തലച്ചോറിന്റെ 30 ശതമാനവും പുറത്ത്; അപൂർവ്വ വെല്ലുവിളി ഏറ്റെടുത്ത് ഷാർജ ഹോസ്പിറ്റൽ
ഷാർജയിലെ അൽ സഹ്‌റ ആശുപത്രിയിൽ അടുത്തിടെ പിറന്ന ഒരു കുഞ്ഞിന്റെ തലച്ചോറിന്റെ 30 ശതമാനവും തലയോട്ടിയുടെ പുറത്ത്. 5,000 ൽ ഒരാൾക്ക് മാത്രം ഉണ്ടാകുന്ന ഇൗ അവസ്ഥയിൽ നിന്നും കുഞ്ഞിനെ ഓപെറേഷൻ ചെയ്ത് രക്ഷിച്ചതിന്റെ നിർവൃതിയിലാണ് ഒരു സംഘം ഡോക്ടർമാർ.
മുമ്പ് മൂന്ന് തവണ സാധാരണപോലെ പ്രസവിച്ചിട്ടുള്ള കുട്ടിയുടെ മാതാവിൽ നിന്നും ഇപ്പ്രാവശ്യം സിസേറിയൻ ചെയ്താണ് കുട്ടിയെ പുറത്തെടുത്തത്. സ്കാനിംഗ് റിപ്പോർട്ട് അനുസരിച്ച് മുമ്പ് തന്നെ മുന്നറിയിപ്പ് നൽകിയിരുന്ന മാതാവ് എല്ലാം നേരിടാൻ തയ്യാറായിരുന്നു.
സിസേറിയന് നേതൃത്വം നൽകിയ ഡോക്ടർ ശാമ നവാസ് പറയുന്നത് ഇങ്ങനെ “30 വർഷത്തെ എൻറെ അനുഭവത്തിൽ രണ്ടാമത്തെ തവണയാണ് ഇത് സംഭവിക്കുന്നത്. ഈ കേസിന് വിവിധ തലങ്ങളിൽ കഴിവുതെളിയിച്ച, സമാനമായ ഒരു പ്രശ്നത്തെ നേരിട്ട ഡോക്ടർമാർ വേണം എന്നത് ഏറ്റവും വലിയൊരു വെല്ലുവിളിയായിരുന്നു.”
ന്യൂറോ സർജറി സ്പെഷലിസ്റ്റ് ഡോക്ടർ ബോബി ജോസിന് കീഴിലുള്ള സംഘമാണ് കുട്ടിയുടെ തലച്ചോർ തലയോട്ടിയുടെ ഉള്ളിലേക്ക് ആക്കാനുള്ള വെല്ലുവിളി ഏറ്റെടുത്തത്. പ്രസവിച്ച ഉടനെ ശക്തമായി അണുമുക്തമാക്കിയ തീവ്ര പരിചരണ വിഭാഗത്തിലേക്ക് കുട്ടിയെ മാറ്റുകയാണ് ആദ്യം ചെയ്തത്.
രണ്ട് ഘട്ടങ്ങളിലായാണ് സർജറി നടന്നത്. ആദ്യ ഘട്ടത്തിൽ പ്രസവിച്ച നാലാം ദിവസം തലയോട്ടിയുടെ പുറത്തുള്ള തലച്ചോർ സൂക്ഷ്മമായി മുറിച്ചുമാറ്റി. ശേഷം അത് തലയോട്ടിയുടെ അകത്ത് വെക്കുകയും തള്ളിനിൽക്കുന്ന ഭാഗങ്ങൾ കൃത്രിമ ആവരണം കൊണ്ട് കവർ ചെയ്യുകയും ചെയ്തു.
രണ്ടാം ഘട്ടത്തിൽ പ്രസവിച്ച എട്ടാം ദിവസം, കുട്ടിയുടെ തലച്ചോറിനകത്ത് കട്ടപിടിച്ച ദ്രാവകം പ്രത്യേക ശാസ്ത്രക്രിയ ചെയ്ത് തലയോട്ടിയിൽ നിന്നും വയറിലേക്ക് ട്യൂബ് വഴി മാറ്റി. ഇൗ പ്രക്രിയ ചെയ്യാൻ മണിക്കൂറുകളോളം കുട്ടി അബോധാവസ്ഥയിൽ നിൽക്കേണ്ടതുണ്ടായിരുന്നു. അതിനായി ധാരാളം അനസ്തേഷ്യ നൽകി.
സഹ പ്രവർത്തകരുടെ സജീവ സഹകരണവും ആത്മാർഥതയും കാരണമാണ് ഓപ്പെറേഷൻ വിജയിച്ചതെന്ന് ഡോക്ടർ ബോബി കൂട്ടിച്ചേർത്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa