നേപാളിലെ റമദാൻ രാവ് ; സൗദി പ്രവാസിയുടെ കുറിപ്പ് വൈറലാകുന്നു
സൗദിയിലേക്കുള്ള യാത്രക്കിടെ നേപാളിൽ തങ്ങുന്ന ഫൈസൽ മാലിക് എ ആർ നഗറിന്റെ ഫേസ്ബുക്കിലെ നേപാളനുഭവക്കുറിപ്പ് വൈറലാകുന്നു. ഫൈസൽ മാലികിന്റെ കുറിപ്പ് ഇങ്ങനെ വായിക്കാം.
“റൂമിൽ നിന്ന് അസർ നമസ്കാരം കഴിഞ്ഞ് ഹോട്ടലിന്റെ ലോബിയിൽ ഇരിക്കുമ്പോഴാണ് നാളെ നോമ്പാണല്ലോ എന്നോർത്തത്. 20 മിനിറ്റ് നടന്നെത്തുന്ന ദൂരത്തിൽ കാശ്മീരി ജുമാമസ്ജിദും തൊട്ടടുത്ത് നേപ്പാളി ജുമാമസ്ജിദും ഉണ്ടെങ്കിലും ഹോട്ടലിന്റെ അടുത്ത് മസ്ജിദുണ്ടോ എന്നറിയാൻ ഗൂഗിളിൽ കയറി masjid near me എന്ന് serch ചെയ്ത് നോക്കിയതാണ്. അതാ വരുന്നു തമൽ മസ്ജിദ് 13 മിനിറ്റ്. ഒന്നുരണ്ട് പേർക്ക് Voice call ചെയ്തു. ആരും Onlineൽ ഇല്ല. ഉറക്കമായിരിക്കും. പിന്നെ ഒന്നും ആലോചിച്ചില്ല. google കാണിച്ച വഴിയിലൂടെ നടന്ന് ലൊക്കേഷനിലെത്തി പക്ഷെ പള്ളി മാത്രം കണ്ടില്ല. ഒരു ചെറിയ ഗല്ലി. നമ്മുടെ നാട്ടിലെ തനി നാടൻ ഇറച്ചിക്കടയെ ഓർമിപ്പിക്കുന്ന ഒരു ഇറച്ചിക്കട. കള്ളിത്തുണിയും നീളൻ കുപ്പായവും അതിന് പുറത്തൊരു ജാക്കറ്റും തലയിലൊരു തൊപ്പിയും ധരിച്ച് നീണ്ടു നിരച്ച താടിയും അസ്സൽ ഒരു ഇറച്ചിക്കാരന്റെ എല്ലാ ലുക്കുമുള്ള ഒരു ചാച്ച. സലാം ചൊല്ലി ആഗമന ഉദ്ദേശം അറിയിച്ചു. മുന്നിൽ കാണുന്ന ബിൽഡിങ്ങിലേക്ക് വിരൽ ചൂണ്ടിയപ്പോൾ അത്ഭുതപ്പെട്ടു. പള്ളിയാണെന്ന് തിരിച്ചറിയാനുള്ള ഒരു അടയാളവും അവിടെയില്ല. നേരത്തെ കണ്ട കാശ്മീരി മസ്ജിദും നേപ്പാളി മസ്ജിദും മെയിൻ റോഡരികിൽ എല്ലാ പ്രതാപത്തോടെയും തലയുയർത്തി നിൽക്കുകയാണ്. അതുപോലൊന്ന് പ്രതീക്ഷിച്ചിടത്താണ് ഈ കാഴ്ച. നാട്ടിലെ സാദാ നിസ്ക്കാരപ്പള്ളി പോലെയാണ് ഇത് ജുമുഅ ഇല്ല. ഏതായാലും മഗ്‌രിബിന് ഇനിയും സമയമുണ്ട്. ഞാൻ എന്നെ സ്വയം പരിചയപ്പെടുത്തി. നേപ്പാളിൽ വന്ന കാരണമൊക്കെ പറഞ്ഞു. ചാച്ചയും നല്ല സംസാരപ്രിയനാണ്. ആള് നേപ്പാളി തന്നെയാണത്രെ. എങ്കിലും ബംഗാളിയാണെന്നേ തോന്നൂ. ഞാൻ തർക്കിക്കാനൊന്നും നിന്നില്ല.
ആ ഗല്ലി മുഴുവൻ മുസ്‌ലിംകളാണ്. എല്ലാവരും സംസാരിക്കുന്നത് ഉറുദുവാണ്. രണ്ട് മൂന്ന് ഹോട്ടലുകൾ ഒരു ടൈലർ കട തുടങ്ങിയവ ഒക്കെയായി അത്യാവശ്യം തിരക്കുള്ള ഒരു ഗല്ലി. പോത്തിറച്ചി പോലെ കോഴിയും ഇറച്ചി ആക്കി വെച്ചിരിക്കുകയാണ്. ഒരു കിലോ കോഴിക്ക് 430ഉം ബീഫിന് 450ഉം നേപ്പാളി റുപീയാണ് വില. 10 ഇന്ത്യൻ രൂപക്ക് 16 നേപ്പാളി റുപീ കിട്ടും. മതപഠനം എങ്ങിനെ എന്ന ചോദ്യത്തിന് അത് ആവശ്യമുള്ളവർക്ക് വീട്ടിൽ വന്ന് എടുക്കും എന്നായിരുന്നു മറുപടി. ദിവസം രണ്ട് മണിക്കൂർ ആണത്രെ പഠനസമയം.
നാളെ റമദാൻ ആയത് കൊണ്ടാണോ എന്നറിയില്ല ടൈലർ ഷോപ്പിൽ വിൽപ്പനക്ക് വെച്ച അറാക്കിനും (മിസ്‌വാക്ക്) അത്തറിനും ആളുകൾ തിരക്കുന്നുണ്ട്. ടൈലർമാരായ മസീഹുല്ലയും അസ്റാറും മുതവ്വമാരാണ്. തറാവീഹിനെ കുറിച്ചും ഇഫ്താറിനെ കുറിച്ചുമൊക്കെ അന്വേഷിച്ചു. തറാവീഹ് 20 റകഅത്താണ്. നോമ്പ് തുറ പള്ളിയിൽ വിപുലമായിട്ട് തന്നെയുണ്ടാകും. എന്നെപ്പോലെ വന്ന കുറച്ച് മലയാളികളേയും അവിടെ കണ്ടു. അവരുടെ താമസസ്‌ഥലം ഈ ഗല്ലിക്കടുത്തുള്ള ഹോട്ടലുകളിലാണ്. മഗ്‌രിബ് ബാങ്കിന് മുമ്പേ വുളു എടുത്ത് പള്ളിയിൽ കയറി മൂന്ന് സ്വഫ് കാർപെറ്റ് വിരിച്ചിരിക്കുന്നു. ഇതുപോലെ മുകളിലും ഒരു നിലയുണ്ട്. രണ്ടിടത്തുമായി ഇരുനൂറോളം പേർക്ക് നിസ്കരിക്കാം.
മഗ്‌രിബിന് ആളുകൾ കൂടുതലായത് കൊണ്ട് സ്വഫുകൾക്കിടയിലെ അകലം കുറച്ച് നാല് സ്വഫിലാണ് നിസ്കരിച്ചത്. ബാങ്ക് കൊടുക്കുന്നത് സ്വഫുകൾക്ക് പിന്നിൽ നിന്നാണ്. ടൈലർ മസീഹുല്ലയാണ് മുഅദ്ദിൻ. ബാങ്കിൽ വിളിച്ചതുപോലെ എല്ലാം ഇഖാമത്തിലും ആവർത്തിച്ച് പറയുന്നുണ്ട്. രണ്ടിനും മൈക്ക് ഇല്ല. ഇമാമിന്റെ നല്ല ഈണത്തിലുള്ള ഖുർആൻ പാരായണം. ബിസ്മി ചൊല്ലുന്നുണ്ടൊ എന്നറിയില്ല പുറത്തേക്ക് കേൾക്കുന്നില്ല. സലാം വീട്ടിയ ഉടനെ ഒരാൾ എഴുന്നേറ്റുനിന്ന് തന്റെ പരാധീനതകളും രോഗവും വിളിച്ചു പറഞ്ഞ് സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഇമാം ഉടനെ അത് നിരുത്സാഹപ്പെടുത്തി. മഗ്‌രിബിന് ശേഷം ധാരാളം ആളുകൾ ഖുർആൻ പാരായണവുമായി അവിടെ തന്നെ ഇരിക്കുകയാണ്.
പൊന്നാനി ലിപി പോലെയുള്ള മുസ്ഹഫും മദീന പ്രസിൽ അച്ചടിച്ച മുസ്ഹഫും ധാരാളമായി കാണാം. ഇശാ കഴിഞ്ഞതോടെ ഞാൻ വാച്ചിലേക്ക് നോക്കാൻ തുടങ്ങി. കാരണമുണ്ട്. എവിടെ പോയാലും 10 മണിക്ക് മുമ്പായി റൂമിലെത്തണമെന്നാണ് പറഞ്ഞിട്ടുള്ളത്. ഏത് പെട്ടിക്കടയിലും മദ്യം സുലഭമായി ലഭിക്കുന്ന നാട്. രാത്രി ആണും പെണ്ണും ഒരുപോലെ തിമിർത്താടുകയാണ്. എവിടെ നോക്കിയാലും ഡാൻസ് ബാറുകളാണ്. പകല് കാണുന്ന തെരുവുകളല്ല രാത്രി പത്ത് മണി കഴിഞ്ഞാൽ. നമ്മുടെ നാട്ടിലെ പോലെ 9 മണി കഴിഞ്ഞാൽ കടകളൊക്കെ അടക്കാൻ തുടങ്ങും. പത്ത് മണിയോടെ സ്ട്രീറ്റുകൾ വിജനമാവും. പിന്നെ മദ്യപൻമാരും ഡാൻസ് ബാറുകളിൽ നിന്നുള്ള കാതടിപ്പിക്കുന്ന സംഗീതവും നൃത്തവും കൊണ്ട് തെരുവ് ശബ്ദമുഖരിതമാവും. തറാവീഹ് 20 റകഅത്ത് കഴിയുന്നതോടെ പത്ത് മണി കടക്കും. റൂമിലേക്ക് 15 മിനിറ്റോളം നടക്കാനുമുണ്ട്. ഞാൻ എട്ട് റകഅത്തും വിത്റും നിസ്കരിച്ച് പുറത്തിറങ്ങി.
അവിടെ ഭക്ഷണശാലകളിൽ നിന്ന് മട്ടൻ കടായിയുടെ മണം മൂക്കിലേക്ക് അടിച്ച് കയറുന്നു. ചൂടോടെ ചുട്ട് കൂട്ടുന്ന തന്തൂരി റൊട്ടി. നേപ്പാളിൽ എത്തിയ ശേഷം ഒരു മാംസവും കഴിച്ചിട്ടില്ല. ഈ ഗല്ലിയിൽ നിന്ന് വിശ്വസിച്ച് കഴിക്കാം അത് നേരത്തെ ചാച്ചയോട് ചോദിച്ച് ഉറപ്പ് വരുത്തിയിട്ടുണ്ട്. ഡൽഹി ടേസ്റ്റ് എന്നെഴുതിയ കടയിലേക്ക് കയറി. കടായിക്ക് സമയം പിടിക്കും പെട്ടന്ന് കിട്ടുന്നത് എന്താണ്. ചണമസാലയും (കാബുളി മണിക്കടല) തന്തൂരി റൊട്ടിയും തരാം. അതെങ്കിൽ അത് ഇന്നത്തെ രാത്രി ഭക്ഷണം പുറത്ത് നിന്ന് തന്നെ. 2 റൊട്ടിയും ഹാഫ് ചണയും കഴിച്ച് 110 റുപീയും കൊടുത്ത് വേഗം പുറത്തിറങ്ങി. തെരുവ് ആഘോഷതിമിർപ്പിനുള്ള ഒരുക്കങ്ങൾ തുടങ്ങുകയാണ്. ജംങ്ങ്ഷനിലൊക്കെ പോലീസ് കൂട്ടങ്ങൽ ലാത്തിയും പിടിച്ച് നിലയുറപ്പിച്ചിട്ടുണ്ട്. ഡാൻസ് ബാറിലേക്ക് പോകുന്ന കുമാരി കുമാരൻമാർ പുറത്തും അതേ വേഷത്തിൽ തന്നെയാണ്. ചീറിപ്പായുന്ന ബൈക്കുകൾക്കും രാവ് പകലാക്കാൻ ഓടുന്ന യുവതക്കും ഇടയിലൂടെ ഞാൻ അതിവേഗം റൂമിലേക്ക് നടന്നു.”
✍️ ഫൈസൽ മാലിക്. എ ആർ നഗർ
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa