Sunday, September 22, 2024
GCCTop Stories

നാട്ടിലെത്തിയ പ്രവാസികൾ ഇപ്പോൾ ചെയ്യുന്നതും ഇനി ചെയ്യാൻ സാധിക്കുന്നതും

ഗൾഫ് ജീവിതം അവസാനിപ്പിച്ചും നാട്ടിലെത്തിയ ശേഷം നിർബന്ധിതാവസ്ഥയിൽ പ്രവാസം അവസാനിപ്പിക്കേണ്ടി വന്നവരുമായ നിരവധി പ്രവാസികൾ വിവിധ ഉപജീവന മാർഗങ്ങളിലാണു ഏർപ്പെട്ടിരിക്കുന്നത്.

മടങ്ങിയെത്തിയ പ്രവാസികളിൽ പലരും റെസ്റ്റോറൻ്റ്, ഫാസ്റ്റ് ഫുഡ് മേഖലയിലേക്ക് തിരിഞ്ഞതായി കാണാൻ സാധിക്കും. ഗൾഫിലെ ബൂഫിയയും അറബ് റെസ്റ്റോറൻ്റുകളും മറ്റു അറബ് ഫാസ്റ്റ് ഫുഡുകളുമെല്ലാം ഇന്ന് മലബാറിലും കേരളത്തിൻ്റെ മറ്റു ഭാഗങ്ങളിലും വ്യാപകമായിത്തന്നെ പ്രചാരത്തിലുണ്ട്.

പണ്ടു മുതൽ പ്രചാരത്തിലുള്ള മന്തി, ഷവർമ്മ, അൽഫഹം ഐറ്റംസുകൾക്ക് പുറമെ മഅസൂബ്, മുതബഖ്, ഹുമ്മൂസ് തുടങ്ങി എല്ലാത്തരം വിഭവങ്ങളും നാട്ടിൽ ഇപ്പോൾ ലഭ്യമായി. ഇപ്പോഴും നാട്ടിൽ കാണാൻ സാധിക്കാത്ത ഏക അറബ് ഫാസ്റ്റ് ഫുഡ് ഫൂലും തമീസും മാത്രമാണെന്നത് ഈ സന്ദർഭത്തിൽ ഓർമ്മിക്കുന്നു.(ഫുഡ് മേഖലയിൽ വറൈറ്റി തുടക്കം ആഗ്രഹിക്കുന്നവർക്ക് ഫൂലും തമീസിലും ഒരു പരീക്ഷണത്തിനു അവസരം ബാക്കിയുണ്ട്).

അതോടൊപ്പം പ്രവാസികൾ പലരും വാടകക്കെട്ടിടങ്ങൾ നിർമ്മിക്കുന്നതിൽ പ്രത്യേകം ശ്രദ്ധ പതിപ്പിച്ചതായി കാണാൻ സാധിക്കുന്നുണ്ട്. കട മുറികൾക്ക് പുറമെ താമസയോഗ്യമായ കെട്ടിടങ്ങൾ ധാരാളം പേർ നിർമ്മിക്കുന്നതായി കാണാം. പലരും നാട്ടിൽ പല പരീക്ഷണങ്ങളും നടത്തുന്നത് കൊണ്ട് കട മുറികൾ അധികവും ഇപ്പോൾ വാടകക്ക് പോകുന്നുമുണ്ട്. താമസ യോഗ്യമായ കെട്ടിടങ്ങളിലും കുറഞ്ഞ ദിവസങ്ങൾ കൊണ്ട് ആളുകൾ നിറയുന്ന പ്രതിഭാസമാണു കാണുന്നത്.

നാട്ടിൽ രാത്രി കാല ഫുട്ബോൾ പ്രത്യേക ഹരമായതോടെ ടർഫുകളിൽ പണം മുടക്കുന്ന പ്രവാസികളുടെ എണ്ണവും അത്യാവശ്യത്തിനുണ്ട് എന്ന് പറയാതെ വയ്യ. ഫുട്ബോളിനു പുറമെ രാത്രികാല ക്രിക്കറ്റും ട്രെൻഡായി മാറിയിട്ടുണ്ട്. ഇതോടനുബന്ധിച്ച് സ്നാക്കുകൾ, ജ്യൂസുകൾ എന്നിവ ചെറിയ വിലക്ക് നൽകുന്ന സ്ഥാപനങ്ങൾ തുടങ്ങാനുള്ള അവസരം ഇപ്പോഴും പല സ്ഥലത്തും ഉണ്ട് എന്ന് പരിശോധിച്ചാൽ കാണാൻ സാധിക്കും.

ടർഫുകൾക്ക് അനുബന്ധമായി സ്വിമ്മിംഗ് പൂളുകൾ തുടങ്ങുന്നത് പലരും പരീക്ഷിച്ച് വിജയിച്ചിട്ടുണ്ട്. പല ടർഫുകൾക്ക് സമീപവും നിരവധി ഒഴിഞ്ഞ സ്ഥലങ്ങൾ ഉള്ളത് ഇനിയും സ്വിമ്മിംഗ് പൂളുകൾക്കായി പരീക്ഷിക്കാവുന്നതേ ഉള്ളൂ. പ്രതിമാസ ഫീസോ മണിക്കൂർ അനുസരിച്ച് ഫീസോ എല്ലാം നിശ്ചയിച്ചാൽ ആളുകളെ കൂടുതൽ ആകർഷിക്കാം. അതോടൊപ്പം നീന്തൽ പരിശീലനവും ഫീസ് ഈടാക്കി നൽകാം.

ഭക്ഷണ മേഖലയിലെ സമീപകാലത്തെ ട്രെൻഡായിരുന്ന ചപ്പാത്തിക്കംബനികൾ ഇപ്പോഴും പല സ്ഥലങ്ങളിലും പുതുതായി തുടങ്ങുന്നുണ്ട്. നല്ല ഭക്ഷണ സാധനങ്ങൾ മിതമായ വിലക്ക് നൽകുകയാണെങ്കിൽ ഈ മേഖലയിൽ അവസരം ഇനിയുമുണ്ട് എന്നത് ഒരു സത്യമാണ്.

പ്രവാസികൾ ശ്രദ്ധ കൊടുക്കാത്ത മറ്റൊരു മേഖലയാണു ഷെയർ മാർക്കറ്റുകൾ. വളരെ തുഛം പ്രവാസികൾ മാത്രമേ ഇപ്പോഴും ഷെയർ മാർക്കറ്റുകളിൽ നിക്ഷേപങ്ങൾ നടത്തുന്നുള്ളൂ എന്നതാണു വസ്തുത. ആദ്യ ഘട്ടത്തിൽ കുറഞ്ഞ നിക്ഷേപം മാത്രം നടത്തി ക്രമേണ വളരാൻ സാധിക്കുന്ന ഒരു മേഖലയാണത്.

നാട്ടിലെ നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട കടകൾ നിരവധിയുണ്ടെങ്കിലും ഈ മേഖലയിലും പരീക്ഷണം നടത്തുന്ന പ്രവാസികൾ ചുരുക്കമല്ല. തൊഴിലാളികളെക്കൂടി ലഭ്യമാക്കാൻ സാധിക്കുന്നവർക്ക് ഈ മേഖലയിൽ കടകൾ തുടങ്ങിയാൽ ഇനിയും വിജയ സാധ്യതയുണ്ട്.

തിരിച്ചെത്തിയ പ്രവാസികൾ കൂടുതൽ ഇടപെടാത്ത ഒരു മേഖലയാണു ട്രാവൽ ആൻ്റ് ടൂറിസം വിഭാഗം. ഒരു നല്ല ടൂറിസം ഗൈഡൻസ് കൊടുക്കുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ഇപ്പോഴും ഡിമാൻ്റുണ്ട്. പക്ഷേ എല്ലാവരും പയറ്റുന്ന അഭ്യാസം തന്നെ കോപിയടിക്കാതെ പുതുമ കൊണ്ട് വരണം എന്ന് മാത്രം. ഉംറ ടൂറിസം സൗദി അറേബ്യ അംഗീകരിച്ചതിനാൽ കൊറോണക്ക് ശേഷം ഉംറ പ്ളസ് ടൂറിസം പദ്ധതിയിൽ പല രീതിയിലും ഭാഗമാകാൻ സൗദി അറേബ്യയിലെ വിവിധ ടൂറിസം പ്രദേശങ്ങളിൽ അനുഭവ പരിചയമുള്ളവർക്ക് സാധിക്കും.

വേസ്റ്റ് മാനേജ്മെൻ്റ് മേഖല എപ്പോഴും അനന്ത സാധ്യതയുള്ളതാണെന്ന് പറയാതെ വയ്യ. വേസ്റ്റുകൾ ഏത് രീതിയിൽ സംസ്ക്കരിക്കണമെന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാക്കുകയാണു ഇതിനു ആദ്യം ചെയ്യേണ്ടത്. ബാക്കി കാര്യങ്ങൾ വളരെ എളുപ്പമായിരിക്കും. ആവശ്യക്കാർ ഏറെയുണ്ട്.

മാൻ പവർ സപ്ളൈ മേഖലയിൽ ഇപ്പോഴും അവസരമുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളെ ധാരാളമായി ലഭ്യമാകുന്നതിനാൽ അവരുടെയടക്കം ഡാറ്റകൾ കളക്റ്റ് ചെയ്തു ഒരു മുടക്കുമില്ലാതെ തുടങ്ങാൻ പറ്റിയ ഒരു മേഖലയാണിത്.

മീൻ, മാസം, പച്ചക്കറികൾ തുടങ്ങി വീടുകളിലേക്ക് ആവശ്യമായ സാധനങ്ങൾ ചെറിയ തുക മാത്രം ഫീസ് വെച്ച് ഡെലിവറി സംവിധാനം ഒരുക്കുന്നത് വിജയ സാധ്യതയുള്ളതാണെന്ന് പല അനുഭവങ്ങളും പറയുന്നുണ്ട്. എന്നാൽ ഓരോ നാടിൻ്റെയും പ്രകൃതിക്കനുസരിച്ച് വേണം ഇക്കാര്യങ്ങൾക്ക് ഇറങ്ങാൻ എന്നത് പ്രതേകം ഓർക്കേണ്ടിയിരിക്കുന്നു.

വെൽനസ് ടൂറിസം, ഹോം സ്റ്റേ, ദിവസ വാടകക്ക് നൽകുന്ന ഫാം ഹൗസുകൾ, മാന്യമായ നിരക്ക് ഈടാക്കുന്ന ഹോസ്പിറ്റലുകളും ക്ളിനിക്കുകളും വൻ കിട കൃഷി പദ്ധതികൾ എന്നിവയിലെല്ലാം അവസരങ്ങൾ എപ്പോഴുമുണ്ട്.

സോഷ്യൽ മീഡിയ മാർക്കറ്റിംഗ് ഇന്ന് നാട്ടിലെ ഒരു കുതിച്ചുയരുന്ന വരുമാന മാർഗമാണെന്ന് ഓൺലൈൻ പ്ളാറ്റ്ഫോമുകളിൽ നിന്ന് തന്നെ മനസ്സിലാക്കാം. കുറഞ്ഞ ചിലവിൽ മികച്ച ട്രെയിനിംഗ് നടത്തുന്ന നിരവധി സ്ഥാപനങ്ങളുണ്ട്. ആ മേഖലയിൽ കുറഞ്ഞ ദിവസത്തെ പരിശീലനം നേടിയാൽ ആർക്കും ഒരു സോഷ്യൽ മീഡിയ എക്സിക്യുട്ടീവ് ആകാവുന്നതേ ഉള്ളൂ.

ഓൺലൈൻ പ്ളാറ്റ്ഫോമുകളിൽ വരുമാന മാർഗമായി നിരവധി മാർഗങ്ങളുണ്ട്. ഗൂഗിളും ഫെയ്സ്ബുക്കും മറ്റു ആഡ് പബ്ളിഷിംഗ് കംബനികളും കണ്ടീഷനുകൾക്കനുസരിച്ച് പണം നൽകാൻ തയ്യാറുമാണ്. എപ്പോഴും മറ്റുള്ളവരുടെ വ്ളോഗുകൾക്കും മറ്റും ലൈക്കടിക്കുകയും കമൻ്റടിക്കുകയും ചെയ്യുന്നതിനു പകരം സ്വന്തം നിലയിലും അതൊരു പ്രധാന വരുമാന മാർഗമാക്കാൻ ശ്രമിക്കാവുന്നതാണ്. ഒരു മുടക്കുമില്ലാതെ വെറുതെ ആർക്കും പരീക്ഷിക്കാവുന്ന മാർഗമാണിത്.

കാർ ടാക്സികളും ഓട്ടോ ടാക്സികളും മറ്റുമായി സ്ഥിരവരുമാന മാർഗം കണ്ടെത്തിയ നിരവധി പേർ പ്രവാസികളിലുണ്ട്. ടാക്സി സർവീസ് സ്ഥാപനങ്ങളുടെ ആപുകളിലും മറ്റും രെജിസ്റ്റർ ചെയ്ത് കൊണ്ട് സേവനം വ്യാപിപ്പിക്കാവുന്നതേ ഉള്ളൂ.

തിരിച്ചെത്തുന്ന പ്രവാസികൾക്ക് ധന സഹായങ്ങൾ നൽകാൻ കേരള സർക്കാറിൻ്റെ വിവിധ പദ്ധതികൾ ഉണ്ടെങ്കിലും പലരും അത് പ്രയോജനപ്പെടുത്തുന്നില്ലെന്നാണു നോർക്ക പോലുള്ള സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടവർ അറിയിക്കുന്നത്. അത് കൊണ്ട് തന്നെ മനസ്സിലുള്ള വിജയ സാധ്യതയുള്ള പദ്ധതികൾക്കായി അത്തരം ധനസഹായങ്ങൾ സ്വീകരിച്ച് പല വിധ സംരംഭങ്ങൾ ആരംഭിക്കാൻ സാധിക്കും.

നിർമ്മാണ തൊഴിൽ മേഖലയിൽ ഇപ്പോഴും ഇതര സംസ്ഥാന തൊഴിലാളികളുടെ ആധിപത്യം ഉണ്ട്. അതിനർത്ഥം മനസ്സ് വെച്ചാൽ മലയാളികൾക്ക് ഇപ്പോഴും ആ മേഖലയിൽ അവസരമുണ്ടെന്നതാണ്. പല പ്രവാസികളും നിലവിൽ നിർമ്മാണ തൊഴിൽ മേഖലയിലേക്ക് ഇറങ്ങിയിട്ടുമുണ്ട്. അവക്ക് പുറമെ നാട്ടിലെ നാടൻ തൊഴിൽ മേഖലകളിലും വലിയ അവസരങ്ങൾ ഉണ്ട്.

ചെറിയ കടകളും സൂപർമാർക്കറ്റുകളും പെട്ടെന്ന് തട്ടിക്കൂട്ടുന്നവരുണ്ട്. ആദ്യം ആ മേഖലയിലെ ബിസിനസുകളെക്കുറിച്ച് നല്ല രീതിയിൽ പഠിച്ച് മാത്രം ചെയ്യേണ്ടതാണെന്ന് അനുഭവസ്ഥർ. പലരും തുടങ്ങിയത് കുറച്ച് മാസങ്ങൾ കൊണ്ട് പൂട്ടിയിട്ടുണ്ടെന്ന് മറക്കരുത്. അത് പോലെത്തന്നെയാണു ഏത് വാണിജ്യ മേഖലയും. നല്ല രീതിയിൽ പഠിച്ചതിനു ശേഷം മാത്രം ആരംഭിക്കുക. പരാജയപ്പെട്ടവരുടെ കഥകൾ നമ്മൾ കേട്ടിരിക്കില്ല. വിജയികളുടെ കഥ മാത്രം കേട്ടാൽ ചിലപ്പോൾ പണി പാളും.

ഏതെങ്കിലും മേഖലയിലേക്ക് മുതൽ മുടക്കാൻ ആരെങ്കിലും ക്ഷണിക്കുന്നുവെങ്കിൽ ആ മേഖലയിൽ അയാൾക്കുള്ള അനുഭവ പരിജ്ഞാനം കൂടി അളക്കുന്നത് നല്ലതായിരിക്കും. പലരും മുടക്കിയ കാശിനു പിന്നീട് ഒരു തുമ്പും കിട്ടാതെയായിട്ടുണ്ടെന്നത് പ്രത്യേകം ഓർക്കുക.

പ്രവാസികളോട് പ്രത്യേകം ഒരു അഭ്യർത്ഥനയുള്ളത് നാട്ടിലെ തട്ടിപ്പ് നെറ്റ് വർക്ക് ടീമുകളിൽ പെട്ട് പണം കളയരുതെന്നാണ്. കുറച്ച് പണം നിക്ഷേപിച്ചാൽ ഒരു തൊഴിലും ചെയ്യാതെ അക്കൗണ്ടിൽ പ്രതിമാസം ലാഭ വിഹിതം നൽകുന്ന പല സ്ഥാപനങ്ങളും നിങ്ങളെ വല വീശിപ്പിടിക്കും. പലരും കിട്ടിയ കാശിൻ്റെ കണക്കും കാണിച്ച് തരും. എന്നാൽ അത്തരം സ്ഥാപനങ്ങൾ നടത്തിയ പലരുടെയും വീടുകൾക്ക് മുന്നിൽ നഷ്ടപ്പെട്ട പണവും ആവശ്യപ്പെട്ട് നിക്ഷേപകർ തടിച്ച് കൂടുന്ന വാർത്തകൾ ഇപ്പോൾ വരാൻ തുടങ്ങിയിട്ടുണ്ട്. അത് കൊണ്ട് അത്തരം കെണി വലകളിൽ പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

BY: ജിഹാദുദ്ദീൻ അരീക്കാടൻ

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://chat.whatsapp.com/E55W3FN5wbOKNNSZvhqHAx

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്