Saturday, November 16, 2024
Saudi ArabiaTop Stories

തവക്കൽനയിൽ എംബസി അറ്റസ്റ്റേഷൻ ഇല്ലാതെ ഇമ്യൂൺ ആയതും അറ്റസ്റ്റേഷൻ ലഭിച്ച ശേഷം ഇമ്യൂൺ ആയതുമായ വ്യത്യസ്ത അനുഭവങ്ങൾ; ഇനിയും വ്യക്തമായ തീരുമാനമെടുക്കാനാകാതെ സൗദി പ്രവാസികൾ

ജിദ്ദ: വിമാന യാത്രാ വിലക്കെന്ന പോലെത്തന്നെ നാട്ടിലുള്ള സൗദി പ്രവാസികൾ നിലവിൽ നേരിടുന്ന വലിയൊരു പ്രതിസന്ധിയാണ് രണ്ട് വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഉണ്ടായിട്ട് പോലും തവക്കൽനായിൽ ഇമ്യൺ സ്റ്റാറ്റസ് വരാതിരിക്കുന്ന അവസ്ഥ.

ഭൂരിഭാഗം പേരുടെയും അപേക്ഷകൾ സൗദി ആരോഗ്യ മന്ത്രാലയം വാക്സിൻ സർട്ടിഫിക്കറ്റിൽ സൗദി എംബസി അറ്റസ്റ്റേഷൻ ആവശ്യമുണ്ടെന്ന് അറിയിച്ച് കൊണ്ട് തള്ളുന്ന അവസ്ഥയാണുള്ളത്. തവക്കൽനായി ഇമ്യൂൺ ആയില്ലെങ്കിൽ ക്വാറൻ്റീൻ പാക്കേജിൽ പോകേണ്ടി വരുമെന്നതിനാലും 50,000 ത്തിലധികം രൂപ അതിനും കൂടി മുടക്കേണ്ടി വരുമെന്നതിനാലും അപേക്ഷ തള്ളുന്ന മെസ്സേജ് പ്രവാസികൾക്ക് വലിയ മാനസിക പ്രയാസമാണുണ്ടാക്കുന്നത്.

അതേ സമയം അതിനിടക്ക് നാട്ടിൽ നിന്ന് ഒരു അറ്റസ്റ്റേഷനും ഇല്ലാതെ രണ്ട് ഡോസ് സ്വീകരിച്ച സർട്ടിഫിക്കറ്റുകൾ ആരോഗ്യ മന്ത്രാലയത്തിൻ്റെ സൈറ്റിൽ അപ് ലോഡ് ചെയ്യുകയും തവക്കൽനായി ഇമ്യൂൺ ആകുകയും ചെയ്ത അനുഭവം ഉള്ളവരും ഉണ്ട്.

നാട്ടിൽ നിന്ന് അപേക്ഷിച്ചപ്പോഴെല്ലാം സൗദി എംബസി അറ്റസ്റ്റേഷൻ ആവശ്യപ്പെട്ട് അപേക്ഷ തള്ളപ്പെട്ട ഒരാൾ പിന്നീട് എംബസി അറ്റസ്റ്റേഷൻ ചെയ്യുകയും അത് സൗദിയിൽ തിരികെയെത്തിയ ശേഷം ആരോഗ്യ മന്ത്രാലയത്തിൻ്റെ സൈറ്റിൽ അപ് ലോഡ് ചെയ്തപ്പോൾ കുറഞ്ഞ മണിക്കൂറുകൾക്കുള്ളിൽ തവക്കൽനായി ഇമ്യൂൺ സ്റ്റാറ്റസ് കാണിക്കുകയും ചെയ്ത അനുഭവവും ഉണ്ട്.

സൗദിയിൽ നിന്ന് ഒരു ഡോസ് വാക്സിൻ എടുക്കുകയും അവധിയിലെത്തി നാട്ടിൽ നിന്ന് സെക്കൻഡ് ഡോസ് സ്വീകരിച്ച ശേഷം സൗദി ആരോഗ്യ മന്ത്രാലയത്തിൻ്റെ സൈറ്റിൽ സൗദിയിലെ ഫസ്റ്റ് ഡോസ് സർട്ടിഫിക്കറ്റും നാട്ടിൽ നിന്നെടുത്ത അറ്റസ്ത് ചെയ്യാത്ത സെകൻഡ് ഡോസ് സർട്ടിഫിക്കറ്റും അപ് ലോഡ് ചെയ്തപ്പോൾ തവക്കൽനായിൽ ഫുൾ ഇമ്യൂൺ സ്റ്റാറ്റസ് ലഭിച്ച മറ്റൊരു കൂട്ടരും ഉണ്ട്.

ഇങ്ങനെ പല തരത്തിലുള്ള അനുഭവങ്ങൾക്കിടയിൽ എംബസി അറ്റസ്റ്റേഷൻ എന്ന കീറാമുട്ടി സൗദി പ്രവാസികളെ വലിയ സമ്മർദ്ദത്തിലാക്കിയിരിക്കുകയാണെന്ന് പറയാതെ വയ്യ. അറ്റസ്റ്റ് ചെയ്യാതെ തന്നെ ഇമ്യൂൺ ആയവരുള്ളപ്പോൾ വെറുതെ എന്തിനു അറ്റസ്റ്റേഷനായി 6000 ത്തിലധികം രൂപ മുടക്കണം എന്ന ചിന്തയാണു ഭൂരിഭാഗം പേർക്കുമുള്ളത്.

അതേ സമയം പെട്ടെന്ന് സൗദിയിലെത്തേണ്ട പലരും ഏതായാലും ഒന്നര ലക്ഷത്തിലധികം രൂപ മുടക്കി പോകാനിരിക്കുന്ന സാഹചര്യത്തിൽ ആറായിരം കൂടി മുടക്കി അറ്റസ്റ്റേഷൻ പൂർത്തീകരിച്ച് ഇമ്യൂൺ സ്റ്റാറ്റസ് ആകുന്നുണ്ടോ എന്ന് പരീക്ഷിക്കാമെന്നും എന്നിട്ടും ഇമ്യൂൺ സ്റ്റാറ്റസ് കിട്ടിയില്ലെങ്കിൽ ക്വാറൻ്റീൻ പാക്കേജിൽ പോകാമെന്നും തീരുമാനമെടുത്തിട്ടും ഉണ്ട്.

ഈ സന്ദർഭങ്ങളിലെല്ലാം ഇന്ത്യക്കാർക്ക് തുണയാകേണ്ട റിയാദ് ഇന്ത്യൻ എംബസി അധികൃതർ ഇത് വരെ വ്യക്തമായ ഒരു പ്രഖ്യാപനം ഇത് സംബന്ധിച്ച് ഔദ്യോഗികമായി അറിയിച്ചിട്ടില്ല എന്നതാാണു ഏറെ ഖേദകരം. സൗദി ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥരുമായി സംസാരിച്ചാൽ പരിഹരിക്കാവുന്ന ഈ പ്രതിസന്ധി പരിഹരിക്കുന്നതിനു റിയാദ് ഇന്ത്യൻ എംബസി ഉടൻ ഇടപെടണമെന്നാണു സൗദി പ്രവാസികൾക്ക് ഈ സന്ദർഭത്തിൽ ആവശ്യപ്പെടാനുള്ളത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്