Wednesday, May 14, 2025
Saudi ArabiaTop Stories

സൗദിയിലേക്ക് പ്രവേശന വിലക്കില്ലാത്ത മറ്റു രാജ്യങ്ങളിൽ 14 ദിവസം ക്വാറന്റീനിൽ കഴിഞ്ഞ ഇന്ത്യക്കാർക്കും സൗദിയിലേക്ക് പ്രവേശിക്കുമ്പോൾ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീൻ ബാധകമാകുമോ? പുതിയ നിബന്ധനയുമായി ബന്ധപ്പെട്ട് പ്രവാസികൾ അറിഞ്ഞിരിക്കേണ്ട 12 കാര്യങ്ങൾ

ജിദ്ദ: മെയ് 20 മുതൽ സൗദിയിൽ പ്രവേശിക്കുന്ന വക്സിനെടുക്കാത്ത യാത്രക്കാർക്ക് ഇൻസ്റ്റിറ്റൂഷണൽ ക്വാറന്റീൻ ബാധകമായിരിക്കുകയാണ്.  ഏഴു ദിവസം സൗദി അധികൃതര്‍ ഒരുക്കുന്ന അംഗീകൃതവും നിര്‍ബന്ധിതവുമായ  ഹോട്ടല്‍ വാസമാണ് ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈൻ. സൗദിയിലെ ഇൻസ്റ്റിറ്റൂഷണൽ ക്വാറന്റീനുമായി ബന്ധപ്പെട്ട് പ്രവാസികൾ നിർബന്ധമായും അറിഞിരിക്കേണ്ട 12 കാര്യങ്ങൾ ഇവയാണ്:

1. സൗദി അറേബ്യ വിലക്ക് ഏര്‍പ്പെടുത്താത്ത രാജ്യങ്ങളില്‍ 14 ദിവസം ക്വാറന്റീനിൽ കഴിഞ്ഞ ശേഷം സൗദിയിലേക്ക് പ്രവേശിക്കുന്ന വാക്സിനെടുക്കാത്ത ഇന്ത്യക്കാര്‍ക്കും ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീൻ നിര്‍ബന്ധമാണ്.

2. ബുക്ക് ചെയ്ത ഹോട്ടലിലോ ഫര്‍ണീഷ്ഡ് അപാര്‍ട്ട്‌മെന്റുകളിലോ എത്തിയത് മുതലാണ് ഏഴുദിവസ ക്വാറന്റൈന്‍ സമയം തുടങ്ങിയതായി കണക്കാക്കുക.

3. സൗദിയില്‍ എത്തിയതിനു ശേഷം രണ്ടു തവണ പി സി ആര്‍ ടെസ്റ്റ് നടത്തേണ്ടി വരും. സൗദിയില്‍ എത്തിയതിനു ശേഷമുള്ള ആദ്യ ദിവസവും ഏഴാമത്തെ ദിവസവും പി സി ആര്‍ ടെസ്റ്റ്‌ നടത്തണം. എന്നാല്‍ എട്ട് വയസ്സിന് താഴെയുള്ളവര്‍ക്ക് പിസിആര്‍ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല.

4. വാക്സിനെടുക്കാത്തവർക്ക് വിമാന ടിക്കറ്റ്, ക്വാറന്റൈന്‍ ചിലവ്, കോവിഡ് ഇൻഷൂറൻസ്,രണ്ട് പിസിആര്‍ പരിശോധന ഉള്‍പ്പെടെയുള്ള പാക്കേജാണ് വിമാനക്കംബനികൾ യാത്രക്കാർക്ക് നല്‍കുക. ഇത് സൗദിയിലേക്കുള്ള യാത്രാ ചിലവ് വലിയ തോതിൽ വർദ്ധിപ്പിക്കും.

5. സൗദിയിലെത്തി നാലു മണിക്കൂറിനുള്ളില്‍ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ എത്തിച്ചേരണം. നാല് മണിക്കൂറിനുള്ളില്‍ ക്വാറന്റീൻ കേന്ദ്രത്തില്‍ എത്തിച്ചേരാന്‍ സാധിച്ചില്ലെങ്കില്‍  ക്വാറന്റൈന്‍ വ്യവസ്ഥകള്‍ ലംഘിച്ചതായി കണക്കാക്കും. ക്വാറന്റൈന്‍ വ്യവസ്ഥ ലംഘിച്ചാല്‍ 20000 റിയാല്‍ പിഴയോ രണ്ടുവര്‍ഷം തടവോ രണ്ടുമൊന്നിച്ചോ ശിക്ഷയുണ്ടാകും. വിദേശികളാണെങ്കില്‍ നാടുകടത്തലും സൗദിയിലേക്ക് പ്രവേശന വിലക്കും അനുഭവിക്കേണ്ടി വരും.

6. ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീനിന്റെ ഏഴാമത്തെ ദിവസം പി സി ആര്‍ ടെസ്റ്റ്‌ നടത്തി റിസള്‍ട്ട് പോസിറ്റീവ് ആകുകയാണെങ്കില്‍ അവര്‍ 14 ദിവസം ക്വാറന്റൈനില്‍ തുടരേണ്ടിവരും.

7. 14 ദിവസ ക്വാറന്റൈനില്‍ കഴിയുന്ന സമയത്ത് കൂടുതല്‍ ചികിത്സ ആവശ്യമായി വന്നാല്‍ സൗദി പൗരന്മാരെയും ഇഖാമയുള്ള വിദേശികളെയും ജിസിസി പൗരന്മാരെയും സര്‍ക്കാര്‍ ചെലവില്‍ ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകും. വിസിറ്റിംഗ് വിസക്കാർക്കും മറ്റും ചികിത്സാ ചിലവ് ഇന്‍ഷുറന്‍സ് കമ്പനിയാണ് വഹിക്കേണ്ടി വരിക.

8. സൗദി പൗരന്മാര്‍, സൗദി ഇഖാമയുള്ള വിദേശികള്‍, ജിസിസി പൗരന്മാര്‍ എന്നിവരൊഴികെ വാക്സിനെടുക്കാത്ത മറ്റെല്ലാവരും കോവിഡ് ഇന്‍ഷുറന്‍സ് എടുത്തിരിക്കണം.

9. 30 ദിവസമാണു കോവിഡ് ഇൻഷൂറൻസ് പോളിസിക്ക് കാലാവധിയുള്ളത്. ഇതിനു 375 റിയാലാണ് ചിലവ്.  സൗദിയിലെ കോവിഡ് ചികിത്സ, ക്വാറന്റൈന്‍, കോവിഡ് മൂലം ഉണ്ടാകുന്ന യാത്ര തടസ്സങ്ങള്‍ക്ക് നഷ്ടപരിഹാരം, അടിയന്തിര സാഹചര്യങ്ങളില്‍ കൂടുതല്‍ വിദഗ്ദ ചികിത്സക്കായി നാട്ടില്‍ എത്തിക്കല്‍, മരണം സംഭവിക്കുകയാണെങ്കില്‍ മൃതദേഹം നാട്ടില്‍ എത്തിക്കല്‍ തുടങ്ങിയവക്കെല്ലാം ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. ഇന്‍ഷുറന്‍സ് എടുത്തവര്‍ക്ക് ആറര ലക്ഷം റിയാല്‍  വരെ ചിലവ് വരുന്ന കോവിഡ് ചികിത്സ ലഭിക്കും.

10. വാക്സിനെടുക്കാത്ത യാത്രക്കാർ  പ്രവേശിക്കുന്ന സൗദിയിലെ നഗരത്തില്‍ തന്നെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ വേണം.

11. ഫൈസര്‍ ബൈനോട്ടക്, ഓക്സ്‌ഫോർഡ് ആസ്ട്ര സെനിക (കോവിഷീല്‍ഡ്), മൊഡെർണ എന്നീ വാക്സിനുകളിൽ ഏതെങ്കിലും ഒന്നിന്റെ രണ്ടു ഡോസുകളോ  ജോൺസൻ വാക്സിന്റെ ഒരു ഡോസോ സ്വീകരിച്ചവർക്ക് ഇൻസ്റ്റിറ്റൂഷണൽ ക്വാറന്റീൻ ബാാധകമാകില്ല.  ഇവര്‍ വാക്സിൻ കുത്തിവെപ്പ് എടുത്തത് തെളിയിക്കുന്ന രേഖ കയ്യില്‍ കരുതണം.

12. വാക്സിനെടുത്തവർ, സൗദി പൗരന്മാർ, അവരുടെ ഭാര്യമാർ, മക്കൾ അവരുടെ കൂടെയുള്ള ഗാർഹിക തൊഴിലാളികൾ, വാക്സിനെടുത്ത വിദേശിയുടെ കൂടെയുള്ള അയാളുടെ വാക്സിനെടുക്കാത്ത ഗാർഹിക തൊഴിലാളി, ട്രക്ക് ഡ്രൈവർമാരും സഹായികളും, ഹെൽത്ത് സപ്ലൈ ശൃംഖലയിൽ ഉൾപ്പെട്ടവർ, ഡിപ്ലോമാറ്റ്സ്, ഔദ്യോഗിക പ്രതിനിധികൾ, എയർലൈൻ , ഷിപ്പ് ജീവനക്കാർ തുടങ്ങിയവർക്ക് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ നിബന്ധന ബാധകമല്ല.
അതേ സമയം  മേല്‍ പറഞ്ഞ വിഭാഗത്തില്‍ പെടുന്നവര്‍ ആരോഗ്യമന്ത്രാലയം പ്രഖ്യാപിച്ച മുൻകരുതല്‍ നടപടികള്‍ സ്വീകരിക്കണം. ഇവര്‍  ഹോം  ക്വാറന്റീനില്‍ കഴിയണം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്