Friday, November 15, 2024
GCCTop Stories

വിദേശത്ത് നിന്ന് ആസ്ട്രസെനക്ക വാക്സിൻ ഒരു ഡോസ് സ്വീകരിച്ചവർക്ക് കേരളത്തിൽ നിന്ന് രണ്ടാം ഡോസ് കോവിഷീൽഡ് സ്വീകരിക്കാം; പ്രവാസികളുടെ വാക്സിനേഷൻ സംബന്ധിച്ച പ്രധാന സംശയങ്ങൾക്കുള്ള മറുപടി കാണാം

തിരുവനന്തപുരം: വിദേശങ്ങളിൽ പോകുന്നവരുടെ വാക്സിനേഷൻ സംബന്ധിച്ച പ്രധാനപ്പെട്ട സംശയങ്ങൾക്ക് സംസ്ഥാന ആരോഗ്യ മന്ത്രാലയം വിശദീകരണം നൽകി. വിശദീകരണം ഇങ്ങനെ വായിക്കാം.

“വിദേശത്ത് പോകുന്നവര്‍ക്ക് വാക്‌സിനേഷനെപ്പറ്റിയുള്ള സംശയങ്ങള്‍ക്കുള്ള മറുപടി. വിദേശ രാജ്യങ്ങളില്‍ പോകുന്നവര്‍ക്ക് കോവിഷീല്‍ഡ് രണ്ടാം ഡോസ് വാക്‌സിന്‍ 4 മുതല്‍ 6 ആഴ്ചയ്ക്കുള്ളില്‍ നല്‍കാനും പ്രത്യേക വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനും ആരോഗ്യ വകുപ്പ് കഴിഞ്ഞ ദിവസം മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. ഇതു സംബന്ധിച്ചുള്ള സംശയങ്ങളാണ് ആരോഗ്യ വകുപ്പ് ദൂരികരിക്കുന്നത്.

18 വയസിന് മുകളിലുള്ള, കോവിഷീല്‍ഡ്/കോവാക്‌സിന്‍ രണ്ട് ഡോസ് സ്വീകരിക്കുകയും വിദേശ യാത്രയ്ക്കായി വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പാസ്‌പോര്‍ട്ട് നമ്പര്‍ ഉള്‍പ്പെടുത്തുകയും ചെയ്യേണ്ടവരാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിന് അര്‍ഹരായവര്‍. കൂടാതെ കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിക്കുകയും എന്നാല്‍ വിദേശ രാജ്യങ്ങളുടെ വാക്‌സിന്‍ നയപ്രകാരം വിദേശ യാത്രയ്ക്കായി വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ കോവിഷീല്‍ഡ് എന്നതിന് പകരം അസ്ട്രാസിനക്ക എന്ന് രേഖപ്പെടുത്തേണ്ടത് അനിവാര്യമായവര്‍ക്കും നിലവിലെ വാക്‌സിനേഷന്‍ സ്ഥിതി അനുസരിച്ച് അന്തിമ/ പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ളവര്‍ക്കും സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതാണ്.

സംസ്ഥാന വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ എന്ത് ചെയ്യണം?

രണ്ടാം ഡോസ് സ്വീകരിച്ചതിന് ശേഷം വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നിന്ന് താത്കാലികമായി ഒരു സര്‍ട്ടിഫിക്കറ്റ് ലഭ്യമാകുന്നതായിരിക്കും. തുടര്‍ന്ന് https://covid19.kerala.gov.in/vaccine/ എന്ന വെബ് സൈറ്റ് സന്ദര്‍ശിച്ച് VACCINATION CERTIFICATE (GOING ABROAD) എന്ന് ടാബ് ക്ലിക്ക് ചെയ്യുക.

വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നിന്ന് ലഭിച്ച സര്‍ട്ടിഫിക്കറ്റും മറ്റ് വ്യക്തിഗതവിവരങ്ങളും നല്‍കുക. സമര്‍പ്പിക്കപ്പെട്ട അപേക്ഷകള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പരിശോധിച്ച് അര്‍ഹതയുള്ളവര്‍ക്കാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.

അപേക്ഷ അംഗീകരിച്ചിട്ടുണ്ടെങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറില്‍ എസ്.എം.എസ്. ലഭിക്കുന്നതാണ്. അംഗീകരിക്കപ്പെട്ട അപേക്ഷകര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായി ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാം.

അപേക്ഷ നിരസിക്കപ്പെടുകയാണെങ്കില്‍ അപേക്ഷ നിരസിക്കുവാനുള്ള കാരണം കാണിക്കുന്ന എസ്.എം.എസ്. ലഭിക്കുന്നതാണ്. ആവശ്യമായ തിരുത്തലുകള്‍ വരുത്തി വീണ്ടും അപേക്ഷിക്കാം.

രണ്ടാമത്തെ ഡോസ് വാക്‌സിന്‍ നേരത്തെ ലഭിക്കാന്‍ എന്ത് ചെയ്യണം?

മുന്‍ഗണന ലഭിക്കാനായി https://covid19.kerala.gov.in/vaccine/ എന്ന വൈബ് സൈറ്റില്‍ അപേക്ഷിക്കുക. ഇതിനുള്ള സംവിധാനം ഉടന്‍ തന്നെ വെബ് സൈറ്റില്‍ ലഭ്യമാകുന്നതാണ്. അപേക്ഷിക്കുന്ന സമയത്ത് യാത്രാ വിവരത്തിന്റെ രേഖകള്‍ അപ്‌ലോഡ് ചെയ്യണം.

രണ്ടാം ഡോസ് വാക്‌സിന്‍ നേരത്തെ എടുത്തിട്ടുള്ളവര്‍ക്ക് സംസ്ഥാനം നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ലഭിക്കാനായി https://covid19.kerala.gov.in/vaccine/ല്‍ ഇതിനായി പ്രത്യേകം അപേക്ഷിക്കണം. രണ്ടാം ഡോസ് സ്വീകരിച്ച സമയത്ത് മെഡിക്കല്‍ ഓഫീസര്‍ നല്‍കിയിട്ടുള്ള പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് കൂടി അപ് ലോഡ് ചെയ്യണം.

വിദേശത്ത് വച്ച് ആസ്ട്രസിനക്ക വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ചവര്‍ക്ക് സംസ്ഥാനത്ത് നിന്നും രണ്ടാം ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിക്കാം. അവര്‍ വാക്‌സിനേഷന്‍ കേന്ദ്രത്തിത്തിലെത്തി രണ്ടാം ഡോസിനായി രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് ആദ്യ ഡോസിന്റെ വിവരങ്ങള്‍ കോവിന്‍ സൈറ്റില്‍ നല്‍കുന്നതാണ്. രണ്ടാം ഡോസ് നല്‍കിയ വിവരം രേഖപ്പെടുത്തിയതിന് ശേഷം അവര്‍ക്ക് കോവിന്‍ സൈറ്റില്‍ നിന്ന് അന്തിമ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

കൂടുതല്‍ സംശയങ്ങള്‍ക്ക് ദിശ 1056, 104 എന്ന നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്