ഈദൊലി 2021’തനിമ കലാവിരുന്ന് ശ്രദ്ധേയമായി
ദമ്മാം: ഈദുല്‍ഫിത്‌റ് ആഘോഷത്തിന്റെ ഭാഗമായി തനിമ സാംസ്‌കാരിക വേദി ദമ്മാം ‘ ഈദൊലി 2021’ എന്ന തലക്കെട്ടില്‍ ഓണ്‍ലൈന്‍ കലാവിരുന്നൊരുക്കി. ഇസ്രയേലിന്റെ നരനായാട്ടില്‍ രക്തസാക്ഷികളായ ഫലസ്തീന്‍ പൗരന്മാർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടാണ് പരിപാടിക്ക് തുടക്കം കുറിച്ചത്.
അല്‍ ജാമിഅ അല്‍ ഇസ്്‌ലാമിയ ശാന്തപുരം ദഅവാ ഫാക്കല്റ്റി ഡീന്‍ കെ.എം അഷ്‌റഫ് ഈദ് സന്ദേശം നല്കി. ബാഹ്യ മോടിയിലല്ല അകം നന്മ നിറച്ചാണ് നാം ഓരോരുത്തരും മനുഷ്യരാകേണ്ടതെന്നും. ജാതിയുടെയും വര്‍ണത്തിനുമപ്പുറം മനുഷ്യരെ തുല്യരായി കാണുകയെന്നതാണ് ഈദിന്റെ സന്ദേശമെന്നും അദ്ദേഹം പറഞ്ഞു. തനിമ സാംസ്‌കാരിക വേദി ദമ്മാം ഘടകം പ്രസിഡന്റ് അസ്‌കര്‍ ആമുഖ പ്രഭാഷണം നടത്തി.
സിനിമാ പിന്നണി ഗായിക ദാന റാസിഖ്, നമസ്ക്കാരപ്പായയിലിരുന്ന് പാട്ട്പാടി സമൂഹ മാധ്യമത്തിൽ പ്രശസ്തരായ ഉമ്മയും മകളും നദാ നസീം, ശബീന നസീം, കേരളാ സ്‌കൂള്‍ കലോത്സവ വേദികളിലെ നിറ സാന്നിധ്യമായിരുന്ന മുഹമ്മദ് അസ്ഹറുദ്ദീൻ,യു.എ.ഇയിലെ പ്രശസ്ത ഗായിക ആയിഷ അബ്ദുല്‍ ബാസിത് എന്നിവര്‍ അവതരിപ്പിച്ച മനോഹരമായ പാട്ടുകള്‍ പരിപാടിയുടെ മാറ്റുകൂട്ടി. ഒപ്പം ലര്‍വാടി, സ്റ്റുഡന്‍സ് ഇന്ത്യ കുട്ടികള്‍ അവതരിപ്പിച്ച വെല്‍കം ഡാന്‍സ്, സംഗീതശില്പം, സ്‌കിറ്റ്, മോണോ ആക്ട്, ദമ്മാം തനിമ കലാവേദി അവതരിപ്പിച്ച ഹ്രസ്വ ചിത്രം എന്നിവ പരിപാടി മികവുറ്റതാക്കി. തനിമ ദമ്മാം റമദാനില്‍ സംഘടിപ്പിച്ച റമദാന്‍ മുസാബഖ ക്വിസ് മത്സരത്തില്‍ ഉന്നത വിജയം നേടിയവരെ പരിപാടിയില്‍ അനുമോദിച്ചു.
മിദ്‌ലാജ് സിനാന്‍ ഖുര്‍ആനില്‍ നിന്ന് അവതരിപ്പിച്ചു. ശിഫാ അലി, അസ്‌ന ജോഷി എന്നിവര്‍ അവതരാകരായിരുന്നു. പ്രോഗ്രാം കണ്‍വീനര്‍ കബീര്‍ മുഹമ്മദ് നന്ദി രേഖപ്പെടുത്തി. മെഹബൂബ്, മുഹമ്മദ് റഫീഖ്, മുഹമ്മദ് ബിനാന്‍, മിസ്അബ്, മുഹമ്മദ് ഹിഷാം, ഷെമീര്‍ പത്തനാപുരം,അഷ്‌കർ ഗനി എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa