സൗദിയിൽ ലൈസൻസില്ലാതെ വാഹനമോടിക്കുന്നവരുടെ ശ്രദ്ധക്ക്; നിയമക്കുരുക്കിൽ പെട്ട് മലയാളി
റിയാദ്: സൗദിയിലെത്തുന്ന മലയാളികളടക്കമുള്ള നിരവധി വിദേശികൾ ലൈസൻസില്ലാതെ വാഹനമോടിക്കുകയും ഒടുവിൽ അപകടത്തിൽ പെടുകയും ചെയ്യുന്ന വാർത്തകൾ ആവർത്തിക്കുന്നു.
നേരത്തെ ഇത്തരത്തിൽ നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ആ സമയങ്ങളിൽ അതിൻ്റെ ഗൗരവം മാധ്യമങ്ങളും സാമൂഹിക പ്രവർത്തകരും പ്രവാസികളെ ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു.
പലപ്പോഴും ഹൗസ് ഡ്രൈവർ വിസയിൽ എത്തിയ വിദേശികളാണു ഈ സാഹചര്യങ്ങളിൽ കുടുങ്ങാറുള്ളത്. സ്പോൺസർമാർ ലൈസൻസില്ലാതെ വാഹനമോടിക്കാൻ ധൈര്യം നൽകുമെങ്കിലും എന്തെങ്കിലും അപകടം സംഭവിക്കുംബോഴായിരിക്കും കാര്യങ്ങൾ അവതാളത്തിലാകുക.
ഇപ്പോൾ തിരുവനന്തപുരം സ്വദേശിയായ സതീന്ദൻ എന്ന പ്രവാസി സൗദിയിലെത്തിയയുടൻ ലൈസൻസില്ലാതെ വാഹനമോടിച്ചതിനു നിയമക്കുരുക്കിൽ പെട്ടിരിക്കുകയാണ്.
ലൈസൻസില്ലാതെ വാഹനമോടിക്കാൻ സാധിക്കില്ലെന്ന് സതീന്ദ്രൻ തൻ്റെ വനിതാ സ്പോൺസറെ അറിയിച്ചിരുന്നെങ്കിലും എന്ത് പ്രശ്നം വന്നാലും അത് താൻ ഏറ്റെടുക്കും എന്ന് പറഞ്ഞ് സ്പോൺസർ സതീന്ദ്രനെ വാഹനമോടിക്കാൻ നിർബന്ധിക്കുകയായിരുന്നു.
ആറു മാസത്തോളം ഇങ്ങനെ വാഹനമോടിച്ച സതീന്ദ്രൻ്റെ കാറിൻ്റെ പിറകിൽ മറ്റൊരു വാഹനം വന്നിടിച്ചതോടെയാണു പ്രശ്നങ്ങൾ ആരംഭിക്കുന്നത്. പിറകിൽ വന്നിടിച്ച വാഹനത്തിൻ്റെ ഡ്രൈവറുടെ അശ്രദ്ധയായിരുന്നു അപകട കാരണമെങ്കിലും ലൈസൻസില്ലാത്തതിനാൽ സതീന്ദ്രൻ്റെ മേൽ കുരുക്ക് വീഴുകയായിരുന്നു.
എന്നാൽ എന്ത് പ്രശ്നം വന്നാലും ഏറ്റെടുക്കുമെന്ന് ഉറപ്പ് നൽകിയ സ്പോൺസർ സന്തീന്ദ്രൻ തൻ്റെ അറിവില്ലാതെയായിരുന്നു വാഹനമോടിച്ചതെന്ന് പറഞ്ഞ് തടിയൂരുകയും പിന്നീട് സതീന്ദ്രനെ ഹുറൂബാക്കുകയും ചെയ്തു.
കോടതി സതീന്ദ്രനിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് ഈ വിഷയത്തിൽ പരിഹാരം തേടുകയാണു സതീന്ദ്രനിപ്പോൾ. സാമൂഹിക പ്രവർത്തകൻ റാഫി പാങ്ങോട് സന്തീന്ദ്രനോടൊപ്പം സഹായത്തിനായി രംഗത്തുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa