നിലവിലെ സാഹചര്യത്തിൽ ഏതെല്ലാം രാജ്യങ്ങളിലൂടെ സൗദിയിലേക്ക് പ്രയാസമില്ലാതെ മടങ്ങാൻ സാധിക്കും ? എത്ര ചിലവ് വരും ?
ജിദ്ദ: നേരിട്ടുള്ള വിമാന സർവീസ് ഉടനൊന്നും പുനരാരംഭിക്കുമെന്ന പ്രതീക്ഷ ഇല്ലാത്തതിനാലും തൊഴിൽ നഷ്ട ഭീഷണിയും വിസാ കാലാവധികൾ തീരാനായതിലെ ആശങ്കയുമെല്ലാം പല പ്രവാസികളെയും പെട്ടെന്ന് സൗദിയിലേക്ക് മടങ്ങുന്നതിനു പ്രേരിപ്പിക്കുന്നുണ്ട്.
ഈ സാഹചര്യത്തിൽ 14 ദിവസം സുരക്ഷിതമായി തങ്ങി ഏത് രാജ്യങ്ങളിലൂടെ സൗദിയിലേക്ക് എത്താൻ കഴിയും എന്ന അന്വേഷണം നിരവധി പ്രവാസികൾ അറേബ്യൻ മലയാളിയോട് ദിവസവും നടത്തുന്നുണ്ട്. ഈ വിഷയത്തിൽ നടത്തിയ പരിമിതമായ അനേഷണത്തിനൊടുവിൽ അറേബ്യൻ മലയാളിക്ക് ലഭിച്ച വിവരങ്ങൾ ഇവിടെ പങ്ക് വെക്കുന്നു.
താൻസാനിയ: ഈസ്റ്റ് ആഫ്രിക്കൻ രാജ്യമായ താൻസാനിയ വഴി നിലവിൽ സൗദിയിലേക്ക് പറക്കാൻ സാധിക്കുമെന്നാണു അന്വേഷണത്തിൽ വ്യക്തമാകുന്നത്. സാധാരണ രീതിയിൽ പാക്കേജുകൾ ഒന്നര ലക്ഷം രൂപക്കും താഴെയായി ചെയ്യാൻ സാധിക്കുമെന്നാണു ഫ്രീലാൻസ് ട്രാവൽ കൺസൾട്ടൻ്റ് ആയ ട്രാൻസ് ഗോ ഷബീർ അറേബ്യൻ മലയാളിയെ അറിയിച്ചത്.
സെർബിയ: ഇന്ത്യക്കാർക്ക് ഓൺ അറൈവൽ വിസയുള്ള രാജ്യമാണു സെർബിയ. സെർബിയ വഴി ഇതിനകം പലരും സൗദിയിലെത്തിയിട്ടുണ്ട്. ടിക്കറ്റ് റേറ്റ് ഇടക്ക് കുത്തനെ ഉയർത്തുന്നത് വില്ലനാകാറുണ്ട്. സ്വന്തം നിലയിലും സെർബിയ വഴി സൗദിയിലേക്ക് പോയവർ ഉണ്ട്. നിരവധി ട്രാവൽ ഏജൻസികൾ പാക്കേജുകളും ഒരുക്കുന്നുണ്ട്. ടിക്കറ്റ് മിതമായ നിരക്കിൽ ലഭ്യമാണെങ്കിൽ ശരാശരി ഒന്നര ലക്ഷം രൂപയോളവും ടിക്കറ്റ് നിരക്ക് കൂടിയാൽ രണ്ട് ലക്ഷത്തിൽ താഴെയും ചിലവ് വരുമെന്നാണു മനസ്സിലാകുന്നത്.
റഷ്യ: റഷ്യ വഴിയും പല ട്രാവൽ ഏജൻസികളും പാക്കേജുകൾ ഒരുക്കുന്നുണ്ട്. പാക്കേജുകൾക്ക് ഒന്നര ലക്ഷത്തിനു പുറത്ത് വരുമെന്നാണു കരുതപ്പെടുന്നത്. സുരക്ഷിതമായ രാജ്യമെന്ന നിലയിൽ റഷ്യയെ തിരഞ്ഞെടുക്കാം. റഷ്യയിൽ നിന്ന് സൗദിയിലേക്ക് ഉള്ള വിമാന യാത്രാ നിരക്ക് അനുസരിച്ചായിരിക്കും ചിലവുകളിൽ ഏറ്റക്കുറച്ചിലുകൾ വരിക.
അർമേനിയ: അർമേനിയ വഴി നിരവധി പാക്കേജുകൾ പലരും നടത്തിയിട്ടുണ്ട്. കൂടുതലും ചാർട്ടേഡ് ആയിരുന്നു എന്നാണു അറിയാൻ സാധിച്ചത്. സൗദിയിൽ നിന്ന് അർമേനിയയിലേക്ക് പ്രവേശന വിലക്ക് ഉണ്ടെങ്കിലും അർമേനിയയിൽ നിന്ന് സൗദിയിലേക്ക് പ്രവേശിക്കാൻ നിലവിൽ വിലക്കില്ല. വിസ ഓൺലൈൻ ആയി ലഭിക്കും. പാക്കേജിനു ഒന്നര ലക്ഷം ശരാശരി നിരക്ക് വരും. ടിക്കറ്റ് ലഭ്യതക്കുറവിനനുസരിച്ച് നിരക്കിൽ മാറ്റം വരാം.
ഉസ്ബെകിസ്താൻ: നിലവിൽ ഉസ്ബെകിസ്ഥാാനിൽ കൊറോണ മൂലമുള്ള നിയന്ത്രണങ്ങൾ ശക്തമാണെങ്കിലും വിമാന സർവീസുകൾക്ക് ഇത് വരെ വിലക്ക് ഏർപ്പെടുത്തിയിട്ടില്ല. രണ്ട് ലക്ഷം ശരാശി ഈടാക്കി പലരും ചാർട്ടേഡ് ഫ്ളൈറ്റ് സർവീസ് നടത്തിയിരുന്നു. സ്വന്തം നിലയിൽ പോകുകയാണെങ്കിൽ നിരക്കുകൾ കുറഞ്ഞേക്കാം.
മാലിദ്വീപ്: ഈ മാസം 15 മുതൽ സൗത്ത് ഏഷ്യയിൽ നിന്നുള്ള ടൂറിസ്റ്റുകളെ സ്വീകരിക്കുമെന്ന് മാലിദ്വീപ് അറിയിച്ച് കഴിഞ്ഞു. അതേ സമയം സന്ദർശകർക്ക് അൾത്താമസമില്ലാത്ത ദ്വീപുകളിലെ റിസോർട്ടുകളിലായിരിക്കും താമസ സൗകര്യം ഒരുക്കുക എന്നത് അല്പം ചിലവ് കൂടാൻ കാരണമായേക്കാം.
ഖത്തർ: ഈ മാസം 12 മുതൽ വാക്സിനെടുത്ത വിദേശികൾക്ക് ഖത്തറിലേക്ക് ടൂറിസ്റ്റ് വിസയിൽ സന്ദർശനം സാധ്യമാകുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീനും ഉണ്ടാകില്ല എന്നതിനാൽ പ്രവാസികൾക്ക് ഖത്തർ വഴിയും സൗദിയിലേക്കുള്ള യാത്ര എളുപ്പമായേക്കും. ടിക്കറ്റ് നിരക്ക് ബഹ്രൈനിലേക്ക് ഉയർന്നത് പോലെ കുത്തനെ ഉയർന്നില്ലെങ്കിൽ നിലവിൽ ഏറ്റവും ചുരുങ്ങിയ രീതിയിൽ സൗദിയിലെത്താനുള്ള അനുയോജ്യമായ വഴിയായിരിക്കും ഖത്തർ.
സ്വന്തം നിലയിൽ പോകാൻ സാധിക്കുമെങ്കിൽ പല രാജ്യങ്ങൾ വഴിയും ചെലവ് ചുരുക്കി പോകാൻ സാധിക്കുമെന്നാണു അറേബ്യൻ മലയാളിക്ക് മുകളിൽ പറഞ്ഞ വിവരങ്ങൾ കൈമാറിയ ട്രാൻസ് ഗോ ഷബീർ അഭിപ്രായപ്പെട്ടത്. അതേ സമയം ഏത് ടിക്കറ്റ് എടുക്കുന്ന സമയവും ട്രാവൽ ഏജൻസികൾ വഴി റീഫണ്ടബിൾ ടിക്കറ്റ് എടുക്കുന്നതാകും നല്ലത് എന്നും ഷബീർ ഓർമ്മപ്പെടുത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa