സൗദി പ്രവാസികളെ നാട്ടിലെത്തിക്കാൻ ഒച്ച വെച്ചവർ മടക്ക യാത്രയുടെ കാര്യത്തിൽ നിശബ്ദരാകുന്നത് എന്ത് കൊണ്ട്?
ജിദ്ദ: പ്രവാസികളെ, പ്രത്യേകിച്ചും സൗദിയിൽ നിന്നുള്ള പ്രവാസികളെ നാട്ടിലെത്തിക്കാൻ മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും കാണിച്ച ആവേശം സൗദിയിലേക്ക് മടക്ക യാത്ര ഒരുക്കുന്ന കാര്യത്തിൽ ആരിൽ നിന്നും ഉണ്ടാകുന്നതായി കാണുന്നില്ല.
ഗൾഫിൽ കൊറോണ വ്യാപനം ശക്തമായപ്പോൾ പ്രവാസകളെ നാട്ടിലെത്തിക്കാൻ മാധ്യമങ്ങൾ വലിയ പരിശ്രമങ്ങൾ തന്നെ നടത്തിയിട്ടുണ്ട്.
കേന്ദ്ര സംസ്ഥാന സർക്കാരുകളിൽ വലിയ രീതിയിൽ സമ്മർദ്ദം ചെലുത്താൻ ആ സമയങ്ങളിൽ മാധ്യമങ്ങൾക്ക് സാധിച്ചിട്ടുണ്ട് എന്നത് ഒരു വസ്തുതയാണ്.
അതേ സമയം ഇപ്പോൾ നാട്ടിലുള്ള ഭൂരിപക്ഷം സൗദി പ്രവാസികളും വലിയ പ്രതിസന്ധിയിലാണുള്ളത്. ഇഖാമ റി എൻട്രി എന്നിവ ഓൺലൈൻ വഴി സ്പോൺസർമാർ പുതുക്കി നൽകുന്നുണ്ടെങ്കിലും നേരിട്ടുള്ള വിമാന സർവ്വീസ് സൗദിയിലേക്ക് ഇനിയും പുനരാരംഭിക്കാത്തത് വലിയൊരു ശതമാനം പ്രവാസികളെയും പ്രയാസത്തിലാക്കിയിട്ടുണ്ട്.
ദുബൈ വഴി 14 ദിവസം ക്വാറന്റൈൻ കഴിഞ്ഞ് മടങ്ങാൻ അവസരമുണ്ടെങ്കിലും അങ്ങനെ മടങ്ങാൻ ശരാശരി 70,000 രൂപ വേണമെന്നത് നിരവധി മാസങ്ങളായി നാട്ടിൽ ഒരു വരുമാനവുമില്ലാതെ കഴിയുന്ന ആയിരക്കണക്കിനു പ്രവാസികൾക്ക് വലിയ ബാധ്യത തന്നെയാണ്.
അതേ സമയം നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ചാൽ ചുരുങ്ങിയ ചിലവിൽ തന്നെ സൗദിയിൽ തിരിച്ചെത്താൻ സാധിക്കുമെന്നതിനാൽ ഉന്നത തലത്തിൽ അത്തരം ഒരു നീക്കം ഉണ്ടായാൽ അത് സാധാരണ പ്രവാസികൾക്ക് വലിയ അനുഗ്രഹമായിത്തീരും.
എന്നാൽ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളോ രാഷ്ട്രീയ നേതാക്കളോ ഒന്നും ഇത് വരെ നാട്ടിൽ കുടുങ്ങിയ സൗദി പ്രവാസികളെ തിരികെ അയക്കുന്നതുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള ചലനവും ഉണ്ടാക്കിയിട്ടില്ല എന്നത് വളരെ ഖേദകരം എന്ന് തന്നെ പറയാം.
ഗൾഫിൽ മരിക്കുന്ന പ്രവാസികളുടെ കണക്ക് പറഞ്ഞ് സർക്കാരുകളെ സമ്മർദ്ദത്തിലാക്കാൻ ശ്രമിച്ച മുഖ്യധാരാ മാധ്യമങ്ങൾക്കും രാഷ്ട്രീയക്കാർക്കും നാട്ടിൽ ജോലിയില്ലാതെ കഷ്ടപ്പെടുന്ന പ്രവാസികളുടെ വേദന കാണാൻ സാധിക്കുന്നില്ല എന്നത് വിരോധാഭാസമാണെന്ന് പറയാതെ വയ്യ.
പ്രവാസികളെ സ്നേഹിച്ചത് കൊണ്ടല്ല മറിച്ച് വാർത്തകളുടെ റീച്ചിനും തങ്ങൾക്കിഷ്ടമില്ലാത്ത സർക്കാരുകളെ പ്രതിസ്ഥാനത്ത് നിർത്താനും വേണ്ടിയായിരുന്നോ പല മാധ്യമങ്ങളും പ്രവാസികൾക്ക് വേണ്ടി മുതലക്കണ്ണീരൊഴുക്കിയത് എന്ന് ഈ സന്ദർഭത്തിൽ സംശയിച്ചാൽ അത്ഭുതപ്പെടാനില്ല.
ഏതായാലും നാടിന്റെ വികസനത്തിന്റെ നട്ടെല്ലായ സൗദി പ്രവാസികൾക്ക് നേരിട്ടുള്ള മടക്കയാത്ര സാധ്യമാകാൻ ബന്ധപ്പെട്ട തലങ്ങളിൽ സമ്മർദ്ദം ചെലുത്താൻ മുഖ്യധാരാ മാധ്യമങ്ങളും രാഷ്ട്രീയക്കാരും ഇനിയെങ്കിലും ശ്രമം നടത്തേണ്ടിയിരിക്കുന്നു.
അല്ലാത്ത പക്ഷം ഗൾഫിലെ ജോലി നഷ്ടപ്പെട്ട് പ്രയാസങ്ങളിലകപ്പെടുന്ന ഒരു വലിയ മുൻ പ്രവാസി സമൂഹത്തെയായിരിക്കും കേരളം ഇനി കാണാൻ പോകുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa