സൗദിയിൽ നിന്ന് അവധിയിൽ പോയ പ്രവാസികളിൽ ഇഖാമ പുതുക്കാൻ നഖ്ൽ മഅലൂമാത്ത് ആവശ്യമുള്ളവരുടെ ശ്രദ്ധക്ക്
ജിദ്ദ: സൗദിയിൽ നിന്ന് റി എൻട്രി വിസകളിൽ നാട്ടിൽ പോയ പ്രവാസികളിൽ നഖ്ൽ മഅലൂമാത്ത് ( പഴയ പാസ്പോർട്ടിലെ വിവരങ്ങൾ പുതിയ പാസ്പോർട്ടിലേക്ക് മാറ്റൽ) ചെയ്യാനുള്ള മാർഗങ്ങൾ തേടുന്നവർ നിരവധിയുണ്ട്.
വിമാന സർവീസുകൾ മുടങ്ങുന്നതിനു മുംബ് നാട്ടിലെത്തുകയും നിശ്ചിത സമയത്ത് മടങ്ങാൻ കഴിയാതെ പാസ്പോർട്ട് കാലാവധിയും അതോടൊപ്പം ഇഖാമ കാലാവധിയും കഴിയുകയും ചെയ്തവരാണു നാട്ടിൽ നിന്ന് പുതിയ പാസ്പോർട്ട് ലഭിച്ച ശേഷം നഖ്ൽ മഅലൂമാത്ത് ചെയ്യാനുള്ള മാർഗങ്ങൾ തേടുന്നത്.
റി എൻട്രിയിൽ കാലാവധി ഉണ്ടെങ്കിൽ പഴയ പാസ്പോർട്ടും നാട്ടിൽ നിന്ന് ഇഷ്യു ചെയ്ത പുതിയ പാസ്പോർട്ടും ഉപയോഗിച്ച് നഖ്ൽ മഅലൂമാത്ത് ഇല്ലാതെ തന്നെ സൗദിയിലേക്ക് പറക്കാൻ സാധിക്കുമെങ്കിലും ഇപ്പോൾ സിസ്റ്റത്തിൽ പാസ്പോർട്ട് കാലാവധിയും ഇഖാമ കാലാവധിയും റി എൻട്രിയും ഒരുമിച്ച് അവസാനിച്ചത് പലർക്കും വിനയാകുകയായിരുന്നു.
ജവാസാത്ത് സിസ്റ്റത്തിൽ പാസ്പോർട്ട് കാലാവധി ഉണ്ടെങ്കിൽ മാത്രമേ ഇഖാമ പുതുക്കുകയുള്ളൂ. അതേ സമയം പാസ്പോർട്ട് എക്സ്പയർ ആയവർ പുതിയ പാസ്പോർട്ടിലേക്ക് പഴയ പാസ്പോർട്ടിലെ വിവരങ്ങൾ മാറ്റുംബോൾ മാത്രമാണു ജവാസാത്തിൻ്റെ സിസ്റ്റത്തിൽ പാസ്പോർട്ട് കാലവധി അപ്ഡേറ്റ് ആകുക. സൗദിയിൽ നിന്ന് കൊണ്ട് നാട്ടിലുള്ളയാളുടെ ഇഖാമ പുതുക്കണമെങ്കിലും തുടർന്ന് റി എൻട്രി കാലാവധി പുതുക്കണമെങ്കിലും സിസ്റ്റത്തിൽ പാസ്പോർട്ട് കാലാവധി കൂടിയേ തീരൂ.
നിലവിൽ നാട്ടിലുള്ളവരുടെ നഖ്ൽ മഅലൂമാത്ത് സ്പോൺസർക്ക് അബ്ഷിർ വഴി ചെയ്യാൻ സാധിക്കില്ലെന്നാണു ഞങ്ങൾ കഴിഞ്ഞ ദിവസം ജവാസാത്തിനോട് സംശയം ചോദിച്ചപ്പോൾ മറുപടി നൽകിയത്. എന്നാൽ നാട്ടിൽ നിന്ന് കൊണ്ട് തങ്ങളുടെ സ്പോൺസർമാരുമായി ബന്ധപ്പെട്ട ചില പ്രവാസികൾ ഈ പ്രശ്നത്തിനു സ്പോൺസർമാർ പരിഹാരം കണ്ടെത്തിയതായി ഞങ്ങളെ അറിയിച്ചു.
പഴയ പാസ്പോർട്ട്, വിസ, ഇഖാമ വിവരങ്ങളും നാട്ടിൽ നിന്ന് പുതുക്കിയ പുതിയ പാസ്പോർട്ട് കോപ്പിയുമെല്ലാം സഹിതം കഫീൽ നേരിട്ട് ജവാസാത്തിൽ പോയി പാസ്പോർട്ട് നഖ്ൽ മഅലൂമാത്ത് പൂർത്തിയാക്കുകയായിരുന്നുവെന്നാണു ചില പ്രവാസികൾ ഞങ്ങളെ അറിയിച്ചത്. അത് കൊണ്ട് തന്നെ നാട്ടിൽ നിന്ന് നഖ്ൽ മഅലൂമാത്ത് ആവശ്യമുള്ളവർക്ക് സ്പോൺസർമാരോട് നേരിട്ട് ജവാസാത്തിൽ പോയി ഇതിനു പരിഹാരം കണ്ടെത്താൻ ആവശ്യപ്പെടാവുന്നതാണ്.
ഇത് പോലുള്ള പല പ്രശ്നങ്ങൾക്കും അബ്ഷിറിൻ്റെ മെസ്സേജസ് ആൻ്റ് റിക്വസ്റ്റ് എന്ന സംവിധാനം വഴി സ്പോൺസർ അപേക്ഷിച്ചാൽ പരിഹാരം കാണാറുണ്ട്. ഈ സംവിധാനം വഴി ഇങ്ങനെ അപേക്ഷിച്ചാൽ പരിഹാരം ലഭിക്കുമോ എന്ന ചോദ്യത്തിനു സൗദിയിൽ നിന്ന് പുറത്തുള്ളവരുടേത് ചെയ്യാൻ സാധിക്കില്ല എന്ന പൊതുവേയുള്ള മറുപടിയാണു ജവാസാത്ത് നൽകിയത്. എങ്കിലും ആ മാർഗം വഴിയും ശ്രമിച്ച് നോക്കാവുന്നതാണ്. സാധിച്ചില്ലെങ്കിൽ മാത്രം കഫീൽ ജവാസത്തിൽ നേരിട്ട് പോയാൽ മതിയാകും.
അബ്ഷിർ, മുഖീം വഴി നിലവിൽ പല പ്രവാസികളും ഇഖാമയും റി എൻട്രിയും പുതുക്കുകയും പലരും ദുബൈ വഴി സൗദിയിലേക്ക് മടങ്ങുകയും പലരും സമീപ ദിനങ്ങളിൽ മടങ്ങാൻ ഒരുക്കങ്ങൾ പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa