Saturday, November 23, 2024
Riyadh

അനിൽ പനച്ചൂരാന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് നവോദയ

റിയാദ്: ജനപ്രിയ സിനിമാഗാനങ്ങളിലൂടെയും കവിതകളിലൂടെയും മലയാളികളുടെ ഹൃദയം കവർന്ന പ്രിയകവി അനിൽ പനച്ചൂരാന്റെ വിയോഗത്തിൽ നവോദയ കേന്ദ്രകമ്മിറ്റി അനുശോചനം രേഖപ്പെടുത്തുന്നു.

കഥപറയുമ്പോൾ എന്ന സിനിമയിലൂടെ ഗാനരചയിതാവ് എന്ന നിലയിൽ ജനശ്രദ്ധ ആകർഷിച്ച പനച്ചൂരാൻ അറബിക്കഥ എന്ന സിനിമയിലെ വിപ്ലവഗാനങ്ങളിലൂടെയാണ് ജനങ്ങൾക്ക് പ്രിയങ്കരനാവുന്നത്. പിന്നീട് നിരവധി സിനിമാഗാനങ്ങളിലൂടെയും കവിതകളിലൂടെയും ജനമനസ്സുകളിൽ നിറഞ്ഞുനിന്ന പനച്ചൂരാന്റെ അപ്രതീക്ഷിത വിയോഗം വേദനാജനകമാണ്.

2020  ഫെബ്രുവരിയിൽ നവോദയയുടെ പത്താം വാർഷികാഘോഷം “ദശോത്സവം” സീസൺ 2 ഉദ്‌ഘാടനം ചെയ്യാൻ അനിൽ പനച്ചൂരാൻ റിയാദിലെത്തിയിരുന്നു. 4 ദിവസം റിയാദിൽ തങ്ങിയ പനച്ചൂരാൻ ദശോത്സവം ചടങ്ങിൽ നവോദയയുടെ CAA-NRC വിരുദ്ധ ക്യാമ്പയിനും ഉദ്‌ഘാടനം ചെയ്തു. റിയാദിൽ ഒത്തുകൂടിയ സാഹിത്യ പ്രേമികളുമായി കവി നടത്തിയ സംവാദവും കവിതാലാപനവും ശ്രദ്ധേയമായിരുന്നു.

ഇപ്പോഴും കമ്മ്യൂണിസത്തെ പിന്തുണക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മനുഷ്യത്വത്തിൽ വിശ്വസിക്കുന്ന ഒരാൾക്ക് കമ്മ്യൂണിസ്റ്റു അല്ലാതാകാനാവില്ലെന്ന് അന്ന് നൽകിയ മറുപടി ശ്രദ്ധിക്കപ്പെട്ടിരുന്നു. റിയാദിൽ നിന്നും മടങ്ങിയശേഷവും നവോദയ നേതാക്കളുമായി നിരന്തരബന്ധം പുലർത്തിയ അദ്ദേഹം പുതിയ ഒരു സിനിമ സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണെന്നറിയിച്ചിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa