ബഹ്രൈനിൽ കുടുങ്ങിയ സൗദി പ്രവാസികളുടെ പ്രശ്നത്തിൽ ഇടപെടുന്നുണ്ടെന്ന് എംബസി; പ്രതീക്ഷയോടെ പ്രവാസികൾ
മനാമ: കോവിഡ് വാക്സിനെടുക്കാത്തവർക്ക് സൗദിയിലേക്ക് പ്രവേശിക്കാൻ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീൻ നിർബന്ധമായതോടെ ബഹ്‌റൈനിൽ കുടുങ്ങിയ സൗദി പ്രവാസികളുടെ പ്രശ്നത്തിൽ ഇടപെടുന്നുണ്ടെന്ന് ബഹ്രൈൻ ഇന്ത്യൻ എംബസി.
സൗദി പ്രവാസികളുടെ പ്രശ്നം ശ്രദ്ധയിൽ പെട്ടതായും പ്രശ്ന പരിഹാരത്തിനു ശ്രമം തുടങ്ങിയിട്ടുണ്ടെന്നും ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവയാണു അറിയിച്ചത്.
വൻ തുക ട്രാവൽ ഏജൻസികൾക്ക് കൊടുത്ത് ബഹറിനിൽ എത്തിയ സൗദി പ്രവാസികൾക്ക് രണ്ടാഴ്ചത്തെ ബഹ്രൈൻ വിസിറ്റ് വിസ കാലാവധി തീരുന്നതും താമസ ഭക്ഷണ ചെലവുകളും സൗദിയിലേക്ക് വിമാന മാർഗം 5000 റിയാലോളം മുടക്കി ക്വാറന്റീൻ പാക്കേജിൽ പ്രവേശിക്കുന്നതുമാണു ഇപ്പോൾ വെല്ലുവിളിയായിട്ടുള്ളത്.
പലരും കോസ് വേ കടന്ന് സൗദിയിലെ മറ്റു നഗരങ്ങളിലേക്ക് എത്തേണ്ട പണം മാത്രമേ കയ്യിൽ കരുതിയിട്ടുണ്ടായിരുന്നുള്ളൂ എന്നതിനാൽ മറ്റു അപ്രതീക്ഷിത ചിലവുകൾ താങ്ങാൻ കഴിയാത്ത സ്ഥിതിയാണുള്ളത്.
നാട്ടിൽ നിന്ന് കടം വാങ്ങിയും മറ്റും ലക്ഷത്തിനു പുറത്ത് സൗദി പാക്കേജുകൾക്കായി കൊടുത്താണു പല സാധാരണക്കാരും ബഹറിനിൽ എത്തിയിട്ടുള്ളത് . ബഹറിനിൽ ലാൻഡ് ചെയ്ത ശേഷം ആയിരുന്നു സൗദിയുടെ പുതിയ ക്വാറന്റീൻ നിയമം പുറപ്പെടുവിച്ചത് എന്നതിനാൽ ബഹറിനിൽ തുടരുക മാത്രമേ നിവൃത്തിയുണ്ടായിരുന്നുള്ളൂ.
ഈ സാഹചര്യത്തിൽ നാട്ടിലേക്ക് മടങ്ങുക എന്നത് വൻ തുക കടം വാങ്ങി പുറപ്പെട്ട സാധാരണ പ്രവാസികളെ സംബന്ധിച്ചിടത്തോളം ചിന്തിക്കാൻ പോലും സാധിക്കാത്തതാണെന്ന് പല പ്രവസി സഹോദരങ്ങളും അറേബ്യൻ മലയാളിയോട് പറഞ്ഞു.
നിലവിൽ ബഹ്രൈനിൽ കുടുങ്ങിയവരെ കോസ് വേ വഴിയോ മറ്റു ചാർട്ടേഡ് ഫ്ലൈറ്റുകൾ വഴിയോ സൗദിയിലെത്തിച്ച് അധികം ചിലവില്ലാത്ത ക്വാറന്റീൻ സൗകര്യങ്ങൾ ഒരുക്കുന്നതിനു സൗദി, ബഹ്രൈൻ ഇന്ത്യൻ എംബസി അധികൃതർ അടിയന്തിര നടപടികളെടുക്കുന്നത് വലിയ ആശ്വാസമാകും. ആവശ്യമായ സഹായ സഹകരണങ്ങൾ പ്രവാസി സംഘടനകളുമായി ബന്ധപ്പെട്ടാൽ ലഭിക്കുമെന്നതും തീർച്ചയാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa