്കുറിച്ച് ഇത് വരെ ഒരു ഉറപ്പും ലഭിക്കാതിരുന്നതിനാൽ പെട്ടെന്ന് സൗദിയിൽ തിരികെ എത്തേണ്ടവർ ദുബൈ വഴി സൗദിയിലെത്താനായിരിക്കും ഇനി ശ്രമിക്കുക.
അതേ സമയം ഇഖാമകളും റി എൻട്രികളും കഴിഞ്ഞ ദിവസം പലരുടേതും അവസാനിച്ചിട്ടുണ്ട്. പലർക്കും കഫീലുമായി നേരിട്ട് ബന്ധപ്പെടാൻ സാധിക്കാത്തതിനാലും ലെവിയും മറ്റു ഫീസുകളും ഉള്ളതിനാലും ഓൺലൈൻ വഴിയും പുതുക്കാൻ സാധിച്ചിട്ടില്ല.
ജവാസാത്തിൽ നിന്ന് ഇനി ഓട്ടോമാറ്റിക്കായി പുതുക്കാനുള്ള സാധ്യതയെക്കുറിച്ച് ഒരു സൂചനയും ഇല്ലെന്നതിനാൽ ഇത്തരത്തിലുള്ള നിരവധി പേർ വലിയ ആശങ്കയിലാണുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa