സൗദിയിലെ പ്രവാസികൾ ശ്രദ്ധിക്കുക; ഇനിയും മിന്നൽ പരിശോധനകൾ നടത്തുമെന്ന് മന്ത്രാലയം; സൂക്ഷിച്ചില്ലെങ്കിൽ നാടു കടത്തൽ നേരിടേണ്ടി വരും
ജിദ്ദ: രാജ്യത്തെ വിവിധ സ്ഥാപനങ്ങളിൽ സ്വദേശിവത്ക്കരണ നിയമങ്ങൾ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായി ഇനിയും മിന്നൽ പരിശോധനകൾ നടത്തുമെന്ന് സൗദി മാനവ വിഭവ ശേഷി മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ മാസം വരെ വിവിധ സ്ഥാപനങ്ങളിലായി ഒരു ലക്ഷത്തിൽ പരം സന്ദർശനമാണു മാനവ വിഭവ ശേഷി സാമൂഹിക ക്ഷേമ മന്ത്രാലയത്തിനു കീഴിലുള്ള ഫീൽഡ് പരിശോധക സംഘം നടത്തിയത്.
സ്ഥാപനമുടമകളെ തൊഴിൽ മന്ത്രാലയത്തിൻ്റെ നിബന്ധനകൾ പാലിക്കുന്നതിനായി നിർബന്ധിതരാക്കുകയാണ് തുടർച്ചയായ പരിശോധന മൂലം ലക്ഷ്യമാക്കുന്നതെന്ന് മന്ത്രാലയം സൂചന നൽകി.
നിലവിൽ സൗദിവത്ക്കരണം ബാധകമായ എല്ലാ മേഖലകളിലും പരിശോധനകൾ നടത്തുന്നുണ്ട്. 95 ശതമാനം സ്ഥാപനങ്ങളും സൗദിവത്ക്കരണ നിബന്ധനകൾ പാലിച്ചിട്ടുണ്ട്. അതേ സമയം 5 ശതമാനം സ്ഥാപനങ്ങൾ ഇപ്പോഴും നിയമ ലംഘനം നടത്തുന്നുണ്ടെന്ന് വ്യക്തമായിട്ടുണ്ട്.
കഴിഞ്ഞയാഴ്ച റിയാദിൽ നടത്തിയ ഫീൽഡ് പരിശോധനയിൽ സൗദിവത്ക്കരണ നിബന്ധനകൾ പാലിക്കാതെ ജോലി ചെയ്ത നിരവധി വിദേശികളെ പിടികൂടി നാടു കടത്താനായി തർഹീലിലേക്ക് കൈമാറിയതായി അധികൃതർ അറിയിച്ചിരുന്നു. വരും നാളുകളിലും പരിശോധനകൾ ശക്തമാകുമെന്ന സൂചന അധികൃതർ നൽകിയതിനാൽ ഇനിയും സൗദിവത്ക്കരണ നിബന്ധനകൾ പാലിച്ച് കൊണ്ട് ജോലി ചെയ്യാതിരുന്നാൽ അത് നാടു കടത്തലിനു വരെ കാരണമായേക്കാമെന്നാണു വ്യക്തമാകുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa