Saturday, November 23, 2024
Dammam

മലർവാടി ഗ്ലോബൽ ലിറ്റിൽ സ്കോളർ: പ്രവിശ്യതല സ്വാഗതം സംഘം രൂപീകരിച്ചു

ദമ്മാം: മലർവാടി ബാലസംഘം കേരളയുടെ ആഭിമുഖ്യത്തിൽ ലോകത്തുള്ള മുഴുവൻ മലയാളി കുട്ടികൾക്കും പങ്കെടുക്കാൻ അവസരമൊരുക്കി സംഘടിപ്പിക്കുന്ന മലർവാടി ലിറ്റിൽ സ്കോളർ ഗ്ലോബൽ ക്വിസ്സ് പരിപാടിയുടെ പ്രവിശ്യതല സ്വാഗതം സംഘം രൂപീകരിച്ചു.

വർഷം തോറും മലർവാടി നടത്തിവരാറുള്ള വിജ്ഞാനോത്സവത്തിന്റെ ഓൺലൈൻ പതിപ്പായാണ് പരിപാടി ആവിഷ്‌കരിക്കുന്നത്. ബുധനാഴ്ച്ച നടന്ന സ്വാഗതസംഘ രൂപീകരണ യോഗത്തിൽ ഡോ.സിദ്ദീഖ് അഹ്‌മദ്‌ രജിസ്‌ട്രേഷൻ ഉദ്ഘാടനം നിർവഹിച്ചു. പുത്തൻ അറിവുകളും അനുഭവങ്ങളും പങ്കുവെക്കുന്ന ഈ വൈജ്ഞാനികോത്സവം പുതുതലമുറക്ക് പ്രചോദാനമാവട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

പരിപാടിയുടെ വിജയത്തിനായി രൂപവത്കരിച്ച സ്വാഗതസംഘത്തിൽ മുഖ്യ രക്ഷാധികാരിയായി ഡോ.സിദ്ദീഖ് അഹ്‌മദിനേയും ചെയർമാനായി മമ്മു മാസ്‌റ്റരെയും വൈസ് ചെയർമാൻമാരായി ഡോ. സിന്ധുബിനു, സനിൽകുമാർ മാസ്‌റ്റർ എന്നിവരെയും തിരഞ്ഞെടുത്തു.

ഭാരവാഹികളായി റഷീദ് ഉമർ (ചീഫ് കോഡിനേറ്റർ), സാജിദ് പാറക്കൽ (ജനറൽ കൺവീനർ), നജീബ് അരഞ്ഞിക്കൽ, അസ്‌ലം ഫറോഖ് (പബ്ലിസിറ്റി കൺവീനർമാർ) എന്നിവരെയും ഉപദേശക സമിതി അംഗങ്ങളായി മൻസൂർ പള്ളൂർ, സുനിൽ മുഹമ്മദ്, അബ്‌ദുൽ ഹമീദ്, ആലിക്കുട്ടി ഒളവട്ടൂർ, മുജീബ് കളത്തിൽ, എം.കെ ഷാജഹാൻ, അഷ്‌റഫ് ആലുവ, റാസി ശൈഖ് പരീത്‌, സി.കെ ഷഫീഖ് , ബിജു പൂതക്കുളം, പി.ബി അബ്ദുല്ലത്തീഫ് എന്നിവരെയും തിരഞ്ഞെടുത്തു.

ഗെസ്റ്റ് റൗണ്ട്, സെലക്ഷൻ റൗണ്ട്, മെഗാ ഫിനാലെ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് മത്സരം. ജനുവരി 23 മുതൽ ഫെബ്രുവരി 23 വരെയായിരിക്കും മത്സരങ്ങൾ. ഫെബ്രുവരി 23 ന് മെഗാ ഫിനാലെ നടക്കും. വിജയികൾക്ക് ഗ്ലോബൽ, മേഖല തലങ്ങളിൽ സമ്മാനങ്ങൾ നൽകും. എൽ.പി, യു.പി, ഹൈസ്‌കൂൾ, എന്നീ മൂന്ന് വിഭാഗങ്ങളിലാണ് മത്സരങ്ങൾ. കല, സാഹിത്യം, സംസ്‌കാരം, ആനുകാലികം തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള ചോദ്യങ്ങൾ മത്സരത്തിൽ ഉൾപെടുത്തും.

മാതൃകാ ചോദ്യങ്ങൾ മലർവാടി വെബ്‌സൈറ്റിലും യുട്യൂബ് ചാനലിലും ഉടൻ പ്രസിദ്ധീകരിക്കും. മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾ quiz.malarvadi.org എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് രജിസ്‌റ്റർ ചെയ്യണമെന്ന് ഭാരവാഹികൾ പറഞ്ഞു. അവസാന തിയ്യതി ജനുവരി 15. ചടങ്ങിൽ കെ.എം ബഷീർ അധ്യക്ഷത വഹിച്ചു. സാജിദ് പാറക്കൽ ഗ്ലോബൽ ക്വിസ്സ് പരിപാടിയെ സദസ്സിന് പരിചയപ്പെടുത്തി. റഷീദ് ഉമർ സ്വാഗതവും ഉമർ ഫാറൂഖ് നന്ദിയും പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa