ഗൾഫ് പ്രതിസന്ധി അവസാനിപ്പിക്കാനുള്ള ട്രംപിൻ്റെ മരുമകൻ്റെ നീക്കങ്ങൾ ഫലം കാണുന്നതായി സൂചന
ജിദ്ദ: ഗൾഫ് പ്രതിസന്ധി വൈകാതെ അവസാനിക്കുന്നതിലേക്കുള്ള സൂചനകളാണു മിഡിലീസ്റ്റിൽ നിന്നുള്ള റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്. ഇത് സംബന്ധിച്ച് കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് അഹ്മദ് നാസർ അൽ സബാഹിൻ്റെ ഇന്നത്തെ പ്രസ്താവന സൗദി ഖത്തർ പ്രശ്ന പരിഹാര ചർച്ചകൾ ഏറെ മുന്നേറിയിട്ടുണ്ടെന്നാണു സൂചിപ്പിക്കുന്നത്.
പ്രതിസന്ധി അവസാനിപ്പിക്കുന്നതിനും അന്തിമ പരിഹാരം കാണുന്നതിനുമാണു ചർച്ചയിൽ പങ്കെടുത്ത എല്ലാ കക്ഷികളും താത്പര്യപ്പെട്ടതെന്നും ചർച്ച ഫലവത്തായിരുന്നുവെന്നുമാണു ശൈഖ് അഹ്മദ് സ്വബാഹ് പറഞ്ഞത്.
അമേരിക്കൻ പ്രസിഡൻ്റ് ട്രമ്പിൻ്റെ മരുമകനും സീനിയർ അഡ്വൈസറുമായ കുഷ്നർ പ്രതിസന്ധി പരിഹാരത്തിനായി പരിശ്രമിക്കുന്നതിനെയും കുവൈത്ത് വിദേശകാര്യ മന്ത്രി പ്രശംസിച്ചു.
പ്രശ്ന പരിഹാരവുമായി ബന്ദപ്പെട്ട് കഴിഞ്ഞ ദിവസം കുഷ്നർ ഖത്തർ അമീറുമായി നേരിട്ട് ചർച്ചകൾ നടത്തിയത് അറബ് മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തിരുന്നു.
വൈറ്റ് ഹൗസിൽ നിന്ന് ഒഴിയുന്നതിനു മുംബ് സൗദിയോട് ഏറെ അടുത്ത ബന്ധം പുലർത്തുന്ന ട്രമ്പിൻ്റെയും മരുമകൻ്റെയും പ്രതിസന്ധി പരിഹാര നീക്കങ്ങൾ ഫലം കാണുമെന്ന പ്രതീക്ഷയിലാണു ലോകം.
പ്രശ്ന പരിഹാര ചർച്ചകളുമായി ബന്ധപ്പെട്ട കുവൈത്ത് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവനയെ ജി സി സി സെക്രട്ടറി ജനറൽ ഡോ: നായിഫ് അൽ ഹജ്രഫും സ്വാഗതം ചെയ്തു.
2017 മദ്ധ്യത്തിൽ സൗദിയും യു എ ഇയും ബഹ്രൈനും ഈജിപ്തും ഖത്തറുമായുള്ള എല്ലാ നയതന്ത്ര വ്യാപാര ഗതാഗത ബന്ധങ്ങളും അവസാനിപ്പിച്ചതിനെത്തുടർന്ന് ആരംഭിച്ച ഗൾഫ് പ്രതിസന്ധി അവസാനിപ്പിക്കുന്നതിനായി അന്തരിച്ച കുവൈത്ത് അമീർ ശൈഖ് സ്വബാഹ് വലിയ പരിശ്രമങ്ങൾ നടത്തിയിരുന്നു. ഇതിൻ്റെ ഭാഗമായി ഖത്തറിലും സൗദിയിലുമെല്ലാം സന്ദർശനം നടത്തുകയും ഭരണാധികാരികളുമായി അദ്ദേഹം ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa