സൗദി അറേബ്യ അന്താരാഷ്ട്ര വിമാന സർവീസുകളും കര, കടൽ ഗതാഗതവും ഒരാഴ്‌ചത്തേക്ക് റദ്ദാക്കി; സൗദിയിൽ നിന്ന് പുറത്തേക്കുള്ള വിമാന സർവീസുകളും പ്രത്യേക സാഹചര്യത്തിലുള്ള സർവീസുകളും അനുവദിക്കും: വിശദ വിവരങ്ങൾ അറിയാം
ജിദ്ദ: കൊറോണ പുതിയ രൂപത്തിൽ വ്യാപിക്കുന്നുവെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സൗദി അറേബ്യ കര, വ്യോമ, കടൽ അതിർത്തികൾ ഒരാഴ്ചത്തേക്ക് അടച്ചതായി സൗദി ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ജനങ്ങളുടെ ആരോഗ്യ സുരക്ഷ പരിഗണിച്ചുള്ള മുൻ കരുതൽ നടപടികളുടെ ഭാഗമായാണു പുതിയ തീരുമാനമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
അതിർത്തികൾ അടക്കുന്നതോടനുബന്ധിച്ചുള്ള ആഭ്യന്തര മന്ത്രാലയത്തിൻ്റെ സുപ്രധാന തീരുമാനങ്ങൾ താഴെ വിവരിക്കുന്നു:
എല്ലാ അന്താരാഷ്ട്ര വിമാന സർവീസുകളും താത്ക്കാലികമായി ഒരാഴ്ചത്തേക്ക് റദ്ദാക്കി. പ്രത്യേക സാഹചര്യത്തിലുള്ള സർവീസുകൾ അനുവദിക്കും. ഒരു പക്ഷേ മറ്റൊരു ആഴ്ചത്തേക്ക് കൂടി നടപടി നീണ്ടേക്കാം. നിലവിൽ സൗദിക്കകത്തുള്ള വിദേശ വിമാനങ്ങളെ രാജ്യം വിടാൻ അനുവദിക്കും.
കര, കടൽ മാർഗം സൗദിയിലേക്ക് പ്രവേശിക്കുന്നതിനു ഒരാഴ്ചത്തേക്ക് വിലക്ക്. ഒരു പക്ഷേ മറ്റൊരു ആഴ്ചത്തേക്ക് കൂടി വിലക്ക് നീട്ടിയേക്കാം.
യൂറോപ്യൻ രാജ്യങ്ങളിൽ നിന്നോ പകർച്ചാ വ്യാധി വ്യാപകമായ രാജ്യങ്ങളിൽ നിന്നോ ഡിസംബർ 8 നു ശേഷം സൗദിയിൽ എത്തിയവർ സൗദിയിലെത്തിയത് മുതൽ രണ്ടാഴ്ചത്തേക്ക് ഐസൊലേഷനിൽ കഴിയേണ്ടതാണ്. എല്ലാ അഞ്ച് ദിവസം കൂടുമ്പോഴും ഇവർ കോവിഡ് ടെസ്റ്റ് നടത്തിയിരിക്കണം.
യൂറോപ്യൻ രാജ്യങ്ങളിൽ നിന്നോ യൂറോപ്യൻ രാജ്യങ്ങൾ വഴിയോ അല്ലെങ്കിൽ പകർച്ചാ വ്യാധി വ്യാപകമായ രാജ്യങ്ങളിൽ നിന്നോ പകർച്ചാ വ്യാധി വ്യാപകമായ രാജ്യങ്ങൾ വഴിയോ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ സൗദിയിൽ എത്തിയവർ കോവിഡ് ടെസ്റ്റിനു വിധേയരായിരിക്കണം.
കൊറോണയു|ടെ പുതിയ വക ഭേദം വ്യാപിച്ചതായി റിപ്പോർട്ട് ചെയ്യപ്പെടാത്ത രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്കുള്ള ചരക്ക് ഗതാഗതങ്ങൾക്ക് വിലക്കില്ല.
ആരോഗ്യ മന്ത്രാലയത്തിൻ്റെ പകർച്ചാ വ്യാധി വിലയിരുത്തലുകൾക്ക് വിധേയമായി നിലവിലെടുത്ത തീരുമാനങ്ങൾ പുനരവലോകനം ചെയ്യും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa